ഇൻഫാം കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റി: മാർ ജോസ് പുളിക്കൽ
പാറത്തോട്: കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളെ സ്പര്‍ശിക്കുന്ന ഒരു ദേശീയ പ്രസ്ഥാനമായി മാറാന്‍ ഇന്‍ഫാമിനു കഴിഞ്ഞു. നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ഷകനും കാര്‍ഷിക മേഖലയും എല്ലാ രീതിയിലും വലിയ ആദരവ് അര്‍ഹിക്കുന്നവരാണെന്ന് തെളിയിക്കുവാന്‍ കഴിഞ്ഞ നാളുകള്‍കൊണ്ട് ഇന്‍ഫാം എന്ന ദേശീയ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്റെയും കാര്‍ഷിക മേഖലയുടെയും അന്തസും അഭിമാനവും പൊതുസമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തുവാന്‍ ഇന്‍ഫാമിനു കഴിഞ്ഞുവെന്ന് അനുഗ്രപ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ഗ്രാമതലത്തിലും താലൂക്ക്തലത്തിലും മൈക്രോ, മാക്രോ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഇന്‍ഫാമിന് ഇനിയും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വികേന്ദ്രീകൃത വികസന പദ്ധതികളിലൂടെ കര്‍ഷകനെയും കാര്‍ഷിക മേഖലയെയും ശാക്തീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇന്‍ഫാം മുന്നോട്ടുപോകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇന്‍ഫാം കര്‍ഷകര്‍ ഇന്നിന്റെ അന്നമായി മാറുമ്പോള്‍ ഇന്‍ഫാം നേതാക്കള്‍ തലമുറകള്‍ക്ക് ഭക്ഷണമായി മാറാനുള്ള ആത്മാര്‍പ്പണത്തിന് തയാറാകണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
വരും നാളുകളില്‍ ഇന്‍ഫാം കൃഷിയും വ്യവസായവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനശൈലി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ പറഞ്ഞു.
കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, ഇന്‍ഫാം സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, കാര്‍ഷികജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഇന്‍ഫാം മഹിളാസമാജ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, ആന്‍സി സാജു കൊച്ചുവീട്ടില്‍, സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാര്‍ഷികജില്ല അസംബ്ലിയില്‍ അണക്കര, കുമളി, മുണ്ടിയെരുമ, ഉപ്പുതറ, പെരുവന്താനം, കട്ടപ്പന, മുണ്ടക്കയം, എരുമേലി, വെളിച്ചിയാനി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, പത്തനംതിട്ട കാര്‍ഷിക ജില്ലകളുടെ റിപ്പോര്‍ട്ട് അവതരണവും കാര്‍ഷിക താലൂക്കുകളില്‍ ഇന്‍ഫാം സംഘടനയുടെ ശാക്തീകരണത്തെക്കുറിച്ചുള്ള അവതരണവും വരും വര്‍ഷം കാര്‍ഷിക താലൂക്കുകള്‍ കര്‍ഷകര്‍ക്കായി വിഭാവനം ചെയ്യുന്ന ക്ഷേമ പദ്ധതികളും അവതരിപ്പിച്ചു. കാര്‍ഷിക താലൂക്ക് രക്ഷാധികാരികള്‍, ഡയറക്ടര്‍മാര്‍, എക്‌സിക്യൂട്ടീവ് മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.