ഓട്ടത്തിൽ ഡ്രൈവർ മയങ്ങി ; എരുമേലിയിൽ കടകളിലേക്ക് തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ചു കയറി അപകടം.
എരുമേലി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ടൗൺ റോഡിൽ രാത്രിയിൽ രണ്ട് കടകളിലേക്ക് പാഞ്ഞു കയറി അപകടം. എരുമേലി സെന്റ് തോമസ് സ്കൂൾ ജങ്ഷനിൽ ഫെഡറൽ ബാങ്ക് എടിഎമ്മിന്റെ സമീപത്തെ കടകളിലേക്ക് ആണ് കാർ ഇടിച്ചു കയറിയത്. കട ഉടമ എരുമേലി ആമക്കുന്ന് സ്വദേശി റബീസ് അദ്‌ഭുതകരമായി രക്ഷപെട്ടു. കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
ഞായറാഴ്ച അർദ്ധ രാത്രിയിൽ ആണ് സംഭവം. ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങിയതാണ് അപകടമായത്. കടയിൽ ഇരുന്ന റബീസ് കടയ്ക്കുള്ളിൽ സാധനം എടുക്കാൻ നീങ്ങിയപ്പോൾ റബീസ് ഇരുന്ന ഭാഗത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അൽപ്പം മുമ്പ് എണീറ്റ് മാറിയതാണ് റബീസിന് രക്ഷയായത്. തൊട്ടടുത്ത പഴക്കടയും റബീസിന്റെ കടയും അപകടത്തിൽ തകർന്നു.