Latest News : കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ ..
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …


മുസ്ലിം ലീഗിന് സിപിഐ പിന്തുണ നൽകി ; മണിമല പഞ്ചായത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ അട്ടിമറിച്ച് യുഡിഎഫിന് വിജയം
മണിമല : എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ സുനി വർഗീസിനെ പുറത്താക്കി. ഈ ഒഴിവിൽ യുഡിഎഫിലെ മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പി. എസ്. ജമീല വിജയിച്ചു.
തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് സിപിഐ പി ന്തുണ നൽകിയ തോടെ മണിമല യിലെ എൽഡിഎഫിൽ ഭിന്നത രൂക്ഷമായി. എൽഡിഎഫിൽ മുന്നണി ധാരണ ലംഘിച്ചു എന്ന് ആരോപിച്ചാണ് സിപിഐ അവിശ്വാസം കൊണ്ടുവന്നത്. ഈ വാദം തെറ്റാണെന്നും സുനി വർഗീസിനോട് മുന്നണി നേതാക്കളോ പാർട്ടി നേതാക്കളോ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മുന്നണിധാരണ പ്രകാരം അഞ്ചു വർഷം ഈ പദവി തങ്ങൾക്കുള്ളതായിരുന്നു എന്നും കേരള കോൺഗ്രസ് (എം) നേതാക്കൾ പറഞ്ഞു.
സിപിഐ അംഗം പി.ടി. ഇന്ദു, കേരള കോൺഗ്രസ് (എം) അംഗം സുനി വർഗീസ് എന്നിവർ ആയിരുന്നു മറ്റു സ്ഥാനാർഥികൾ. ലീഗിനു വോട്ടു നൽകിയ സിപിഐക്കെതിരെ മുന്നണിതലത്തിൽ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നിർമ്മിച്ച ഹ്രസ്വചിത്രം “കർമ്മ” ശ്രദ്ധേയമായി.
കാഞ്ഞിരപ്പള്ളി : മാലിന്യപ്രശ്നങ്ങളെ അടിസ്ഥാനമാക്കി കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ഹ്രസ്വചിത്രം “കർമ” ഏറെ പ്രശംസ പിടിച്ചുപറ്റി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വിഇഒ എം.ജയസുര്യനാണ്.
ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, പാറത്തോട് പഞ്ചായത്തംഗം സിന്ധു മോഹൻ എന്നിവർക്കൊപ്പം ഷിനു ഷാലു, ശിൽപ എസ്.നായർ, മൈക്ക സ്കൂൾ പ്രധാനാധ്യാപിക പി.എ.ലൈല, മാർഗരറ്റ് തോമസ്, ഷസ്ല ഷിനു, പി.എ സ്.ഹാരിസ്, നൗബി ബഷീർ എന്നിവരും ചിത്രത്തിൽ അഭിനേതാക്കളായി.
ക്യാമറ- അസ്റുദ്ദീൻ റഷീദ്, പശ്ചാത്തലസംഗീതം- സാം സൈമൺ, എഡിറ്റിങ് – അജ്മൽ സിനാജ്, പ്രോജക്ട് ഡിസൈൻ-അബിൻ ഷാ എന്നിവരാണു നിർവഹിച്ചത്. മാലിന്യസംസ്കരണം-ബഹുജന വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായാണു പഞ്ചായത്ത് ഹ്രസ്വ ചിത്രം നിർമിച്ചത്.
എൻ .ജയരാജ് എംഎൽഎ ചിത്രം പുറത്തിറക്കി.
പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :https://kanjirappallynews.com/?p=24393

വനിതാദിനത്തിൽ വനിതകൾക്ക് സിനിമാ പ്രദർശനം ഒരുക്കി ചിറക്കടവ് പഞ്ചായത്ത്.
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വനിതദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വനിതകൾക്ക് സെക്കന്റ് ഷോ കാണാൻ അവസരമൊരുക്കി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ ഐ.സി.ഡി.എസ്,കുടുംബശ്രീ മുഖേനയാണ് വനിതകൾക്കായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 50 പേരടങ്ങുന്ന വനിതാസംഘമാണ് തിയേറ്ററിലെത്തി സിനിമ കണ്ട ആസ്വദിച്ചത്.
ആദ്യമായി തീയേറ്ററിൽ എത്തി സിനിമ കാണുന്നവർ ഉൾപ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. ചിലരൊക്കെയാകട്ടെ ചെറുപ്പകാലത്തു തീയേറ്ററിൽ പോയവരും ചിലർ വർഷങ്ങൾക്ക് ശേഷം തീയേറ്ററിൽ എത്തിയവരും ആയിരുന്നു. അതുകൊണ്ട് ഇത്തരമൊരു അനുഭവം വലിയ സന്തോഷം നൽകിയതായും ഇവർ പറയുന്നു.
പഞ്ചായത്ത് പൊൻകുന്നം ഫോക്കസ് സിനിമാസുമായി സഹകരിച്ചായിരുന്നു ഇവർക്കുള്ള സൗജന്യ പ്രദർശനം ഒരുക്കിയത്.തീയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുഇടങ്ങൾ സ്ത്രീകൾക്കു കൂടി ഉള്ളതാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ലീന കൃഷ്ണകുമാർ, അമ്പിളി ശിവദാസ് ,സി.ഡി.പി.ഒ ബിന്ദു അശോക്, ഐ.സി.ഡി.എസ് സൂപ്രവൈസർ കെ.എസ്.അശ്വതി എന്നിവർ നേതൃത്വം നൽകി.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://kanjirappallynews.com/?p=24403

