മാർ മാത്യു അറയ്ക്കൽ ബിഷപ് ഇമെരിറ്റസ്
കാഞ്ഞിരപ്പള്ളി ∙ രൂപതയെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയെന്ന ചാരിതാർഥ്യത്തോടെയാണു മാർ മാത്യു അറയ്ക്കൽ ബിഷപ് പദവിയൊഴിയുന്നത്. സാമൂഹിക, സാംസ്കാരിക, സാമുദായിക, കാർഷിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ഒട്ടേറെ പ്രസ്ഥാനങ്ങൾക്കു രൂപം നൽകുകയും ചെയ്തശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. 1971ൽ പൗരോഹിത്യ പദവിയിലെത്തി. 2001ൽ കാഞ്ഞിരപ്പള്ളിയുടെ ഇടയശ്രേഷഠ്നായി.
കർഷകരെ സംഘടിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിലും രൂപതയുടെ ആത്മീയവും ഭൗതികവുമായ സൗഹചര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും 18 വർഷക്കാലം ശ്രദ്ധ പതിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ്, സഹ്യാദ്രി ക്രെഡിറ്റ് കോഓപ്പറേറ്റിവ് സൊസൈറ്റി, കുട്ടിക്കാനം മരിയൻ കോളജ് തുടങ്ങിയവ അറയ്ക്കൽ പിതാവിന്റെ നേതൃത്വത്തിലാണു സ്ഥാപിച്ചത്. എ.ബി.വാജ്പേയി പ്രധാനമന്ത്രിയായ കാലത്ത് കേന്ദ്ര ആസൂത്രണ കമ്മിഷൻ ഉപദേശക സമിതി അംഗമായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക് കൗൺസിൽ അംഗം, രാജീവ് ഗാന്ധി വാട്ടർ മിഷൻ അംഗം, സംസ്ഥാന ഫാമിങ് കോർപറേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ഒപ്പമുണ്ടായിരുന്ന സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ രൂപതയുടെ പുതിയ അധ്യക്ഷനായി എത്തുമ്പോൾ തനിക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന പദ്ധതികൾ ഫലപ്രാപ്തിയിലെത്തും എന്ന വിശ്വാസത്തോടെയാണു മാർ മാത്യു അറയ്ക്കൽ വിരമിക്കുന്നത്.
വിശ്രമജീവിതം പീരുമേട്ടിൽ
വിരമിക്കുന്ന കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ വിശ്രമജീവിതം പീരുമേട്ടിൽ. ബിഷപ് പദവിയിലേക്ക് നിയോഗിക്കപ്പെടുന്നതിനു മുൻപ് കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന ഹൈറേഞ്ചുമായുളള ആത്മബന്ധം തുടരുന്നതിന്റെ ഭാഗമായി, വിരമിച്ച ശേഷം പീരുമേട്ടിൽ താമസിക്കണമെന്ന ആഗ്രഹം മാർ അറയ്ക്കൽ പ്രകടിപ്പിച്ചിരുന്നു. പള്ളിക്കുന്ന് പോത്തുപാറ സെന്റ് ജൂഡ് ദേവാലയത്തിനോടു ചേർന്ന ചേർന്ന മന്ദിരത്തിലാകും താമസം.