ഇലകൊഴിച്ചിൽ, ചീക്കുരോഗം; റബർകൃഷി തകർച്ചയിൽ
September 22, 2018
പൊൻകുന്നം: പ്രത്യക്ഷത്തിൽ പ്രളയം റബർകൃഷി മേഖലയെ ബാധിച്ചില്ലെങ്കിലും പ്രളയത്തിനിടയാക്കിയ തുടർച്ചയായ മഴ റബർകൃഷിയെ തളർത്തി. ഇലകൊഴിച്ചിലും ചീക്കുരോഗവും കൊണ്ട് ഭൂരിഭാഗം തോട്ടങ്ങളും ഉത്പാദനത്തിൽ പിന്നോട്ടാണ്. തുടരെയുള്ള മഴ മൂലമുള്ള ഫംഗസ് ബാധയാണ് മരങ്ങളെ കാലം തെറ്റിയുള്ള ഇലകൊഴിച്ചിലിലേക്ക് നയിച്ചത്.
ഇലകൊഴിഞ്ഞാൽ സ്വാഭാവികമായി ഉത്പാദനത്തിൽ ഇടിവുണ്ടാകും. തളിരില മൂപ്പെത്തുന്നതുവരെ ഇതാവും സ്ഥിതി. ഇല കൊഴിച്ചിലിനെ തുടർന്ന് റബർപ്പാൽ ഉത്പാദനത്തിൽ നാൽപ്പതു ശതമാനത്തിലധികം കുറവുണ്ട്. റബർ വിലയിടിവു മൂലം തുരിശടിക്കുന്ന രീതി കാലങ്ങളായി കർഷകർ സ്വീകരിക്കാറില്ല. അതോടെ ഫംഗസ് ബാധ ഏറി. ഇതിന്റെ ഫലമായി പുള്ളിക്കുത്തുകൾ വീണ് പഴുക്കുന്ന ഇലകൾ ദിവസങ്ങൾക്കുള്ളിൽ കൊഴിഞ്ഞു പോകും.
തോട്ടങ്ങളിൽ ചീക്കുരോഗവുമേറി. എല്ലാ മഴക്കാലത്തും പിങ്ക് (ചീക്ക്)രോഗബാധ തോട്ടങ്ങളിൽ പതിവാണെങ്കിലും ഇത്തവണ വ്യാപകമാണ്. റബർമരത്തിന്റെ രോഗബാധയുള്ള ഭാഗം ഉണങ്ങി നശിച്ച് തൊലി പൊളിഞ്ഞു തുടങ്ങും. ശിഖരങ്ങളിലേക്കും ഉണക്കു ബാധിക്കുന്നതോടെ റബർപ്പാലിന്റെ അളവിൽ കുറവു വരും. തുടർച്ചയായുള്ള മഴയാണ് രോഗവ്യാപനത്തിന് കാരണം. കോർട്ടീസിയും സാൽമോണിക്കൊളർ എന്നയിനം കുമിളാണ് രോഗം വരുത്തുന്നത്.
രോഗം പിടിപെട്ട ഭാഗം പൂപ്പൽ ബാധിച്ച് പിങ്കു നിറത്തിലോ വെള്ള നിറത്തിലോ വന്ന ശേഷം റബർ പാൽ പൊട്ടിയൊഴുകും. പിന്നീട് ശിഖരങ്ങൾ ഉണങ്ങി പോകുകയാണ് പതിവ്. അതോടെ ആ മരത്തിന്റെ കറയുത്പാദന ശേഷി നശിക്കുകയാണ്. കോപ്പർ സൾഫേറ്റ്(തുരിശ്), ചുണ്ണാമ്പ് എന്നിവ ചേർത്ത് തയാറാക്കുന്ന ബോർഡോ മിശ്രിതം കാര്യമായ രോഗബാധയുള്ള മരത്തിൽ പുരട്ടണമെങ്കിൽ കുറഞ്ഞത് ഇരുനൂറു രൂപയെങ്കിലും മുടക്കു വരും. അതിനാൽ വിലക്കുറവിന്റെ കാലത്ത് ഇടത്തരം കർഷകർ ഇതൊന്നും ചെയ്യാറില്ല.
