KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദുരന്തങ്ങൾക്ക് മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന രതീഷിന്റെ കുടുംബത്തിന് സ്വാന്തനമേകുവാൻ ബസുകളുടെ സ്‌നേഹയാത്ര

പൊൻകുന്നം : വിധിയുടെ മുൻപിൽ പതറിപ്പോയ കുടുംബത്തിന് സഹായമൊരുക്കാൻ സ്‌നേഹയാത്രയുമായി ബസ് ഉടമകളും ജീവനക്കാരും. ബസ് ജീവനക്കാരനായിരുന്ന നിര്യാതനായ രതീഷിന്റെ കുടുംബത്തിനെ സഹായിക്കാനാണ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ ബസ് ഉടമകളും ജീവനക്കാരും തങ്ങളുടെ ബസുകളിലെ ഒരുദിവസത്തെ വരുമാനം വിനിയോഗിക്കുന്നത്. ഇതിനായി ബസുകളിൽ ബക്കറ്റ് പിരിവിലൂടെ യാത്രക്കാരുടെ സഹായം സ്വരൂപിക്കും.

പൊൻകുന്നം-മണ്ണടിശ്ശാല റൂട്ടിലോടുന്ന സെയ്ന്റ് ആന്റണീസ് ബസിൽ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയിൽ രതീഷ്(42) ക്യാൻസർ ബാധിതനായിരിക്കെ എലിപ്പനി കൂടി ബാധിച്ച് ജനുവരി 18-നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരു വർഷം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ചതാണ്. സഹോദരനും ക്യാൻസർ മൂലം മരിച്ചു. രതീഷിന്റെ മൂന്നുമക്കളിൽ മൂത്തയാളും ഇതേ രോഗത്താൽ മരിച്ചു.

രണ്ടാമത്തെ മകൻ അപ്പൻഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇളയ മകൾക്ക് കരളിൽ അർബുദ ബാധയെത്തുടർന്ന് അമ്മയുടെ കരൾ നൽകി ചികിത്സ തുടരുകയാണ്. ഇങ്ങനെ എണ്ണിത്തീരാത്ത ദുരിതങ്ങളിലൂടെയാണ് ഈ കുടുംബത്തിന്റെ യാത്ര. ഇതിന് ആശ്വാസം പകരാനുള്ള ശ്രമമാണ് ബസ് ഉടമകളും ജീവനക്കാരും നടത്തുന്നത്. തങ്ങളുടെ ഒരുദിവസത്തെ വരുമാനം രതീഷ് കുടുംബസഹായനിധിയായി നൽകുന്നത് കൂടാതെ യാത്രക്കാരിൽ നിന്ന് കിട്ടുന്ന തുകയും നൽകും. രതീഷിന്റെ കുടുംബത്തെ സഹായിക്കാൻ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ കവലയിലെ എസ്.ബി.ഐ.ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-42296642084, ഐ.എഫ്.എസ്.സി.കോഡ്-എസ്.ബി.ഐ.എൻ.0010696. ഗൂഗിൾപേ-8606161140.

error: Content is protected !!