കാറ്റിലും മഴയിലും എരുമേലിയിൽ വ്യാപക നാശം : റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം ..
എരുമേലി : ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റും മഴയും എരുമേലി പഞ്ചായത്ത് പരിധിയിൽ വ്യാപകമായി നാശം സൃഷ്ടിച്ചു. ശബരിമല പാതയിലെ മുട്ടപ്പള്ളി കുട്ടപ്പായിപ്പടിയിൽ റോഡരികിലെ ഇല്ലിമരങ്ങളുടെ കൂട്ടം ഒന്നാകെ കാറ്റിൽ വൈദ്യുതി ലൈനുകളും പോസ്റ്റും തകർത്തു മറിഞ്ഞ് റോഡിന് കുറുകെ വീണു കിടന്നത് മൂലം മുക്കാൽ മണിക്കൂറോളം ഗതാഗതം മുടങ്ങി.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ആണ് ശക്തമായ കാറ്റ് വീശിയടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തി നാട്ടുകാരുമായി ചേർന്ന യന്ത്ര വാൾ കൊണ്ട് ഇല്ലിക്കൂട്ടം പൂർണമായി മുറിച്ചു മാറ്റിയ ശേഷം ആണ് ഗതാഗതം ആരംഭിച്ചത്. മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പണികൾ തുടരുകയാണ്.
എരുമേലി – കനകപ്പലം – കരിമ്പിൻതോട് ബൈപാസ് റോഡിൽ വായനശാല കെട്ടിടത്തിന് സമീപം റോഡിന് നടുവിൽ റബർ മരം വീണത് നാട്ടുകാർ ചേർന്ന് വെട്ടിമാറ്റി. മേഖലയിൽ മിക്കയിടത്തും വാഴ കൃഷി കാറ്റിൽ നശിച്ച നിലയിലാണ്. ഒട്ടേറെ പറമ്പുകളിൽ റബർ മരങ്ങൾ കട പുഴകിയിട്ടുണ്ട്. എരുമേലി – റാന്നി റോഡിലെ വനപാതയായ കരിമ്പിൻതോട് – മുക്കട റോഡിലും മരങ്ങൾ റോഡിൽ വീണിരുന്നു. മിക്കയിടത്തും മരച്ചില്ലകൾ കാറ്റിൽ അടർന്നു വീഴുകയായിരുന്നു.