KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കപ്പാട് ജനവാസമേഖലയിൽ ശൗചാലയമാലിന്യം തള്ളി.

കാഞ്ഞിരപ്പള്ളി : കപ്പാട് ജനവാസ മേഖലയിൽ തോട്ടിലും സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ശൗചാലയ മാലിന്യം തള്ളി. കഴിഞ്ഞദിവസം രാത്രിയിലാണ് ശൗചാലയ മാലിന്യം തള്ളിയതെന്ന് കരുതുന്നു. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് ശൗചാലയ മാലിന്യം തള്ളിയതായി ശ്രദ്ധയിൽപ്പെട്ടത്. ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ ഗവ. പന്നി വളർത്തൽ കേന്ദ്രത്തിന് സമീപമാണ് മാലിന്യം തള്ളിയത്. യുവാവിന് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രത്യേക സുരക്ഷാ മുൻകരുതലുകളും ഇവിടെ സ്വീകരിച്ചിരുന്നു. ഒരാഴ്ച മുൻപാണ് ഈ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 200 പന്നികളെ കൊന്നൊടുക്കിയി രുന്നു.

ചിറ്റാർ പുഴയുടെ കൈത്തോടുകൂടിയ ഈ തോട് പ്രദേശവാസികൾ ഉപയോഗിക്കുന്നു. തുടർച്ചയായി മാലിന്യം തള്ളുന്നത് സാംക്രമികരോഗങ്ങളും ജലജന്യരോഗങ്ങളും പടരുന്നതിന് കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തിലും പോലീസിലും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സമീപ പഞ്ചായത്തുകളിലടക്കം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വൈറൽപ്പനി എന്നിവ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ശൗചാലയ മാലിന്യം ജനവാസ കേന്ദ്രത്തിൽ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രിയ യുവജനതാദൾ ജില്ല പ്രസിഡന്റ് പ്രിൻസ് തോട്ടത്തിൽ പ്രദേശവാസികളായ ജോബി ആട്ടപ്പാട്ട്, ജോജി ആട്ടപ്പാട്ട്, കുഞ്ഞ് തോട്ടത്തിൽ, ജോസ്, പ്രവീൺ ചാക്കോ, സിബി വണ്ടിപ്പുര, അഖിൽ സിബി, ജോമോൾ ജോബി, റാണി ജോജി എന്നിവർ ആവശ്യപ്പെട്ടു.

മേഖലയിൽ പാലമ്പ്ര പഴുവത്തടം, കുന്നും ഭാഗം, കപ്പാട് തുടങ്ങിയ മേഖലകളിൽ മുൻപും ശൗചാലയ മാലിന്യം തള്ളിയിട്ടുണ്ട്. തോടിന് ചേർന്നും വെള്ളമൊഴുക്കുള്ള സ്ഥലങ്ങളിലാണ് ഈ പ്രദേശങ്ങളിലും മാലിന്യം തള്ളിയത്. ഇതിൽ പാലമ്പ്ര, കുന്നുംഭാഗം എന്നിവിടങ്ങളിൽ മാലിന്യം തള്ളിയവരെ പിടികൂടിയിരുന്നു. ജനവാസകേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാത്തതാണ് തുടർസംഭവങ്ങളുണ്ടാകുന്നതെന്നും ആരോപണമുണ്ട്.

error: Content is protected !!