കാഞ്ഞിരപ്പള്ളി കംഫര്‍ട്ട് സ്‌റ്റേഷന്‍: പഞ്ചായത്തിനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

September 26, 2018 

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്റിലെ ശുചിമുറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാത്തത് സംബന്ധിച്ച് ജില്ലാ കളക്ടറും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയും അടിയന്തിരമായി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ബസ് സ്റ്റാന്റില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി കാട്ടി വെച്ചൂച്ചിറ സ്വദേശി സി. ടി. ധനപാലന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. 

95 ലക്ഷം രൂപ മുടക്കി സ്റ്റാന്റിന്റെ നവീകരണം പൂര്‍ത്തിയായെങ്കിലും കംഫര്‍ട്ട് സ്‌റ്റേഷന്റെ തകരാര്‍ പരിഹരിച്ചില്ല. സെപ്ടിക് ടാങ്കിന് വേണ്ടത്ര സംഭരണ ശേഷിയില്ലാത്തതിനാല്‍ പലദിവസങ്ങളിലും കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചിടേണ്ടതായി വന്നു. ബസ് സ്റ്റാന്റ് നവീകരണത്തിനു ശേഷവും സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ബസ് സ്റ്റാന്റ് പരിസരം മുഴുവന്‍ മലിനജലം പരന്നൊഴുകിയതിനെ തുടര്‍ന്ന് ശുചിമുറികള്‍ കഴിഞ്ഞ മാസം 29 ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അടക്കുകയായിരുന്നു. 

എന്നാല്‍ ദിവസേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റാന്റില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടികാട്ടി. സ്ത്രീകളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ദിനംപ്രതി 250 ഓളം സ്വകാര്യ ബസുകളും നൂറോളം കെ. എസ്. ആര്‍. ടി. സി ബസുകളും കടന്നു പോകുന്ന സ്റ്റാന്റാണിത്. ശുചിമുറികള്‍ അടച്ചുപൂട്ടിയതോടെ സമീപ പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടക്കുന്നതിനാല്‍ അസഹനീയമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. സെപ്റ്റിക് ടാങ്കിന്റെ ചോര്‍ച്ച മാറ്റാന്‍ പഞ്ചായത്ത് ശ്രമിച്ചിട്ടില്ല. എന്നാല്‍ പുതിയ ടാങ്ക് സമീപത്തായി നിര്‍മ്മിക്കുന്നുണ്ട്. സ്റ്റാന്റിന് സമീപത്തായി പഞ്ചായത്ത് വക സ്ഥലത്തുള്ള പഴയ ശൗചാലയങ്ങള്‍ അറ്റകുറ്റപണികള്‍ തീര്‍ത്ത് സമീപത്തെ വ്യാപാരികള്‍ക്കായി തുറന്നു കൊടുക്കാവുന്നതാണ്. 

error: Content is protected !!