KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുട്ടികൾ കുപ്പികളാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിർമ്മിച്ചു.. ഫുട്ബോൾ ലഹരി വാനോളം..

മുക്കൂട്ടുതറ : എൽ പി സ്കൂൾ വളപ്പിൽ ഫുടബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ രൂപം. നിർമിച്ചതാകട്ടെ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട്. ഉയരം പത്ത് അടി. കുഞ്ഞുങ്ങളിലും ഫുട്ബോൾ ലഹരി വാനോളമാണ് .

ഈ മിടുക്കരായ കുരുന്നുകൾ വെച്ചൂച്ചിറ എണ്ണൂറാം വയൽ സിഎംഎസ് എൽ പി സ്കൂളിലെ കുട്ടികളാണ്. 480 കുപ്പിക്കട്ടകൾ (ഇക്കോ ബ്രിക്സ് ) കൊണ്ടകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ രൂപം ഇവർ ഒരുക്കിയത്. ലോക കപ്പ്‌ ഫുട്ബോൾ മത്സരത്തിന്റെ ആവേശം കൊച്ചുകുട്ടികളിലും ആവോളം ഉണ്ട് എന്നതിന്റെ കാഴ്ച കൂടിയാണ് ഇപ്പോൾ ഈ സ്കൂൾ.

സ്കൂളിലെ ഫെയർ ഫീൽഡ് സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിസ്ഥിതി സംരക്ഷണവും സംയോജിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രൂപം നിർമിച്ചതെന്ന് പ്രധാന അദ്ധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു. ഇതിനായി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കൾ കുത്തി നിറച്ചാണ് ഇക്കോ ബ്രിക്സ് (കുപ്പിക്കട്ടകൾ) കുട്ടികൾ നിർമിച്ചത്. വീടുകളിൽ നിന്നും വിദ്യാലയ പരിസരത്തു നിന്നും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ഇതിനായി കുട്ടികൾ ശേഖരിച്ചു. ലോക കപ്പിന്റെ ആവേശം നിറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടിയായി മാറിയിരിക്കുകയാണ് ക്രിസ്ട്യാനോ റൊണാൾഡോയുടെ കൂറ്റൻ രൂപം.

സ്കൂളിൽ നടന്ന ലോക കപ്പ് വിളംബര പരിപാടിയായ വൺ ഗോൾ വൺ ഡ്രീമിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ അംഗം ടി കെ ജെയിംസ് നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ജോൺസൺ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജ്യൂവൽ എൽസ, അക്ഷയ് എം അജയ്, അർപ്പിത് മോളിക്കൽ, എയ്ഡൻ ഷൈനു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!