ഇനി ജയിലിലേക്ക് .. നേരിട്ട് കോടതിയിൽ എത്തി കീഴടങ്ങിയ പി.സി.ജോർജ് 14 ദിവസത്തേക്ക് റിമാൻഡിൽ.. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ..
മതവിദ്വേഷ പരാമർശത്തിൽ കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പി.സി.ജോർജിനെ 14 ദിവസത്തക്ക് റിമാൻഡ് ചെയ്യുവാൻ ഉത്തരവായി. പോലീസിന്റെ കണ്ണുവെട്ടിച്ച് ഈരാറ്റുപേട്ട കോടതിയിലാണ് രാവിലെ പി.സി.ജോർജ് എത്തി കീഴടങ്ങിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. നിരവധി ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
കോടതിൽ നേരിട്ട് എത്തി കീഴടങ്ങിയ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേക്ക് ജോർജിനെ റിമാൻഡ് ചെയ്യുവാൻ ഉത്തരവായി .ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ..
കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി ജോർജ് കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നാലെ ജോർജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണു ജാമ്യാപേക്ഷ തള്ളിയത്.
ജോർജിന്റെ കേസ് ഉച്ചയ്ക്കു കോടതി പരിഗണിച്ചപ്പോൾ, ഇദ്ദേഹത്തിനെതിരെ നേരത്തേ റജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ജോർജിന്റെ വീട്ടിൽ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. പൊലീസ് നോട്ടിസ് നൽകിയതിനെ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദേഷ്വ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോർജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു .