മധുരക്കിഴങ്ങിലെ മരുന്നുകിഴങ്ങുമായി സെന്റ് ഡോമിനിക്സ് കോളജ്..
കാഞ്ഞിരപ്പള്ളി: പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് രുചിയിൽ മാത്രമല്ല ഔഷധഗുണത്തിലും കേമമാണെന്ന ഗവേഷണഫലം അവതരിപ്പിക്കുകയാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് സസ്യശാസ്ത്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളായ നജയും പാർവതിയും. കേരളത്തിൽ അപരിചിതമായ ഈ മധുരക്കിഴങ്ങിനത്തെ തിരിച്ചറിയാൻ സഹായിക്കുന്നത് അതിന്റെ പർപ്പിൾ നിറത്തിലുള്ള പുറംതൊലിയും കിഴങ്ങ് മുറിക്കുമ്പോൾ ഉള്ളിലാകെയുള്ള പർപ്പിൾ നിറവുമാണ്. കാൻസർ പ്രതിരോധശേഷി, ശരീരത്തിലെ നീര് വലിച്ചു കളയാനുള്ള ശേഷി, ബാക്ടീരിയ നിവാരണക്ഷമത ഇതര ഔഷധഗുണങ്ങൾ എന്നിവയുള്ള ഈ പ്രത്യേകയിനം മധുരക്കിഴങ്ങ് പ്രമേഹ രോഗികൾക്കും ഭക്ഷിക്കാവുന്ന ഒട്ടേറെ രുചികരമായ വിഭവങ്ങൾ നിർമ്മിക്കാനും ഉത്തമമാണെന്ന് ശാസ്ത്രീയ ഗവേഷണത്തിലൂടെ ഇവർ കണ്ടെത്തിയിട്ടുണ്ട്.
മധുരക്കിഴങ്ങു വർഗ്ഗങ്ങളെക്കുറിച്ചുള്ള വായനയ്ക്കിടയിലാണ് പർപ്പിൾ നിറത്തിലുള്ള പ്രത്യേക ഇനത്തെ കുറിച്ചുള്ള ചില വിദേശ ലേഖനങ്ങൾ നജയും പാർവതിയും ശ്രദ്ധിക്കുന്നത്. ആ ലേഖനങ്ങളിൽ പർപ്പിൾ മധുരക്കിഴങ്ങിന് കാൻസർ പ്രതിരോധ, പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്ന പരാമർശം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ശാസ്ത്രീയ പഠനങ്ങൾ എവിടെയും നടന്നിട്ടുണ്ടായിരുന്നില്ല. മാത്രമല്ല ഈ മധുരക്കിഴങ്ങിനമോ അതിന്റെ ഗുണങ്ങളോ നമ്മുടെ നാട്ടിൽ വളരെ അപരിചിതവുമായിരുന്നു. വിഷയം ശാസ്ത്രീയമായി പഠിക്കാനും പ്രയോഗതലത്തിൽ പർപ്പിൾ മധുരക്കിഴങ്ങിൻ്റെ ഉപയോഗം കണ്ടെത്താനും കുട്ടികൾ തീരുമാനിച്ചപ്പോൾ പിന്തുണ നൽകിയത് കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപികയും പ്രശസ്ത ഗവേഷകയുമായ ഡോ. സ്മിത ആർ. ബി. ആയിരുന്നു.
