വെച്ചൂച്ചിറ പഞ്ചായത്തിലെ ആശമാർക്ക് മാസം രണ്ടായിരം വീതം പഞ്ചായത്ത്‌ വക : മാതൃകയായി വെച്ചൂച്ചിറ പഞ്ചായത്ത്‌ ബജറ്റ്.

മുക്കൂട്ടുതറ : ആശാ വർക്കർമാരുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും അനുഭാവം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ
അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അതനുസരിച്ചു പ്രവർത്തിക്കുന്ന വെച്ചൂച്ചിറ പഞ്ചായത്ത്‌ മാതൃകയായി . പ്രതിമാസം രണ്ടായിരം രൂപ വീതം ആശമാർക്ക് നൽകുമെന്നാണ് ശനിയാഴ്ച പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോണറേറിയം സംബന്ധിച്ച് തലസ്ഥാനത്ത് ആശാ പ്രവർത്തകരുടെ സമരം സർക്കാരിന് തലവേദനയായിരിക്കെ വെച്ചൂച്ചിറ പഞ്ചായത്തിൽ അതിന് ആശ്വാസ പരിഹാരം ബജറ്റിൽ പ്രഖ്യാപിച്ചത് ശ്രദ്ധേയമാകുന്നു. ഉപദ്രവമുണ്ടാക്കുന്ന കാട്ടുപന്നിയെ കൊന്നാൽ ആയിരം രൂപയും കുഴിച്ചിടുന്നതിന് 500 രൂപയും കഴിഞ്ഞയിടെ പ്രഖ്യാപിച്ച് ശ്രദ്ധേയമായ പഞ്ചായത്ത്‌ ആണ് വെച്ചൂച്ചിറ. ഏറെ പിന്തുണ ലഭിച്ച ഈ പ്രഖ്യാപനത്തിന് പുറമെ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായ പ്രഖ്യാപനം. പ്രതിമാസം രണ്ടായിരം രൂപ വീതം ആശമാർക്ക് നൽകുമെന്നാണ് ശനിയാഴ്ച പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മൊത്തം 15 ആശാ പ്രവർത്തകരാണ് പഞ്ചായത്തിലുള്ളത്. നിലവിൽ ഇവർക്ക് ലഭിക്കുന്ന ഹോണറേറിയത്തിന് പുറമെ ആണ് രണ്ടായിരം രൂപ പഞ്ചായത്ത്‌ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു മാസം 15 പേർക്കായി മുപ്പതിനായിരം എന്ന കണക്കിൽ ഒരു വർഷത്തേക്ക് 360000 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ ജനറൽ പർപ്പസ് ഫണ്ടിൽ നിന്നാണ് ഇതിന് തുക വകയിരുത്തിയിട്ടുള്ളതെന്ന് പ്രസിഡന്റ് ടി കെ ജെയിംസ് പറഞ്ഞു. പഞ്ചായത്തിലെ ആശാവർക്കർമാർക്ക് പ്രതിമാസം 2000 രൂപ കൂടാതെ ഇൻഷുറൻസിനും യൂണിഫോമിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഹോണറേറിയത്തിൽ രണ്ടായിരം പ്രതിമാസം നൽകുന്നത് ഉൾപ്പടെ ആനുകൂല്യങ്ങൾക്കായി മൊത്തം അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. തുച്ഛമായി വേതനം പറ്റുന്ന ആശാവർക്കർമാർക്ക് ഇതൊരു ആശ്വാസം ആകുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ പറഞ്ഞു.

സുന്ദരകൗമാരം സുരക്ഷിത കൗമാരം എന്ന പ്രോജക്ട് മദ്യത്തിനും മയക്കുമരുന്നിനുമുള്ള പോരാട്ടമാക്കി ബജറ്റിൽ വിഹിതം വച്ചിട്ടുണ്ട്. കൃഷിക്കും മൃഗസംരക്ഷണത്തിനും ഒരു കോടി രൂപയും ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ആറ് കോടിയും സമ്പൂർണ്ണ ശുചിത്വത്തിനായും ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, കമ്മ്യൂണിറ്റി ഇൻസിനേറ്റർ എന്നിവയ്ക്ക് മൂന്ന് കോടിയും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ശിശുക്കൾ, വനിതാ ഘടക പദ്ധതി എന്നിവയ്ക്കായി 60 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. റോഡ് മെയിന്റനൻസ്, റോഡ് കോൺക്രീറ്റ് എന്നീ മേഖലയ്ക്കായി അഞ്ചു കോടി രൂപയും ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ആയുർവേദ ആശുപത്രി നിർമ്മിക്കുന്നതിന് 60 ലക്ഷവും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കായി 60 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ബജറ്റിൽ പ്രതീക്ഷിക്കുന്ന വരവ് 349017880 രൂപയും ചിലവ് കണക്കാക്കിയിരിക്കുന്നത് 345607959 രൂപയും
മിച്ചം പ്രതീക്ഷിക്കുന്നത് 3409921 രൂപയുമാണ്.

error: Content is protected !!