ഓപ്പറേഷൻ തണ്ടർ: പുലർച്ചെ കഞ്ചാവുമായി യുവാവ് പിടിയിൽ.
എരുമേലി • എക്സൈസ് വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ രാത്രികാല പരിശോധനയിൽ രണ്ട് ലക്ഷം രൂപയോളം വിലയുള്ള 1.350 കിലോഗ്രാം കഞ്ചാവുമായി മുണ്ടക്കയം ചോറ്റി സ്വദേശി അറസ്റ്റിൽ. കൂവപ്പള്ളി മലബാർ കവലയിൽ വച്ചാണ് സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി കപ്പലുമാക്കൽ മാത്തുക്കുട്ടി എന്ന് വിളിക്കുന്ന അമൽ ഏബ്രഹാം (28) പിടിയിലായത്. സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗങ്ങളിൽ അതിഥി ത്തൊഴിലാളികൾക്കും വിദ്യാർഥികൾക്കും വിൽപന നടത്തുന്നതിനു വേണ്ടിയാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നു ഇയാൾ വെളിപ്പെടുത്തിയതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഉറവിടം സംബന്ധിച്ച് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.സഞ്ജീവ് കുമാർ അറിയിച്ചു.
ലഹരിക്ക് അടിമയായവരെ കൗൺസലിങ് നടത്തുന്നതിന് എല്ലാ ജില്ലകളിലും എക്സൈസിന്റെ കൗൺസലിങ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. പിടികൂടിയ കഞ്ചാവ് ചെറു പൊതികളിലായി വിൽപ്പന നടത്തുമ്പോൾ രണ്ട് ലക്ഷം രൂപയിൽ അധികം ലഭിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്‌തെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് തടവിൽ വിട്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ ജി ശിവകുമാർ പറഞ്ഞു.
റേഞ്ച് ഇൻസ്പെക്ടർ ജി .ശിവകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടോജോ ടി. ഞള്ളിയിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുഹമ്മദ് അഷ്റഫ്, പി.എ.നജീ ബ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി.പ്രശോഭ്, കെ.വി.പ്രശോഭ്, സനൽ മോഹൻദാസ്, ഷെഫീൽ പി.ഷൗക്കത്ത് വനിത സിവിൽ എക്സൈസ് ഓഫിസർ അഞ്ജലി കൃഷ്ണ എന്നിവർ പങ്കെടുത്തു.
