മലയോര മേഖലയിലെ ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഡയാലിസിസ് സെന്റർ.

മുണ്ടക്കയം: ലോകവ്യാപകമായി കിഡ്നി രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ ഭാഗമായി, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് (MMT) ഹോസ്പിറ്റലിലെ ഡയാലിസിസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടന്നു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ K M മാത്യു ഉദ്‌ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ആശുപത്രി ഡയറക്ടർ റവ.ഫാദർ സോജി കന്നാലിൽ അദ്ധ്യക്ഷത വഹിച്ചു. നെഫ്രോളജി വിഭാഗം ഡോക്ടർ രാമകൃഷ്ണൻ R ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.

ഡയാലിസിസ് യൂണിറ്റിന്റെ വളർച്ച – കണക്കുകൾ പറയുന്നു :
2020 ജൂൺ 8ന് മൂന്ന് ഡയാലിസിസ് മിഷനുകളും പത്തിൽ താഴെ രോഗികളുമായി ആരംഭിച്ച യൂണിറ്റ്, കുറഞ്ഞ കാലംകൊണ്ടു വളർച്ച കൈവരിച്ചു. ഇന്ന് 11 ഡയാലിസിസ് മിഷനുകൾ സജ്ജീകരിച്ചിരിക്കുന്നതിനൊപ്പം, 64 രോഗികൾക്ക് സ്ഥിരമായി ചികിത്സ ലഭ്യമാക്കുന്ന നിലയിലേക്ക് യൂണിറ്റ് വളർന്നു.ഇതുവരെ 28,000-ത്തിലധികം ഡയാലിസിസ് പ്രക്രിയകൾ ഈ യൂണിറ്റിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വേഗതയേറിയ വളർച്ച, നമ്മുടെ സമൂഹത്തിൽ വൃക്കരോഗം ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരിക്കുന്നതിന്റെ സൂചനയാണെന്ന് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വൃക്കരോഗികൾ നേരിടുന്ന വെല്ലുവിളികളും, എം.എം.ടി ഹോസ്പിറ്റലിന്റെ പ്രതിബദ്ധതയും

വൃക്കരോഗികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം, സാമ്പത്തിക ഭാരവും വൻ പ്രശ്നമായി മാറിയിരിക്കുന്നു. ഒരാൾക്ക് ഡയാലിസിസ് തുടർച്ചയായി ആവശ്യമുണ്ടായാൽ, അത് ഒരു കുടുംബത്തിന്റെ മുഴുവൻ വരുമാനത്തെയും ബാധിച്ചേക്കാം. ഈ വസ്തുത മനസ്സിലാക്കിയ എം.എം.ടി ഹോസ്പിറ്റൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന ഒരു മാതൃകാ പദ്ധതിയാണ് നടപ്പിലാക്കിയിട്ടുണ്ട്.

മറ്റു ചികിത്സാ സഹായങ്ങൾക്കും മരുന്നുകൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളും ഈ ആശുപത്രിയിൽ നിലവിലുണ്ട്. ഈ സംരംഭങ്ങൾ ദിനംപ്രതി ഡയാലിസിസ് ആവശ്യമായ നിരവധി രോഗികൾക്ക് പുതിയ ജീവിതവും പ്രതീക്ഷകളും നൽകുന്നു.
രോഗികളുടെ ശാരീരിക ചികിത്സയ്ക്കുപുറമെ അവരുടെ മാനസികാരോഗ്യത്തിലും ഹോസ്പിറ്റൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഡയാലിസിസ് സെന്ററിലെ രോഗികൾക്ക് മാനസിക ആശ്വാസം നൽകുന്നതിന് കൗൺസിലിംഗ് സെക്ഷനുകളും നൽകി വരുന്നു.
വൃക്കരോഗം എന്നത് ജീവിതം അവസാനിപ്പിക്കുന്ന ഒന്നല്ല, മറിച്ച് ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന ഒന്നാണെന്ന സന്ദേശം എല്ലായിടത്തും എത്തിക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യം.

ബോധവൽക്കരണം – പ്രധാന ഉദ്ദേശങ്ങൾ.
വൃക്കരോഗങ്ങളെ കുറിച്ച് ജനങ്ങളിൽ കൂടുതൽ ബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എം.എം.ടി ഹോസ്പിറ്റൽ വിവിധ ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയും, ശരിയായ ഭക്ഷണ രീതികളും, വൃക്കരോഗങ്ങളുടെ പ്രാഥമിക ലക്ഷണങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ കൂടുതൽ അറിയിക്കാൻ ആശുപത്രി തുടർച്ചയായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.

MMT ആശുപത്രിയുടെ ദൗത്യവും ഭാവി പദ്ധതികളും
എം.എം.ടി ഹോസ്പിറ്റൽ ഭാവിയിൽ ഡയാലിസിസ് സെന്ററിന്റെ സേവനം കൂടുതൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഇപ്പോഴുള്ള സെൻററിൽ കൂടുതൽ മിഷനുകൾ ഉൾപ്പെടുത്തുന്നതോടൊപ്പം, രോഗികൾക്ക് മികച്ച സേവനം നൽകാൻ പുതുതായി അത്യാധുനിക ഉപകരണങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.

ആരോഗ്യരംഗത്ത് ആതുരശുശ്രൂഷയുടെ മികച്ച ഉദാഹരണമായി മാറിയ എം.എം.ടി ഹോസ്പിറ്റൽ, ഭാവിയിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വൃക്കരോഗികൾക്ക് സഹായം നൽകാനായി പ്രവർത്തിക്കുമെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

error: Content is protected !!