അക്കമ്മ ചെറിയാൻ

അക്കമ്മ ചെറിയാൻ.തിരുവിതാംകൂറിന്റെ ഝാൻസി റാണി.അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാൻസിറാണിയെന്നു പ്രകീർത്തിച്ചത് മറ്റാരുമല്ല, സാക്ഷാൽ മഹാത്മാഗാന്ധിയാണ്. 1938ൽ അന്നു വെറും 28 വയസ് മാത്രംപ്രായമുണ്ടായിരുന്ന അക്കാമ്മ ഒരു ലക്ഷം സ്റ്റേറ്റ് കോണ്ഗ്രസ്സ് വോളന്റീർമാരുമായി രാജകൊട്ടാരം വളഞ്ഞു മഹാരാജാവിനെ ഉപരോധിച്ചു

പട്ടം താണുപ്പിള്ള ഉൾപ്പെടെ ദിവാൻ അന്യായ തടങ്കലിൽവച്ചിരുന്ന സ്റ്റേറ്റു കോണ്ഗ്രസ്സ് നേതാക്കന്മാരെ എല്ലാം മോചിപ്പിക്കുന്നതിനു രാജാവിനെക്കൊണ്ടു കൽപ്പന ഇറക്കിച്ചുവെന്ന വാർത്ത അറിഞ്ഞപ്പോഴാണ് ഗാന്ധിജിഅക്കാമ്മയെ ” Here comes another jhansi rani from Travancore ” എന്നു പ്രശംസിച്ചത്.

കാഞ്ഞിരപ്പള്ളിയിലെ വളരെ പ്രശസ്തമായ കരിപ്പാപ്പറമ്പിൽ കുടുംബത്തിൽ അക്കാലത്തെ ഒരു കർഷക പ്രഭുവായിരുന്ന ചെറിയാന്റെ മകളായി 1909ഫെബ്രുവരി15 നു ആയിരുന്നു അക്കാമ്മയുടെ ജനനം. ബി. എ. എൽ.ടി.പാസ്സായി ആദ്യ നിയമനം തന്നെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്ഗേൾസ് സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയിട്ടുമായിരുന്നു.മൂന്നു വർഷം കഴിഞ്ഞപ്പോൾ രാജിവച്ചുസ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്കിറങ്ങി.ദേശാഭിമാനിയും ദേശീയവാദിയുമായിരുന്നു പിതാവ് ചെറിയാൻ. സ്റ്റേറ്റു കോൺഗ്രസ് അനുഭാവിയും. അങ്ങിനെയാണ് അദ്ദേഹവും മക്കളും സ്വാതന്ത്ര്യസമരത്തിലേക്ക് വരുന്നത്. അക്കാമ്മ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഹെഡ്മിസ്ട്രസ് പദവി രാജിവച്ചുസ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങുകയായിരുന്നല്ലോ. സഹോദരിമാർ റോസമ്മയും പെണ്ണമ്മയും സഹോദരൻചെറിയാനും ഒക്കെ സമരത്തിനിറങ്ങിയതോടെ അവർ വാർത്തകളിൽ നിറഞ്ഞു. ലളിതാ_ പദ്മിനി_ രാഗിണി മാർ തിരുവിതാംകൂർ സിസ്റ്റേഴ്‌സ് എന്ന പേരിൽ നൃത്തകലാരംഗത്ത് പ്രശസ്തരായി വരുന്ന കാലം. അപ്പോഴാണ് കരിപ്പാപ്പറമ്പിൽ സഹോദരിമാരെയും ആളുകൾ ” ദി ട്രാവൻകൂർ സിസ്റ്റേഴ്‌സ് ഇൻ പൊളിറ്റിക്സ്” എന്നു വിളിച്ചത്. ആ പേരിൽ അവർ വളരെപ്പെട്ടെന്ന് പ്രശസ്തരാവുകയും ചെയ്തു. അക്കാമ്മക്കു ഗാന്ധിജി നൽകിയ പ്രശംസ അവരെവാനോളമുയർത്തി.