പൂഞ്ഞാർ നിയോജകമണ്ഡലം പട്ടയ അസംബ്ലി നടത്തി
മുണ്ടക്കയം : സംസ്ഥാനത്തെ മുഴുവൻ കൈവശഭൂമിക്കും പട്ടയം നൽകുക എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് രൂപീകരിച്ചിട്ടുള്ള പട്ടയ മിഷന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ച് മുഴുവൻ കൈവശ ഭൂമിക്കാർക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നതിന് പട്ടയ അസംബ്ലി വിളിച്ചേർത്തതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു
പട്ടയ അസംബ്ലിയിൽ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ അനുപമ, ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, മറിയാമ്മ സണ്ണി, ബിജോയി ജോസ്, സ്കറിയ പൊട്ടനാനി, ഗീത നോബിൾ, ജോർജ് മാത്യു മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, ഭൂരേഖ തഹസിൽദാർ സുനിൽകുമാർ, ഡെപ്യൂട്ടി തഹൽസിൽദാർ ജോജോ വി സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിലവിൽ എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽ വാലി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി നഗർ, ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമുഴി കടപ്ലാക്കൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ ഇതിനോടകം 2500 ലധികം പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. എരുമേലി വടക്ക്, തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിലായി പതിനായിരത്തോളം വരുന്ന ഹിൽമെൻ സെറ്റിൽമെന്റിൽ പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അനുവദിച്ച് പട്ടയ നടപടികൾ ത്വരിത ഗതിയിൽ നടന്നുവരികയാണ്. കൂടാതെ തീക്കോയി, പൂഞ്ഞാർ നടുഭാഗം തുടങ്ങിയ വില്ലേജുകളിലും നിരവധി പട്ടയ അപേക്ഷകൾ തീർപ്പു കൽപ്പിച്ച് പട്ടയം നൽകുന്നതിനായി നടപടിക്രമങ്ങൾ നടന്നു വരുന്നുണ്ട്. പട്ടയ അസംബ്ലിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളും, സമർപ്പിക്കപ്പെട്ട അപേക്ഷകളും പരിശോധിച്ച് സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി.