ഇളങ്ങുളം വില്ലേജ് ഓഫീസ് കെട്ടിടനിർമാണം പരാതികളില്ലാതെ നിർവഹിക്കും

ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ നിർമിക്കുന്ന ഇളങ്ങുളം വില്ലേജ് ഓഫീസിന്റെ കെട്ടിടനിർമാണം പരാതികളില്ലാതെ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോൺക്രീറ്റിങ് ആവശ്യത്തിന് നനയ്ക്കാതെയാണ് നിർമാണപ്രവർത്തനമെന്ന് പരാതി ഉയർന്നതിനെ തുടർന്ന് റവന്യൂ അധികൃതർ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തി. 

സംസ്ഥാനസർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിലാണ് വില്ലേജ് ഓഫീസിന്റെ നിർമാണം നടത്തുന്നത്. നിർമാണം വിലയിരുത്തേണ്ട ചുമതലയില്ലെങ്കിലും കാഞ്ഞിരപ്പള്ളി തഹസിൽദാർ കരാറുകാരനുമായി ബന്ധപ്പെട്ട് പരാതിക്കിടയില്ലാതെ ചെയ്യാൻ നിർദേശം നൽകി. ജില്ലാ നിർമിതികേന്ദ്രമാണ് ഇളങ്ങുളം വില്ലേജ് ഓഫീസ് നിർമാണം നടത്തുന്നതെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്തുത നിർമാണവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ജില്ലാ പ്രോജക്ട് എൻജിനീയർ വിശദീകരിച്ചു. ജില്ലാ നിർമിതികേന്ദ്രത്തിന്റെ നിർമാണപ്രവർത്തനം കരാറുകാർക്ക് നൽകാറില്ലെന്നും നേരിട്ടാണ് ചെയ്യുന്നതെന്നും എൻജിനീയർ പറഞ്ഞു. 

ഇളങ്ങുളത്തെ നിർമാണം നടത്തുന്നത് സംസ്ഥാന നിർമിതികേന്ദ്രമാണ്. ഇവരാണ് കെട്ടിടനിർമാണത്തിന് ഉപകരാർ കൊടുത്തത്. നിർമാണ ജോലികൾ തുടങ്ങുന്നതിന് മുൻപ് രാവിലെയും വൈകീട്ട് പണികഴിഞ്ഞ് മടങ്ങുമ്പോഴും ആവശ്യത്തിന് വെള്ളമുപയോഗിച്ച് നനച്ചുകൊടുക്കുന്നുണ്ടെന്ന് കരാറുകാരൻ പറഞ്ഞു. ഏപ്രിലിനകം നിർമാണം പൂർത്തിയാക്കാനുള്ള സർക്കാർ നിർദേശമനുസരിച്ചാണ് പ്രവർത്തനം.

error: Content is protected !!