രാജകൊട്ടാരത്തിനു മുൻപിലെ സമരരംഗത്തു അവരെ തടയാൻ സർക്കാർ കുതിരപ്പട്ടാളത്തെ വരെ ഇറക്കി യിട്ടും അക്കാമ്മ അസാധാരണ ധൈര്യത്തോടെയാണ്ജനങ്ങളെ നയിച്ചത്. ഒരു തുറന്ന ജീപ്പിൽ ഖാദി വസ്ത്ര ങ്ങൾ ധരിച്ചു ഗാന്ധിത്തൊപ്പിയും വച്ചു ജനലക്ഷങ്ങളെ ആവേശഭരിതരാക്കി രാജ കൊട്ടാരത്തിലേക്കു നയിച്ചു നീങ്ങിയ ജാഥയെ അന്നത്തെ ഇംഗ്ലീഷ്കാരനായ പോലീസ് കമ്മിഷണർ തടയുകയും ” unless you disperse your people now, I will be forced to fire at them” എന്നു ധാർഷ്ട്യത്തോടെപറയുകയും ചെയ്തപ്പോഴാണ് അക്കാമ്മ ജീപ്പിൽ എഴുന്നേറ്റു നിന്നു തന്നെ കമ്മീഷണരോട് വെടി പൊട്ടുമ്പോലെ” Mr. Commissioner, you won’t be able to touch any one of my people here unless you fire at me first എന്നു ഗർജിച്ചതു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കുതിരപ്പട്ടാളത്തെ അവർക്കുനേരെ പായിക്കുവാൻപോലീസ് ആലോചിക്കുന്നുവെന്നു തോന്നിയപ്പോൾ ജനങ്ങളോട് റോഡിൽ കമിഴ്ന്നു കിടക്കുവാൻ അവർപറഞ്ഞതോടെ കമ്മീഷണർ നിസ്സഹായനായി നിന്നു.കുതിരപ്പട്ടാളത്തെ നിലത്തു കിടക്കുന്നവർക്കു നേരെ ഓടിച്ചാൽ ഒട്ടേറെ രക്തസാക്ഷികളുണ്ടാകുമെന്നു തീർ ച്ചയായതോടെ കമ്മീഷണർ രാജാവിനെക്കണ്ട് സ്ഥിതി യുടെ ഗൗരവം ധരിപ്പിക്കുകയും തന്റെ പ്രജകൾക്കു ജീവ ഹാനി വരുന്നതിനെക്കാൾ നല്ലതു അവരുടെ നേതാക്ക ളെ ജയിൽ മോചിതരാക്കുന്നതാണെന്നു മഹാരാജാവു കൽപ്പിക്കുകയും ചെയ്തതോടെ അക്കാമ്മ ചെറിയാൻതിരുവിതാംകൂറിന്റെ ആധുനിക രാഷ്ട്രീയ ചരിത്ര ത്തിലെ ഒരു ഇതിഹാസ കഥാപാത്രമായിതീരുകയായിരുന്നു. ഗാന്ധിജിയുടെ പ്രശംസ കൂടി വന്നതോടെ അവർ തിരുവിതാംകൂറിന്റെ ഝാൻസി റാണിയുമായി.പിന്നീടും ഒട്ടേറെ പ്രാവശ്യം അക്കാമ്മ ചെറിയാൻ സർക്കാരുമായി ഏറ്റുമുട്ടുകയും പല തവണ തടവിലാക്കപ്പെടുകയുമുണ്ടായി. അതൊന്നും അവരെഒട്ടും ഭയപ്പെടുത്തിയുമില്ല. തിരുവിതാംകൂർ സ്റ്റേറ്റ്‌കോണ്ഗ്രസ്സിന്റെ ഉത്തരവാദിത്വ ഭരണ പ്രക്ഷോഭണ ത്തിൽ അക്കാമ്മ ചെറിയാനും ആനി മസ്ക്രീനും അക്കാലത്തെ താരറാണിമാരായിതീർന്നുവെന്നതാ യിരുന്നു യാഥാർഥ്യം. ദിവാൻ സർ സി.പി.യ്ക്ക് രണ്ടുപേരും തന്റെ രാഷ്ട്രീയ ശത്രുക്കളുമായി.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ദിവാൻ സർ സി.