മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലും ഗതാഗത നിയന്ത്രണം.
കാഞ്ഞിരപ്പള്ളി : മണ്ണാറക്കയം പാലം വഴി അഞ്ചലിപ്പ, ഞള്ളമറ്റം വയൽ എന്നി ഭാഗങ്ങളിലേക്ക് പോകുന്ന ബസ് ഒഴികെയുള്ള ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. കിഴക്കേതലയ്ക്കൽ പടി ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നതിനാലാണ് നിരോധനം. ചിറ്റാർ പുഴയോരത്തുകൂടിയുള്ള മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലാണ് സംരക്ഷണവേലിയോട് ചേർന്നുള്ള ഭാഗം താഴേക്ക് പതിച്ചിരിക്കുന്നത്.
പതിനഞ്ചടിയോളം താഴ്ചയുണ്ട് ഈ ഭാഗത്ത്. സംരക്ഷണ വേലിയുടെ രണ്ട് തൂണുകളുടെ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞ് വീണത്. മഴപെയ്ത് കിടക്കുന്നതിനാൽ ഈ ഭാഗത്ത് വലിയ വാഹനങ്ങൾ കടന്നുപോയാൽ ഇടിയാൻ സാധ്യത കൂടുതലാണ്. ഒന്നരവർഷം മുൻപ് ഇടിഞ്ഞുവീണ ഈ ഭാഗം പുനർനിർമിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കാഞ്ഞിരപ്പള്ളി-കുളത്തൂർമൂഴി റോഡ് നിർമാണത്തിന്റെ ഭാഗമായി മണിമല റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ഈ വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മണ്ണാറക്കയത്തിന് സമീപം കലുങ്ക് നിർമിക്കുന്നതിനാൽ ഈ വഴിയും അഞ്ചിലപ്പ റോഡിൽ പ്രവേശിക്കാൻ കഴിയില്ല. അഞ്ചിലിപ്പ, ചേനപ്പാടി, വിഴിക്കിത്തോട് ഭാഗത്തേക്കുള്ള യാത്രക്കാർ മണ്ണാറക്കയത്തെത്താൻ ഈ വഴിയെയാണ് കൂടുതലും ആശ്രയിക്കുന്നത്. നിലവിൽ രണ്ട് വഴികളിലും ഗതാഗതനിയന്ത്രണം വന്നതോടെ ഈ ഭാഗത്തേക്കുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
