നാടെങ്ങും ഇനി ഫുട്ബോളാണ് ലഹരി.. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകൾക്കാണ് ആരാധകരേറെ..
കാഞ്ഞിരപ്പള്ളി : ലോകകപ്പ് പടിവാതിൽക്കൽ. ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്ന തിരക്കിലാണ് കാഞ്ഞിരപ്പള്ളി മേഖലയിലെ ആരാധകർ. നാടും നഗരവും ലോകകപ്പിന്റെ ഉത്സവത്തിലേക്ക് എത്തിക്കഴിഞ്ഞു.
ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ ഇഷ്ട ടീമിന്റെ കൂറ്റൻ കട്ടൗട്ടുകൾ ഉയർത്താനുള്ള മത്സരത്തിലാണ് ഫുട്ബോൾ പ്രേമികൾ. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകൾക്കാണ് ആരാധകരേറെയുമുള്ളത്. അർജന്റീന മെസിക്കായി രണ്ടാം ലോകകപ്പ് ഉയർത്തുമെന്നാണ് ഫാൻസിന്റെ വാദം. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് എന്ന സ്വപ്നസാക്ഷാത്കരം ഈ ലോകകപ്പിലൂടെ നേടുമെന്നാണ് പോർച്ചുഗൽ ആരാധകരുടെ വാദം.
ഫാൻ പേരാട്ടങ്ങളിൽ ഇഷ്ട ടീമുകളായ അർജന്റീന, ബ്രസീൽ ഫാൻ പേരിന് ഇത്തവണയും കുറവില്ല. സ്പെയിനിന്റെ കൗമാരതാരം യമാൽ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ തുടങ്ങിവരുടെ ആരാധകരും തങ്ങളുടെ പ്രിയതാരങ്ങൾ കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ്.
സമൂഹമാധ്യമങ്ങളിൽ ഇഷ്ടടീമിന്റെ ജേഴ്‌സിയിലുള്ള സ്വന്തം ചിത്രങ്ങളും പങ്കുവെയ്ക്കുന്നവരുമുണ്ട്. പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കനത്ത മഴയും ആരാധകരുടെ ആവേശം തെല്ലും കുറയ്ക്കുന്നില്ല.