പാലൂർക്കാവിൽ അജ്ഞാതജീവിയുടെ ആക്രമണം ; പുലിയെന്ന് സംശയം
മുണ്ടക്കയം ഈസ്റ്റ് : പാലൂർക്കാവിൽ അജ്ഞാതജീവിയുടെ കടിയേറ്റ് നായയുടെ കഴുത്തിന് പരുക്കേറ്റു. ആക്രമണരീതികൾ പുലിയുടേതെന്ന് വനം വകുപ്പ് സംശയിക്കുന്നു . പാലൂർക്കാവ് കവലയിലെ പള്ളി, സ്കൂൾ എന്നിവയുടെ മുകളിൽ 200 മീറ്റർ മാത്രം അകലെയാണു പുലി എത്തിയത്. ഇതോടെ നാടാകെ ഭീതിയിലായി. മുൻപ് വളർത്തുനായ്ക്കളെ ഉൾപ്പെടെ കാണാതായ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും പുലിയാകും എന്ന സൂചന നാട്ടു കാർക്ക് ഇല്ലായിരുന്നു.
കുറച്ചു നാൾ മുൻപ് ടിആർ ആൻഡ് ടി എസ്റ്റേറ്റ് അതിർത്തി പങ്കിടുന്ന തെക്കേമലയിൽ പുലിയുണ്ടെന്നു കണ്ടെത്തിയിരുന്ന പാലൂർക്കാവിനു മുകൾഭാഗം വനപ്രദേശങ്ങൾ ആയതിനാൽ വന്യമൃഗങ്ങളുടെ ശല്യം വീണ്ട ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ വീടിനു പുറത്തേക്കിറങ്ങിയ ഡാഷ് ഇനത്തിലുള്ള ‘ജൂഡി’ എന്ന വളർത്തുനായയുടെ പതിവില്ലാ ത്ത കരച്ചിൽ കേട്ട് വീട്ടമ്മ ബിൻസി ഓടിയെത്തിയപ്പോൾ കണ്ടത് നായയെ കടിച്ചുവലിച്ചുകൊണ്ട് ഒരു ജീവി ഓടുന്നതാണ്.
ബഹളം വച്ചു പിന്നാലെ ഇവർ ഓടിയതോടെ നായയെ ഉപേക്ഷിച്ച് ജീവി ദുരത്തേക്ക് ഓടി മറഞ്ഞു. സംഭവം നടക്കുമ്പോൾ ഊട്ടുകളത്തിൽ വീട്ടിൽ ഉണ്ടായിരുന്നതു ബിൻസിയും മക്കളായ ഡോൺ, ജിയന്ന, ഡയൻ എന്നി വരും മാത്രം.
കഴുത്തിന് ആഴത്തിൽ പരുക്കേറ്റ നായയെ വീട്ടിൽ എത്തിച്ച് മുറിവുകളിൽ മഞ്ഞൾ തേച്ചു. പഞ്ചായത്ത് അംഗത്തെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. രാത്രി 11 മണിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ കാൽപാടുകളും ആക്രമണത്തിന്റെ ലക്ഷണങ്ങളും കണ്ട് പുലിയാണെന്നു സൂചന നൽകി. ഇന്നലെ രാവിലെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് 2 മുറിവുകളിൽ തുന്നലിട്ടതോടെ നായ സുഖം പ്രാപിച്ചുവരുന്നു.

മുണ്ടക്കയത്ത് വീടുകളിൽ സൗജന്യമായി ജി.ബിൻ വിതരണം
മുണ്ടക്കയം :മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ സജീവമാക്കി, മുണ്ടക്കയത്തെ പൂർണമായും ക്ലീൻ സിറ്റി ആക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഗ്രാമസഭ വഴി അപേക്ഷ നൽകിയവർക്ക് സൗജന്യമായി അടുക്കള മാലിന്യം വളമാക്കുന്ന ജി.ബിൻ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. വി അനിൽകുമാർ, ഷിജി ഷാജി,സുലോചന സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ജോമി തോമസ്, ലിസി ജിജി, ഷീബ ദിബയിൽ, ജിനീഷ് മുഹമ്മദ്, ബെന്നി ചേറ്റുകുഴി, ജാൻസി തൊട്ടിപ്പാട്ട്, ഫൈസൽമോൻ, സിനിമോൾ, പ്രസന്ന ഷിബു, ദിലീഷ് ദിവാകരൻ, കെ എൻ സോമരാജൻ, ബിൻസി മാനുവൽ, റയ്ച്ചൽ കെ.റ്റി, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, വി. ഇ ‘ ഒ മാരായ ഫാത്തിമ,അഞ്ചു എന്നിവർ പ്രസംഗിച്ചു. .

പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ നടപടി
കാഞ്ഞിരപ്പളളി ആനക്കല്ല് നരിവേലി- വട്ടക്കുന്ന് – നായ്പുരയിടം – മടുക്കക്കുഴി റോഡിനു മുകൾ വശത്ത് വോൾട്ടേജ് ക്ഷാമം പരി ഹരിക്കുന്നതിനു പഞ്ചായത്തു കിണറിനു സമീപം പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ജിജിമോൾ ഫിലിപ്പ് എന്നിവർ അറിയിച്ചു.

ലേഡീസ് ക്ലബ് വാർഷികം
വാഴൂർ : ആനിക്കാട് ഡോ. മിനീസ് ലേഡീസ് ക്ലബ്ബിന്റെ വാർഷികവും വനിതാദിനാഘോഷവും ഇന്ന് 10.30നു വാഴൂർ 19-ാം മൈൽ ഏയ്ഞ്ചൽസ് വില്ലേജിൽ നടത്തും. ഏയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി വടക്കേൽ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഡോ. ഭാനു അശോക് അധ്യക്ഷത വഹിക്കും. ഡോ. ജെ.പ്രമീളാദേവി പ്രഭാഷണവും അവാർഡ് വിതരണവും നടത്തും.

മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധച്ചു
മുണ്ടക്കയം ആശാ വർക്കർമാരുടെ അവകാശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധച്ചു. മണ്ഡലം പ്രസിഡന്റ് രജനി ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. റോസമ്മ ജോൺ, ജാൻസി തൊട്ടിപ്പാട്ട്, സിനിമോൾ തടത്തിൽ, മറിയാമ്മ ആന്റണി, ഓമന രാജേന്ദ്രൻ, ഡൈസമ്മ തോമസ്, പി. കെ.മാരിയത്ത്, സിനി തോമസ്, റെനിമോൾ ജോസഫ്, സാറാമ്മ ഏബ്രഹാം, ഷൈനി സാബു എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ വനിതാദിനാചരണം
മുണ്ടക്കയം : വിജയപുരം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സെന്റ് മേരീസ് പള്ളിയിൽ വനിതദിനാചരണം നടത്തും. രാവി ലെ 9നു സിഎസ്ഐ പാരിഷ് ഹാളിന് സമീപത്തു നിന്നു വനിതകൾ അണിനിരക്കുന്ന റാലി ആരംഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വിജയപുരം രൂപത സഹായ മെത്രാൻ റവ.ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ അധ്യക്ഷത വഹിക്കും. ഡോ. ആര്യ ജോയി തേക്കനാംകുന്നേൽ യോഗം ഉദ്ഘാടനം ചെയ്യും. സെമിനാറിനു സിസ്റ്റർ ജിജി പുല്ലത്തിൽ നേതൃത്വം നൽകും. ഫാ.വർഗീസ് ആലുങ്കൽ, ഫാ.ടോം ജോസ്, ഫാ .സേവ്യർ മാമുട്ടിൽ, ഷിബു ജോസഫ്, മറിയാമ്മ മാമച്ചൻ, സിസ്റ്റർ ഇവറ്റ്, റെജി ചാക്കോ, ഷൈലജ, മിനിമോൾ ജോസഫ്, ശ്രീജ, സുസമ്മ വർഗീസ്, ഷിബു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

പമ്പാവാലി, എയ്ഞ്ചൽവാലി വനമേഖലാ പ്രതിസന്ധി പരിഹരിക്കും: മന്ത്രി ശശീന്ദ്രൻ
പമ്പാവാലി, എയ്ഞ്ചൽവാലി വനമേഖലാ പ്രതിസന്ധിക്ക് അടുത്ത 12നു നടക്കുന്ന കേന്ദ്ര വന്യ ജീവി ബോർഡിൽ പരിഹാരമാകുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നതിനു വേണ്ടി മുഖ്യ വനപാലകൻ പ്രമോദ് ജി.കൃഷ്ണനും വന്യജീവി വിഭാഗം ഫീൽഡ് ഡയറക്ടർ ആൻഡ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി.പ്രമോദും പങ്കെ ടുക്കുന്നുണ്ട്. ഈ പ്രശ്നം ആശങ്കയോടെ കണ്ട ജനങ്ങളുടെ ഉള്ളിൽ തീ പകരാൻ ചില ബോധപൂർവമായ ശ്രമങ്ങളാണ് ഉണ്ടായത്.
എന്നാൽ സംസ്ഥാന സർക്കാർ നിയമപരമായ നടപടികളിലൂടെയാണു പ്രതിസന്ധിക്കു പരിഹാരം കണ്ടതെന്നും മന്ത്രി പറഞ്ഞു.


















