മുണ്ടക്കയം ടൗണിൽ പുലിയെ കണ്ടതായി നാട്ടുകാർ.. പുലിയുടെ സാദൃശ്യമായ കാൽപ്പാടുകളും കണ്ടെത്തി.. വനം വകുപ്പ് പരിശോധന തുടരുന്നു ..
മുണ്ടക്കയം: പൈങ്ങണയിൽ ദേശീയപാതയോരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിലും പുലിയുടെ സാദൃശ്യമായ കാൽപ്പാടുകൾ കണ്ടെത്തി. കടുത്ത ആശങ്കയിൽ പ്രദേശവാസികൾ..
ശനിയാഴ്ച പുലർച്ചെ മുണ്ടക്കയം പൈങ്ങനായിൽ വൈ ഡബ്ലിയു സി എ സ്കൂളിന് സമീപമായാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയപ്പെടുന്നത്. ദേശീയപാത മുറിച്ച് കടന്നുപോകുന്ന പുലിയാണ് നാട്ടുകാർ കണ്ടത് . ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന്റെ ശബ്ദം കേട്ട് ഉണർന്നവരാണ് പുലി സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുൻപിലൂടെ കടന്നു പോകുന്നതായി കണ്ടത് .ഇവിടെ പുലിയുടെ സാദൃശ്യമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
നിരവധി റബ്ബർ തോട്ടങ്ങൾ ഉള്ളതിനാൽ പുലിയുടെ സാമീപ്യം തള്ളിക്കളയാൻ ആകില്ലെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് പാലൂർക്കാവിന് സമീപം പുലിയുടെ ആക്രമണത്തിൽ നായക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കൊടുകുത്തിക്ക് സമീപവും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജനമായ നിബിഡമായ മുണ്ടക്കയം ടൗണിനോട് ചേർന്ന് പുലിയെ കണ്ടതായി പറയപ്പെടുന്നത്.
വള്ളിപ്പുലിയോ സമാനമായ ജീവികളോ ആകാനാണ് സാധ്യത എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പോലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ മേഖലയിൽ തെറിച്ചിൽ തുടരുന്നു.