അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമാകാൻ ഒരുങ്ങി എരുമേലി; പ്രത്യേകതകൾ ഏറെ

എരുമേലി ∙ കേരളത്തിലെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമാകാൻ ഒരുങ്ങുന്ന എരുമേലിക്ക് മീതേ വട്ടമിട്ടു നിൽക്കുന്ന പ്രത്യേകതകൾ ഏറെ. ദൃശ്യഭംഗിക്കു പുറമെ ശുദ്ധവായു, ശുദ്ധജലം എന്നിവ ലക്ഷ്യമിടുന്നവർക്കും ഈ താഴ്‌വര പരവതാനി വിരിക്കുകയാണ്. വിനോദസഞ്ചാരത്തിനൊപ്പം തീർഥാടനവും ഇവിടെ യാത്രയുടെ കെട്ടുമുറുക്കുന്നു. ശബരിലയുടെ താഴ്‌വരയിൽ ഇറങ്ങാനാവുന്നതോടെ അയ്യപ്പഭക്തരുടെ എണ്ണം കൂടും. പ്രതിവർഷം എത്തുന്ന ഒരു കോടിയോളം ഭക്‌തരിൽ നിന്ന് 10 ശതമാനം പേർ മതി പദ്ധതി വിജയമാകാൻ. 

ഗ്രീൻ ഫീൽഡ് എയർപോർട്ട് 

പരിസ്‌ഥിതി സൗഹൃദമെന്നതിന്റെ മറുവാക്കല്ല ഗ്രീൻ ഫീൽഡ്. ഇതുവരെയും ഒരു വ്യവസായിക പ്രവർത്തനങ്ങളും ഇല്ലാതെ കിടന്ന കന്നിമണ്ണിൽ ആദ്യമായി വികസനത്തിന്റെ കാൽ പതിയുമ്പോഴാണ് അത് ഗ്രീൻ ഫീൽഡ് ആകുന്നത്. എരുമേലിക്കു മുൻപിൽ പച്ചവിരിച്ചു കിടക്കുന്നതും ഈ സാധ്യത. 

ചെന്നൈ ഭാഗത്തു നിന്ന് വരുന്ന ശബരിമല ഭക്‌തർ പൂങ്കാവനമെന്നു വിശേഷിപ്പിക്കാവുന്ന പെരിയാർ കടുവാ സങ്കേതത്തിനും മുല്ലപ്പെരിയാറിനും ഗവിക്കും മുകളിലൂടെയാവും ഇവിടേക്കു പറന്നിറങ്ങുക. ഇപ്പോൾ തന്നെ കൊച്ചി–കൊളംബോ–സിംഗപ്പൂർ– ക്വാലലംപൂർ വിമാനങ്ങളുടെ സഞ്ചാരപാതയാണിത്. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചെലവു കുറഞ്ഞ വിമാനങ്ങൾ ഭാവിയിൽ ഇവിടെ നിന്നാവും ഉയരുക. 

ടേബിൾ ടോപ് അല്ല 

കോഴിക്കോട് വിമാനത്താവളം പോലെ ടേബിൾ ടോപ്പ് ആയിരിക്കില്ല ഇത്. എരുമേലി വനം ഡിവിഷനിലെ പ്ലാച്ചേരി സ്‌റ്റേഷൻ പരിധിയിൽ വരുന്ന വനാതിർത്തിയിലേക്ക് 6 കിലോമീറ്റർ ദൂരമുള്ളതിനാൽ വനം അനുമതി സംബന്ധിച്ച് കേന്ദ്ര പരിസ്‌ഥിതി, കാലാവസ്‌ഥാമാറ്റ വകുപ്പിന്റെ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നു വനം വകുപ്പിലെ ഉന്നതർ പറഞ്ഞു.സർക്കാർ ഉത്സാഹിച്ചാൽ അനുമതികളുടെ കടമ്പകൾ കടക്കാനാവും. 

പരിസ്ഥിതി സൗഹൃദം 

ലോകത്തിന്റെ പല ഭാഗങ്ങളിലും വനമേഖലയോടു ചേർന്ന് പരിസ്‌ഥിതി സൗഹൃദ രീതിയിൽ വിമാനത്താവളങ്ങൾ നിർമിച്ചിട്ടുണ്ട്. നവി മുംബൈ വിമാനത്താവളത്തിനായി പരിസ്‌ഥിതിയെ മാറ്റിമറിച്ച പോലെയൊന്നും ഇവിടെ ഭയക്കേണ്ടതില്ല. അവിടെ കർഷകരുടെ ഭൂമി ഏറ്റെടുത്തു, നദി ഗതി തിരിച്ചു, കണ്ടൽ നീക്കി. പകരം വനം വച്ചുപിടിപ്പിക്കാൻ ഏറ്റെടുത്ത സ്‌ഥലം പാറക്കെട്ടായിരുന്നു. എരുമേലിയിൽ ഇത്തരം പ്രശ്നങ്ങളില്ല. തണ്ണീർത്തടം നികത്തേണ്ടതില്ല.

