ദേശീയ സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ മികവ് തുടർന്ന് അമൽജ്യോതിയുടെ ടീം സ്റ്റെല്ലാർ
കാഞ്ഞിരപ്പള്ളി : കോയമ്പത്തൂർ സൊസൈറ്റി ഓഫ് റേസിംഗ് മൈൻഡ്സ് (CSRM) ഇത്തവണ സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ മികവാർന്ന പ്രകടനം പുറത്തെടുത്ത് വീണ്ടും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ടീം. കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ തന്നെ വികസിപ്പിച്ചെടുത്ത സ്റ്റെല്ലാർ എന്ന് പേരിട്ടിരിക്കുന്ന വാഹനം ആണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യയിൽ, വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഒരു വാഹനം അവതരിപ്പിക്കുവാനും വിവിധ ഘട്ടങ്ങളിലായി വൈവിധ്യമാർന്ന മത്സരങ്ങളും നടത്തപ്പെടുന്ന വേദിയാണ് SEVC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പ്.
മാർച്ച് 13 മുതൽ 17 വരെ കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലും കരി മോട്ടോർ സ്പീഡ്‌വേ റേസ് ട്രാക്കിലും വച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിൽ റഷ് ഇൻ ഡസ്ക് എന്ന വിഭാഗത്തിലാണ് ഇത്തവണ അമൽ ജ്യോതിയിലെ സ്റ്റെല്ലാർ ടീം വിജയികളായത്. അവരുടെ മോട്ടോർമാൻ റിച്ചു തോമസ് 1.35 കിലോമീറ്റർ ചുറ്റളവിൽ 19 ലാപ്പുകൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി, എതിരാളികളേക്കാൾ നാല് ലാപ്പുകളുടെ ആധിപത്യം നേടി.
കോളജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനീഷ് ആറിന്റെയും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീമതി. ഇന്ദു റീന വർഗീസിന്റെയും നേതൃത്വത്തിൽ, ആൽബിൻ ലാജി ( ടീം ക്യാപ്റ്റൻ), അർജുൻ മോഹൻ & അഖില സിസിലി ചെറിയാൻ ( വൈസ് ക്യാപ്റ്റൻസ്), ഐബൽ ജോസഫ് ( ടീം മാനേജർ), ജിതിൻ ബൈജു & ഫെബിൻ കെ സാജൻ (ടെക്‌നിക്കൽ ഹെഡ്സ് ), ആൽബിൻ എം ജേക്കബ് ( ഇലെക്ട്രിക്കൽ ഹെഡ് ) തുടങ്ങി 35 പേര് ചേർന്ന ടീം ആണ് സോളാർ വാഹന നിർമ്മാണം പൂർത്തിയാക്കിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലെ 30 ഇൽ അധികം ടീമുകൾ ആണ് ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ നിന്നും പങ്കെടുത്ത രണ്ട് ടീമുകളിൽ ഒന്ന് അമൽ ജ്യോതിയുടെ ടീം സ്റ്റെല്ലാർ ആണ്. അമൽ ജ്യോതിയിലെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ടീം അംഗങ്ങൾ.
ദേശീയ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളേജ് മാനേജ്മെൻ്റ് വലിയ സ്വീകരണം നൽകി അനുമോദിച്ചു. അനുമോദന ചടങ്ങിൽ കോളേജ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) ഫാ. ഡോ. റോയി എബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. റോഷൻ കുരുവിള, ഓട്ടോമൊബൈൽ വിഭാഗം മേധാവി ഡോ. അജിത്ത് കുമാർ ജെ. പി എന്നിവർ സംബന്ധിച്ചു.