12-14 പ്രായക്കാർക്ക് വാക്‌സിൻ ; കുട്ടികൾക്ക് നൽകുന്നത് ബയോളജിക്കൽ ഇ-യുടെ കോർബെവാക്സ്
12-14 വയസ്സുകാർക്ക് ബുധനാഴ്ചമുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകും. 60 പിന്നിട്ട എല്ലാവർക്കും ബുധനാഴ്ചമുതൽ കരുതൽ ഡോസും നൽകും. ആരോഗ്യവിദഗ്‌ധരുടെ നിർദേശപ്രകാരമാണ് തീരുമാനം.
ബയോളജിക്കൽ ഇ-യുടെ കോർബെവാക്സാണ് കുട്ടികൾക്കു നൽകുക. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ കുത്തിവെപ്പെടുക്കാം. ആധാർ ഉൾപ്പെടെയുള്ള ഒൻപതു തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
അറുപതുകഴിഞ്ഞവർക്ക് മുമ്പ് എടുത്ത അതേ വാക്സിൻതന്നെയാകും കരുതൽഡോസായി നൽകുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപതുമാസം തികയുന്നവർക്ക് രജിസ്റ്റർചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. ലഭിക്കും. അപ്പോൾ ഓൺലൈനായി ബുക്ക് ചെയ്തോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിനെടുക്കാം.
2021 ജനുവരി 16-നാണ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. 180 കോടി ഡോസ് ഇതുവരെ വിതരണം ചെയ്തു.
15 വയസ്സിൽ താഴെയുള്ളവരിൽ ഉപയോഗാനുമതി ലഭിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ വാക്സിനാണ് കോർബെവാക്സ്.
ഭാരത് ബയോടെക്കിന്റെ കോവാക്സിൻ (രണ്ട് ഡോസ്), സൈഡസ് കാഡിലയുടെ സൈ ക്കോവ്-ഡി (മൂന്ന് ഡോസ്) എന്നിവയാണ് കുട്ടികൾക്ക് ഉപയോഗാനുമതി ലഭിച്ച മറ്റു വാക്സിനുകൾ.
12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശം കിട്ടിയാലുടൻ കുട്ടികളുടെ വാക്‌സിനേഷൻ തുടങ്ങും. 12 മുതൽ 14 വരെവയസുള്ള 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവർക്കായി 10,24,700 ഡോസ് കോർബെവാക്‌സ് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്‌സിൻ ലഭ്യമായത്.