ഉരുൾപൊട്ടൽ സാഹചര്യം വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോക്ഡ്രിൽ നടത്തി
എരുമേലി ∙ പാഞ്ഞെത്തിയ ആംബുലൻസ്, കുത്തനെയുള്ള കയറ്റം നിമിഷങ്ങൾക്കുള്ളിൽ കയറി പൊലീസിന്റെ ഗൂർഖ ജീപ്പ്, ഓടിയെത്തുന്ന അഗ്നിരക്ഷാ സേനയും വൊളന്റിയർമാരും… തുമരംപാറയിലെ ജനങ്ങൾ ഒന്നമ്പരന്നു. ആദ്യം എന്തോ അത്യാഹിതം സംഭവിച്ചെന്നു കരുതി ചിലർ ഓടിയെത്തി. പിന്നീടാണ് ഉരുൾപൊട്ടൽ സാഹചര്യം വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ മോക്ഡ്രിൽ ആണെന്നു മനസ്സിലാക്കിയത്. എന്തെങ്കിലും സംഭവിച്ചാൽ എല്ലാം ശരിയാണോ എന്നറിയാനുള്ള പരിശീലനമാണ്. ആദ്യം പേടിച്ചവർ പിന്നെ ചിരിച്ചു.എരുമേലി തുമരംപാറയ്ക്കു സമീപം, മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യം പ്രതീകാത്മകമായി സൃഷ്ടിച്ചാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ 2.30ന് ആയിരുന്നു മോക്ഡ്രിൽ ആരംഭിച്ചത്.
ട്വിസ്റ്റോട് ട്വിസ്റ്റ്: പൊലീസ് ജീപ്പുകളും ആംബുലൻസും പാഞ്ഞെത്തുന്നതു കണ്ട് എന്താണു സംഭവിച്ചതെന്നു നോക്കാനാണ് അമീർ സ്ഥലത്തെത്തിയത്. മോക്ഡ്രില്ലിൽ പങ്കെടുക്കാമോയെന്ന് അധികൃതരുടെ ചോദ്യം. അമീർ റെഡി. അമീറിനു പ്രഥമശുശ്രൂഷ നൽകുന്നതു കണ്ടപ്പോൾ കൂട്ടുകാർ അന്തംവിട്ടു. കാര്യമറിഞ്ഞപ്പോൾ ഫോട്ടോ എടുത്തു സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് ആഘോഷിച്ചു. ഇന്നലെ അമീറിന്റെ 21–ാം പിറന്നാൾ ആയിരുന്നു.
‘രക്ഷപ്പെടുത്തിയവരെ’ സമീപത്തെ ട്രൈബൽ എൽപി സ്കൂളിലേക്കാണ് എത്തിച്ചത്. ഇവിടെ ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കുട്ടികളും മോക്ഡ്രില്ലിന്റെ ഭാഗമായി. സമീപത്തെ അങ്കണവാടിയിൽ നിന്നാണു കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചത്. ചില കുട്ടികൾ കാര്യമറിയാതെ അമ്പരപ്പിലായി. ഇവരെ ആശ്വസിപ്പിച്ചും വീട്ടുകാർക്കൊപ്പമിരുത്തിയും അധികൃതർ കൂടെനിന്നു.മോക്ഡ്രിൽ വിജയകരമെന്ന് അധികൃതർ പറഞ്ഞു. ‘അപകടത്തിൽപട്ടവരെ’ സംഭവസ്ഥലത്തുനിന്ന് ഏറ്റവും അടുത്തുള്ള മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ 7 മിനിറ്റിനകം എത്തിക്കാനായി. പ്രാഥമികശുശ്രൂഷയും കോവിഡ് ടെസ്റ്റും സ്കൂളിൽത്തന്നെ ചെയ്യാനുള്ള സംവിധാനവും ഉടനടി സജ്ജമാക്കി. പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം – പഞ്ചായത്ത് വകുപ്പുകൾ, ജനപ്രതിനിധികൾ, ആപത്‌മിത്ര വൊളന്റിയർമാർ, സന്നദ്ധ പ്രവർത്തക സംഘടനയായ ടീം നന്മക്കൂട്ടം എന്നിവർ അണിചേർന്നു.
ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു, തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, അഗ്നിരക്ഷാസേന ഓഫിസർ കെ.എസ്.ഓമനക്കുട്ടൻ, വില്ലേജ് ഓഫിസർ വർഗീസ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.കലക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ സജ്ജമാക്കിയ സംവിധാനത്തിലൂടെ കലക്ടർ പി.കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ് എന്നിവർ നടപടികൾ വിലയിരുത്തി.
ഉരുൾപൊട്ടലിൽ രക്ഷയായ മോക് ഡ്രിൽ തുമരംപാറയ്ക്ക് പാഠമായി.