എത്ര മഴപെയ്‌താലും പ്രളയമില്ല, മണ്ണിടിയില്ല. വിമാനത്താവളം ഒരിക്കലും അടയ്‌ക്കേണ്ടി വരില്ല. കാറ്റും അനുകൂലമാണ്. പകരം വനം നട്ടുപിടിപ്പിക്കാനും ജലസംരക്ഷണ പ്രവൃത്തികൾക്കും സാധ്യത ഏറെയാണ്. മാലിന്യം തിന്നാനെത്തുന്ന പരുന്തും എലിയെ പിടിക്കാനെത്തുന്ന മൂങ്ങയും ആഫ്രിക്കൻ ഒച്ചിനെ തിന്നാനെത്തുന്ന കൊക്കും തിരുവനന്തപുരം റൺവേയെ സദ്യാലയമാക്കി മാറ്റുമ്പോൾ ഇവിടെ ഇത്തരം ഭീഷണികളില്ല. 

37 വകുപ്പുകളുടെ അനുമതി വേണം 

എരുമേലിക്ക് ബാധകമായ പ്രധാന പരിസ്‌ഥിതി നിയമങ്ങൾ ഇരുപതിലേറെ വരും. 37 വകുപ്പുകളുടെ അനുമതിയും വേണം. പ്രധാന നിയമങ്ങൾ ഇവയാണ്: വന(സംരക്ഷണ) നിയമം, പരിസ്‌ഥിതി സംരക്ഷണ നിയമം 1986, വായു മലിനീകരണ നിയമം 1981, ജലമലിനീകരണ നിയമം 1974, ഭൂഗർഭ ജലനിയമം, ശബ്‌ദമലിനീകരണ നിയമം 2000, ഗ്രീൻ ട്രിബ്യൂണൽ നിയമം 2010, ഖരമാലിന്യ നിയമം 2016. തീരദേശ നിയമം, മത്സ്യ–ജല– ആദിവാസി നിയമം എന്നിവ എരുമേലിയെ ബാധിക്കാത്തത് അനുമതിക്കു പിൻബലമേകും. 

മഴയുടെ ഡേറ്റ 

പരിസ്‌ഥിതി റിപ്പോർട്ട് അംഗീകരിക്കണമെങ്കിൽ പ്രദേശത്തെ മഴയുടെ അളവ് ഉൾപ്പെടുത്തണമെന്നാണ് നിഷ്‌കർഷ. പക്ഷേ ഇവിടെയുള്ളത് സ്വകാര്യ എസ്‌റ്റേറ്റുകളിലെ മഴക്കണക്കുകൾ മാത്രം. ഇതാണ് മഴയും വെയിലും കാറ്റും അളന്ന് ഡേറ്റ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം. പത്തനംതിട്ട ജില്ലയിൽ ആകെയുള്ളത് 2 മഴമാപിനികൾ മാത്രമാണ്. വിമാനത്താവളം വന്നാൽ ഈ സ്‌ഥിതി മാറും. 

പദ്ധതിക്ക് എതിർപ്പില്ല 

വിമാനത്താവള പ്രദേശത്ത് നിലവിൽ റബർ മാറ്റി കൈതക്കൃഷിയാണ്. മരങ്ങൾ വെട്ടിമാറ്റുകയോ തോടുകൾ വഴിമാറ്റുകയോ ചെയ്യേണ്ടതില്ല. ആറന്മുളയ്‌ക്കു പകരം ചെറുവള്ളിയോ ളാഹയോ ആകാമെന്നത് അന്ന് ജനങ്ങൾ സ്വാഗതം ചെയ്‌ത നിർദേശവുമായിരുന്നു. 

പ്രതീക്ഷയായി ശബരി റയിൽവേയും 

പരീക്ഷണാർഥം ഇവിടെ എയർ സ്‌ട്രിപ്പ് വികസിപ്പിക്കാവുന്നതാണെന്ന് വിദഗ്‌ധർ പറയുന്നു. നിർദിഷ്‌ട ശബരി റെയിൽ പാതയുമായി ബന്ധിപ്പിച്ചാൽ എരുമേലിയെ ഭാവിയുടെ യാത്രാമാർഗമാക്കാം. തിരുവനന്തപുരം– കാസർകോട് അതിവേഗ റയിൽപാത യാഥാർഥ്യമായാൽ കാറും സ്വകാര്യ വാഹനങ്ങളും ഉപേക്ഷിച്ചു ജനങ്ങൾക്ക് ട്രെയിൻ മാർഗം എവിടേക്കും പോകാം. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാം. 

ശബരിമലയ്‌ക്ക് ദേശീയ തീർഥാടന കേന്ദ്രമെന്ന അംഗീകാരം ലഭിക്കാനും വിമാനത്താവളം സഹായകമാകും. വനമേഖലയിലെ കാട്ടുതീ നിയന്ത്രണം, ശബരിമല ദുരന്ത നിവാരണം, രക്ഷാ പ്രവർത്തനം എന്നിവയും കാര്യക്ഷമമാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളെ കൂട്ടിച്ചേർത്ത് വിനോദ സഞ്ചാര രംഗത്ത് പുതിയ സുസ്‌ഥിര സംരംഭങ്ങൾക്ക് തുടക്കമിടാനുമാവും. 

ശുദ്ധവായു, ജലസമൃദ്ധി 

ശുദ്ധമായ വായുവിനും ജലത്തിനും പേരുകേട്ട ഇടമെന്ന നിലയിൽ പത്തനംതിട്ട–കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശത്ത് ഐടി പാർക്കുകളും രാജ്യാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങളും വരുന്നതിന് വിമാനത്താവളം വാതിൽ തുറക്കും. പാരിസ്‌ഥിതിക പഠനം ഉൾപ്പെടെ ചുമതല സർക്കാർ നൽകി/ത് യുഎസിലെ ലൂയി ബഗ്ർ കൺസൽറ്റൻസിക്കാണ്. 

error: Content is protected !!