80 ലക്ഷം കാരുണ്യ ലോട്ടറി അടിച്ച മുക്കൂട്ടുതറയിലെ ഭാഗ്യവാനെ കണ്ടെത്തി ; പെയിന്റിംഗ് തൊഴിലാളി അനീഷ് എന്ന മനോജ്
മുക്കൂട്ടുതറ : മുക്കൂട്ടുതറയിലെ ഭാഗ്യവാൻ ആരാണെന്നറിയുവാൻ നാടാകെ അന്വേഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന കേരള ലോട്ടറി കാരുണ്യയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം മുക്കൂട്ടുതറയിൽ വിറ്റ കെ ഡി 106268 ടിക്കറ്റിനായിരുന്നു. എങ്കിലും ദിവസങ്ങളായി ഭാഗ്യവാൻ കാണാമറയത്തായിരുന്നു. ഒടുവിൽ പെയിന്റിംഗ് തൊഴിലാളിയായ മുക്കൂട്ടുതറ പനയ്ക്കവയാൽ പാലയ്ക്കാമണ്ണിൽ മനോജ് (41) ആണ് ആ ഭാഗ്യവാൻ എന്ന് അറിഞ്ഞതോടെ ആകാംഷയ്ക്ക് വിരാമമായി.
മനോജ് വിറ്റ ലോട്ടറി അടിച്ചത് മനോജിന്. മുക്കൂട്ടുതറയിൽ 80 ലക്ഷം അടിച്ച ഭാഗ്യവാനെ ഇനി തിരയേണ്ട. പെയിന്റിംഗ് തൊഴിലാളിയും കൂലിപ്പണികാരനുമായ അനീഷ് എന്ന മനോജാണ് ആ ഭാഗ്യവാൻ. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന കേരള ലോട്ടറി കാരുണ്യയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം മുക്കൂട്ടുതറയിൽ വിറ്റ കെ ഡി 106268 ടിക്കറ്റിനായിരുന്നു.
സമ്മാനം തനിക്കാണെന്ന് അറിഞ്ഞിട്ടും മനോജ് അമ്മയോട് അല്ലാതെ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. താൻ ഏറ്റ ഒരു വീടിന്റെ പെയിന്റിംഗ് ജോലി എത്രയും പെട്ടന്ന് തീർക്കണമെന്ന വീട്ടുകാരുടെ നിർബന്ധം മുൻനിർത്തി പെയിന്റിംഗ് ജോലി പൂർത്തിയാക്കാനുള്ള തിരക്കിട്ട ജോലിയിലായിരുന്നു അനീഷ് എന്ന മനോജ്. അപ്പോഴൊക്കെ ഒന്നാം സമ്മാനം ആർക്കാണെന്ന് അറിയാതെ അന്വേഷണത്തിലായിരുന്നു നാട്.
ലോട്ടറി വിറ്റ എലിവാലിക്കര കാഞ്ഞിരക്കാട്ട് മനോജ് തന്റെ കയ്യിൽ നിന്നും ലോട്ടറി വാങ്ങിയ ആളുകളെ തിരക്കി അന്വേഷണം നടത്തിയിട്ടും ഒന്നാം സമ്മാനക്കാരനെ പിടി കിട്ടിയിരുന്നില്ല. സ്ഥിരമായി മനോജിനോട് ടിക്കറ്റ് എടുക്കുന്ന അനീഷ് ആകട്ടെ മനോജിന് കൂടപ്പിറപ്പ് പോലെ അടുത്ത സുഹൃത്ത് കൂടിയാണ്. പലപ്പോഴും കടം ആയി ലോട്ടറി മനോജിനോട് എടുക്കാറുമുണ്ട്.
എന്നിട്ടും അനീഷ് ഒന്നാം സമ്മാനമായ ടിക്കറ്റ് തനിക്കാണെന്ന് ആരെയും അറിയിച്ചിരുന്നില്ല. പെയിന്റിംഗ് ജോലി പൂർത്തിയായതോടെ അനീഷ് ടിക്കറ്റുമായി മനോജിന്റെ അടുക്കൽ ഇന്നലെ എത്തുമ്പോഴാണ് നാട് മുഴുവൻ തിരക്കിയ ഭാഗ്യവാൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയ മനോജ് എന്ന അനീഷ് ആണെന്ന് അറിയുന്നത്. വൈകാതെ ഇരുവരും മുക്കൂട്ടുതറ എസ്ബിഐ ബാങ്ക് ശാഖയിൽ എത്തി മാനേജർക്ക് ടിക്കറ്റ് കൈമാറി. താമസിയാതെ നടപടികൾ പൂർത്തിയാക്കി സമ്മാനതുക നൽകാമെന്ന് മാനേജർ അറിയിച്ചു. ആകെയുള്ള 15 സെന്റ് സ്ഥലത്തെ തന്റെ ചെറിയ വീട് പുതുക്കി പണിയണമെന്നും അച്ഛനും ലോഡിങ് തൊഴിലാളിയായ ശശികുമാറിനും, രോഗിയായ അമ്മ ശാന്തമ്മക്കും സഹോദരങ്ങൾക്കും മെച്ചപ്പെട്ട ജീവിതം ഒരുക്കണമെന്നും കഴിയുന്നത് പോലെ പാവങ്ങളെ സഹായിക്കണമെന്നുമാണ് മനോജ് എന്ന അനീഷിന്റെ വലിയ ആഗ്രഹം. ലോട്ടറി സമ്മാനം അതിനായി വിനിയോഗിക്കുമെന്ന് സന്തോഷത്തോടെ അനീഷ് എന്ന മനോജ് പറയുന്നു. ഭൂട്ടാൻ ഡാറ്റയുടെ അയ്യായിരം രൂപ ആണ് ലോട്ടറിയിൽ ഇതിന് മുമ്പ് അനീഷിന് ലഭിച്ച വലിയ സമ്മാനം