രണ്ടു വർഷത്തോളം നീണ്ട പഠനത്തിൻറെ ഭാഗമായി അമേരിക്കയിൽ കൂടുതലായി കാണപ്പെടുന്ന പർപ്പിൾ മധുരക്കിഴങ്ങ് അമൽ ജോതി എൻജിനീയറിങ്ങ് കോളേജിലെ അധ്യാപകനും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഗിന്നസ് അഭീഷ് പി. ഡൊമിനിക് തന്റെ വീട്ടുപയോഗത്തിന് വേണ്ടി മാത്രം നട്ടുപിടിപ്പിച്ചതിൽ നിന്നും ലഭിച്ചത് കോളേജിൽ വിളയിച്ചെടുക്കുകയും വിവിധ ശാസ്ത്രീയ പരിശോധനകൾ നടത്തുകയും ചെയ്തു. ഇൻവിട്രോ സൈറ്റോ ടോക്സിസിറ്റി സ്റ്റടീസ്, ആന്റി ഡയബെറ്റിക് സ്റ്റടീസ്, ആന്റി ഇൻഫ്ലമേറ്ററി സ്റ്റടീസ്, ആന്റ്റി ബാക്ടീരിയൽ സ്റ്റടീസ്, ഫാർമകോളജിക്കൽ സ്റ്റടീസ്, ഫൈറ്റോക്കെമിക്കൽ സ്റ്റടീസ് എന്നീ പരീക്ഷണങ്ങളും പഠനങ്ങളുമാണ് നടത്തിയത്. ഗവേഷണ ഫലങ്ങൾ മേൽപ്പറഞ്ഞ ഗുണങ്ങളും ഇതര ഗുണങ്ങളും ഈ കിഴങ്ങു വർഗ്ഗത്തിനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. ശാസ്ത്രീയ തെളിവുകളോടെ തയ്യാറാക്കിയ ഗവേഷണലേഖനം ഇൻ്റർനാഷണൽ ജേണൽ ഓഫ് നോവൽ റിസർച്ച് ആൻറ് ഡെവലപ്മെൻ്റ് (IJNRD) എന്ന പ്രശസ്ത ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂരിലെ അമല കാൻസർ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആണ് ആന്റി കാൻസർ ആക്ടിവിറ്റി പഠനം നടത്തിയത്. ആന്റി ബാക്ടീരിയൽ, ഫൈറ്റോക്കെമിക്കൽ പഠനങ്ങൾക്കുള്ള സൗകര്യം കോളേജിലെ ഗവേഷണ ലബോറട്ടറിയിൽ ഉണ്ട്. തിരുവനന്തപുരത്തെ “ബയോ ടെക്നോളജി കമ്പനി” എന്ന ഗവേഷണ കേന്ദ്രത്തിലാണ് ആന്റി-കാൻസറസ്, ഫാർമക്കോളജി, ആന്റി -ഇൻഫ്ലമേറ്ററി ആന്റി-ഡയബറ്റിക് എന്നീ പരിശോധനകൾ നടത്തിയത്. ഈ പരീക്ഷണങ്ങളുടെയെല്ലാം ഫലങ്ങൾ അനുകൂലമാണെന്ന് കണ്ടതിനെ തുടർന്നാണ് ഗവേഷണപ്രബന്ധം തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.
പർപ്പിൾ മധുരക്കിഴങ്ങിന്റെ ഔഷധമൂല്യം ചോരാതെ ഏതാനും രുചികരമായ വിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയാണ് നിജയും പാർവതിയും. കേക്ക്, പോക്സൈഡ്, പുഡ്ഡിങ്, കുക്കീസ്, ക്രീം ബൺ, കേക്ക് സികൾ, എന്നിവയാണ് ഗവേഷകർ തയ്യാറാക്കിയത്. വിഭവങ്ങൾ നിർമ്മിക്കുന്ന മധുരക്കിഴങ്ങിൽ അടങ്ങിയ ആന്തോസയാനിൽ ശരീരത്തിലെ നീർവീക്കവും ചീത്ത കൊളസ്ട്രോളും കുറയ്ക്കുന്നു. രക്തധമനികളെ ദൃഢീകരിക്കാനും കൊഴുപ്പടിയുന്ന അവസ്ഥ തടയാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഗ്ലൈസീമിക് ഇൻഡക്‌സ് കുറഞ്ഞ വിഭവങ്ങളാകയാൽ മധുരമുള്ള ഈ പലഹാരങ്ങൾ പ്രമേഹരോഗികൾക്കും ഭക്ഷിക്കാം. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമായ നാരുകളും ഇതിലുണ്ട്. നാഡീ രോഗങ്ങളെ കുറക്കാൻ സഹായിക്കുന്ന ഘടകങ്ങളും വൈറ്റമിൻ ‘സി’യും ഇതിൽ സമൃദ്ധമാണ്.
ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമല്ലാത്ത പർപ്പിൾ മധുരക്കിഴങ്ങ് സമൃദ്ധമായി വിളയിച്ചെടുക്കാനും അതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ പരിചയപ്പെടുത്താനുമുള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ് ഗവേഷകർ. കോളജിൽ പർപ്പിൾ മധുരക്കിഴങ്ങ് വിളയിച്ചെടുത്ത് സമൂഹത്തിൽ അതു പ്രചരിപ്പിക്കുന്നതിന് പദ്ധതിയുണ്ടെന്ന് കോളജ് അധികാരികൾ പ്രസ്താവിച്ചു. ബോട്ടണി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പുഷ്പാലങ്കാര പ്രദർശനവും പർപ്പിൾ മധുരക്കിഴങ്ങ് വിഭവാവതരണവും കോളജിൽ നടന്നു.