പി.സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും ദിവാനു നേരെവധശ്രമം വന്നതോടെ അദ്ദേഹം തിരുവിതാംകൂർ വിട്ടുപോവുകയായിരുന്നു. തുടർന്ന് പി.ജി.എൻ. ഉണ്ണിത്താൻആക്ടിങ് ദിവാനായി. 1948ൽ നടന്ന ആദ്യ നിയമസഭാതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന് വൻഭൂരിപക്ഷം ലഭിച്ചതോടെ പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടി.എം.വർഗീസു, സി.കേശവൻ എന്നിവർ മന്ത്രിമാരുമായുള്ളആദ്യ ജനകീയ മന്ത്രിസഭയും നിലവിൽ വന്നു.പക്ഷെ പട്ടത്തിന്റെ ഭരണ ശൈലി സർക്കാരിന്റെ മുഖഛായക്കു മങ്ങലേല്പിച്ചു.എം.എൽ.എ മാർക്കുപോലും മുഖ്യമന്ത്രി അപ്രാപ്യനായതോടെ പാർട്ടിയിലും എതിർപ്പായി. സഹമന്ത്രിമാരുടെ വകുപ്പുകളിലും പട്ടം ഇടപെട്ടു തുടങ്ങിയതോടെ ഉദ്യോഗസ്ഥഭരണമെന്ന ആക്ഷേപവും വ്യാപകമായി. പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയും ഒരാളാവൻ പാടില്ല എന്ന പ്രമേയത്തിന് നോട്ടീസ് കൊടുത്തതോടെ രണ്ടുപദവികൾക്കും യോഗ്യതയി ല്ലെങ്കിൽ ഒരു പദവിയും വേണ്ട എന്നു പറഞ്ഞു രണ്ടുപദവികളും പട്ടം രാജിവച്ചൊഴിഞ്ഞു. അതാരും പ്രതീക്ഷി ച്ചിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം. ” We neverwanted him to quit, only wished him to be tamed” എന്നായിരുന്നു പിൽക്കാലത്തു എല്ലാറ്റിന്റെയും ബുദ്ധികേന്ദ്രമായിരുന്ന ടി.എം. വർഗീസ് വെളിപ്പെടുത്തിയത്. പട്ടം തുടർന്ന് സ്റ്റേറ്റ് കോണ്ഗ്രസില് നിന്നും രാജിവച്ചുപ്രജാ സോഷ്യലിസ്റ് പാർട്ടി രൂപീകരിച്ചതോടെ ആദ്യ ത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവുമായി ചരിത്രം സൃഷ്ടിച്ചു. സ്റ്റേറ്റ്കോണ്ഗ്രസ്സ് പാർട്ടി ചേർന്നു പട്ടത്തിനു പകരം സി.കേശവനെ പാർട്ടി പ്രസിഡന്റായും പറവൂർ ടി. കെ.നാരായണപിള്ളയെ പാർലമെന്ററി പാർട്ടി നേതാവുംമുഖ്യമന്ത്രിയുമായും തെരഞ്ഞെടുത്തതോടെ പറവൂർടി.കെ.യുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭയും നിലവിൽവന്നു.പാർട്ടിയിലെ രണ്ടാം സ്ഥാനക്കാരനാ യിട്ടും ടി. എം. വര്ഗീസ് തന്നെ പറവൂർ ടി.കെ.യുടെപേരുനിർദ്ദേശിച്ചു മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മന്ത്രിസഭയിൽ നിന്നും മാറി നിന്നതു പട്ടത്തിനെ താഴെ ഇറക്കി യതിൽ വർഗീയത ആരോപിക്കാതിരിക്കാനും പകരം ടി.