എരുമേലി : അതിവേഗം പാഞ്ഞെത്തിയ സർക്കാർ വകുപ്പുകളുടെ രക്ഷാ പ്രവർത്തകരെ കണ്ട് ഓടിയ യുവാവിന് നിമിഷങ്ങൾക്കുള്ളിൽ ശുശ്രൂഷ നൽകി ബോധം തെളിഞ്ഞപ്പോൾ അറിഞ്ഞു മോക് ഡ്രില്ലിന്റെ കാര്യക്ഷമത. പ്രകൃതി ദുരന്തങ്ങൾ പല തവണ നേരിട്ടു കണ്ട നാട്ടുകാർക്ക് മോക് ഡ്രിൽ പകർന്നത് രക്ഷയുടെ എളുപ്പ വഴി തെളിഞ്ഞ പുതിയ പാഠം. ഇന്നലെ എരുമേലിയിൽ തുമരംപാറ പ്രദേശത്താണ് നാടിന് ഉരുൾപൊട്ടൽ പ്രതിരോധത്തിന്റെ മാർഗങ്ങൾ പകർന്ന മോക് ഡ്രിൽ അവിസ്മരണീയ അനുഭവമായി മാറിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആണ് മോക് ഡ്രിൽ നടത്തിയത്. ഉച്ചക്ക് രണ്ടരക്ക് ആരംഭിച്ച മോക് ഡ്രിൽ രണ്ട് മണിക്കൂർ ആണ് നീണ്ടത്. വൈകുന്നേരം നാലരയോടെ മോക് ഡ്രിൽ അവസാനിപ്പിച്ച് വിവിധ വകുപ്പുകളുടെ മേധാവികൾ ജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തം സംഭവിച്ചാൽ എങ്ങനെ നേരിടണമെന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു മോക് ഡ്രിൽ. കോട്ടയം ജില്ലയിൽ ഇതിനായി തുമരംപാറ ചപ്പാത്ത് പ്രദേശത്തെയാണ് തെരഞ്ഞെടുത്തത്. തുമരംപാറ ഗവ. എൽ പി സ്കൂൾ ആയിരുന്നു ദുരിതാശ്വാസ കേന്ദ്രം. പ്രദേശത്തെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഒഴികെ മോക് ഡ്രിൽ സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ സൈറൺ മുഴക്കി രക്ഷാ വാഹനങ്ങൾ എത്തുമ്പോഴാണ് നാട്ടുകാർ അറിയുന്നത്. പ്രദേശത്ത് ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്ത സാധ്യതയുടെ ആദ്യ മുന്നറിയിപ്പായി ഓറഞ്ച് അലർട്ടും തുടർന്ന് റെഡ് അലർട്ടും നൽകിയതോടെ മോക് ഡ്രിൽ ആരംഭിച്ചു. പിന്നാലെ ഓരോ വകുപ്പുകളുടെയും വാഹനങ്ങളും രക്ഷാ പ്രവർത്തകരും എത്തി. സ്ട്രക്ച്ചർ, ട്രോളി,, ഡോക്ടർമാർ, നഴ്‌സുമാർ, പോലിസ്, ഫയർ ഫോഴ്സ്, പ്രഥമ ചികിത്സാ ഉപകരണങ്ങൾ, ആംബുലൻസുകൾ, ഫയർ ഫോഴ്സ്, വൈദ്യുതി വിതരണ ജീവനക്കാർ, സിവിൽ ഡിഫൻസ് ഫോഴ്സ് ഉൾപ്പടെ രക്ഷാ ദൗത്യവുമായി വിവിധ സംഘങ്ങൾ ചപ്പാത്ത് മേഖലയിൽ ഓരോ വീടുകളിലേക്കും നിമിഷങ്ങൾക്കുള്ളിൽ എത്തി. പ്രദേശവാസികളെ പെട്ടന്ന് ഒഴിപ്പിച്ച് സമീപത്തെ സ്കൂളിൽ എത്തിക്കുന്നതായിരുന്നു പ്രധാന ദൗത്യം. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും രക്ഷാ പ്രവർത്തകർ സ്ട്രക്ച്ചറിലും മറ്റുമായി എത്തിച്ചു. സ്കൂളിൽ തയ്യാറാക്കിയ അടിയന്തര ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചത് 84 പേരെയാണ്. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ നാല് പേരെ എത്തിച്ചു. എല്ലാവരുടെയും ആരോഗ്യ നില ഉടനെ തന്നെ പരിശോധിച്ചു. ഒപ്പം കോവിഡ് ടെസ്റ്റും നടത്തി. ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുന്നതിലെ കാര്യക്ഷമത അറിയുന്നതിനായി ഇതോടൊപ്പം മറ്റൊരു വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രികളിലേക്ക് നാട്ടുകാരിൽ ചിലരെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനത്തിൽ കൊണ്ടുപോയിരുന്നു. ഏഴ് മിനിറ്റ് സമയം കൊണ്ട് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ വയോധികരായ രണ്ട് പേരെ എത്തിച്ച ഡ്രൈവർ മോക് ഡ്രില്ലിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. അഡീഷണൽ ജില്ലാ മജിസ്‌ത്രേട്ട് ജിനു പുന്നൂസ് ആണ് മോക് ഡ്രില്ലിന് നേതൃത്വം നൽകിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, തഹസീൽദാർ ബിനു സെബാസ്റ്റ്യൻ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, പോലിസ് സബ് ഇൻസ്‌പെക്ടർ അനീഷ്, ജനപ്രതിനിധികളായ ബിനോയ് ഇലവുങ്കൽ, സുബി സണ്ണി, കെ ആർ അജേഷ്, റവന്യു, പോലിസ്, ആരോഗ്യം, പഞ്ചായത്ത്, ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് ടീം, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പിലെ സേഫ് സോൺ ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.