കെ.നാരായണ പിള്ളയെതന്നെ മുഖ്യമന്ത്രിയാക്കി യതു നായർ സമുദായത്തിന്റെ മനസ്സിൽ മുറിവുണ്ടാകാ തിരിക്കുവാനും ഉദ്ദേശിച്ചായിരുന്നു. മുഖ്യമന്ത്രി ടി.കെഎ. ജെ. ജോണ് കൂടി തന്റെ മന്ത്രിസഭയിൽ വേണമെന്ന്വാശി പിടിച്ചതോടെ അദ്ദേഹം നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ചു മന്ത്രിയായി. ആർ.വി. തോമസ് പകരം നിയമസഭാ സ്പീക്കറായി തെരഞ്ഞെക്കപ്പെട്ടു.മന്ത്രിസഭയിലേക്ക് അക്കാമ്മ ചെറിയാന്റെ പേരായി രുന്നു ടി.കെ നിർദ്ദേശിച്ചത്. എന്നാൽ ഈ. ജോണ്ഫിലിപ്പോസ് ആനി മസ്ക്രീൻ ആണ് മന്ത്രിയാകേണ്ട തെന്നു ശക്തമായ നിലപാടെടുത്തപ്പോൾ അക്കാമ്മ തന്നെ പ്രതിസന്ധി പരിഹരിക്കുവാൻ ത്യാഗം ചെയ്യുകയായിരുന്നു. ആനി മസ്ക്രീൻ തന്നെക്കാൾ സീനിയർ മാത്രമല്ലകൂടുതൽ ത്യാഗങ്ങളും അനുഷ്ഠിച്ചിട്ടു ണ്ടെന്നു പറഞ്ഞു മിസ് മസ്ക്രീൻ തന്നെ മന്ത്രിയാവട്ടെ എന്നു അക്കാമ്മ തന്നെ നിർദ്ദേശി ച്ചത് പാർട്ടി നേതാക്കളെപ്പോലും അന്ന് അദ്‌ഭുതപ്പെടു ത്തുകയുണ്ടായി. എന്നും ത്യാഗം ചെയ്യാനായിരുന്നു അക്കാമ്മ ചെറിയാന്റെ നിയോഗം !1952 ലെ പൊതുതെരഞ്ഞെടുപ്പു വന്നപ്പോൾ തനിക്കുവീണ്ടും നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമി ല്ലെന്നും പാലാ ഉൾപ്പെട്ട മീനച്ചിൽ ലോക് സഭാ മണ്ഡല ത്തിൽ മത്സരിച്ചാൽ കൊള്ളാമെന്നുണ്ടെന്നും അക്കാമ്മപാർട്ടി നേതൃത്വത്തെ ധരിപ്പിച്ചെങ്കിലും എന്തുകൊണ്ടോപി.ടി. ചാക്കോയ്ക്കാണ് ടിക്കറ്റ് നൽകിയത്. തിരുവനന്ത പുരംമണ്ഡലത്തിൽ ടിക്കറ്റിന് അപേക്ഷിച്ച മിസ്‌ ആനി മസ്ക്രീനും പാർട്ടി ടിക്കറ്റു നിഷേധിക്കുകയായിരുന്നു.പട്ടത്തിന്റെ ആശീർവാദത്തോടെ മിസ് മസ്ക്രീൻ അവിടെ സ്വതന്ത്രയായി മത്സരിച്ചു ജയിച്ചു. അക്കാമ്മ എം.എൽ.എ ടിക്കറ്റ് സ്വീകരിച്ചതുമില്ല. പക്ഷെ അവരെപ്രകോപിപ്പിച്ചത് 1953ൽ കാരണമൊന്നും പറയാതെപി.ടി. ചാക്കോ എം.പി.സ്ഥാനം രാജിവച്ച ഒഴിവിലും പാർട്ടി ടിക്കറ്റിനപേക്ഷിച്ചപ്പോൾ തനിക്കു വീണ്ടും അതു നിഷേധിച്ചപ്പോഴാണ്. അത്തവണ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയെയാണ് കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയാക്കിയത്. വൈകിയാണെങ്കിലും ഇതിനിടെ അക്കാമ്മയുടെ വിവാഹവും നടന്നിരുന്നു.സ്വാതന്ത്ര്യ സമര നേതാവും എം. എൽ.എ യുമായിരുന്ന വി.വി. വർക്കിയാണ് അക്കാമ്മയെ വിവാഹം ചെയ്തത്. അതോടെ അവർ അക്കാമ്മ വർക്കിയായി.മീനച്ചിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ അവർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ആദ്യം തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് സഹോദരി റോസമ്മ പുന്നൂസും സഹോദരീ ഭർത്താവ്പി.ടി. പുന്നൂസും ഉൾപ്പെടെയുള്ള ഒട്ടേറെ നേതാക്കളുടെപ്രേരണയും സമ്മർദവും വന്നതോടെ അക്കാമ്മ വഴങ്ങു കയായിരുന്നു. എന്നാൽ നാമനിര്ദേശപത്രിക നൽകിഒരാഴ്ചയ്ക്കകം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് അക്കാമ്മയെ ആദ്യ പ്രസവത്തിനു വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുകൊണ്ടു തെരഞ്ഞെ ടുപ്പ് പ്രചാരണത്തിൽ അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞതുമില്ല. എന്നിട്ടും അവർ തീ പാറുന്ന മത്സരംതന്നെ കാഴ്ചവച്ചുവെന്നതാണ് ഓർമ്മിക്കേണ്ടത്.മീനച്ചിൽപോലെ കോണ്ഗ്രസ്സിന്റെ ഒരു ശക്തികേന്ദ്ര ത്തിൽ അവർ കോണ്ഗ്രസ്സിനെതിരെ വലിയ വെല്ലുവിളിഉയർത്തിയെന്നതാണ് യാഥാർഥ്യം. സഭയും പ്രബല നായർ -ക്രിസ്ത്യൻ സമുദായങ്ങളും മുഖ്യധാരാപത്ര ങ്ങളും പാലാ സെൻട്രൽ ബാങ്കും കൊട്ടുകപ്പള്ളിക്കു പിന്നിൽ നില കൊണ്ടു. കാഞ്ഞിരപ്പള്ളിയിലെ തന്നെ ചില പ്രമുഖ കുടുംബങ്ങളും എന്തുകൊണ്ടോ അന്ന് അക്കാമ്മയ്ക്ക് എതിർനിലപാടിലായിരുന്നു. അതു കൊണ്ടു അവരും കൊട്ടുകാപ്പള്ളിയെ ശക്തമായി പിന്തുണച്ചു. സ്റ്റേറ്റ് കോണ്ഗ്രെസ്സിൽ അക്കാമ്മ ചെറിയാന്റെ നേതൃപദവിക്കു തടയിടുന്നതിനു വേണ്ടി ഇവരെല്ലാം ചേർന്നു പി.ടി.ചാക്കോയെ മുൻപിൽ നിർത്താൻ ശ്രമിക്കുന്നുവെന്ന തോന്നലും ഒരു പക്ഷെ അക്കമ്മയ്ക്കു നേരത്തെ മുതൽ തന്നെ ഉണ്ടായിരു ന്നിരിക്കണം.1952ൽ പി.ടി. ചാക്കോയെ കൊണ്ടു മീനച്ചിൽ പാർലിമെന്റ് മണ്ഡലത്തിൽ ടിക്കറ്റിന് അപേക്ഷിപ്പി ച്ചതിനു പിന്നിലും ചിലർക്ക് തന്നോടുള്ള വ്യക്തിപരമായ വൈരമാണ് കാരണമെന്ന് അവർ ന്യായമായും സംശയിച്ചിരുന്നു. പക്ഷെ ഉപതെരഞ്ഞെ ടുപ്പിലെ ടിക്കറ്റ് നിഷേധത്തിനു എ. ജെ. ജോണും ടി.എം.വർഗ്ഗീസും കൂടി കൂട്ടു നിന്നുവെന്നത് അക്കാമ്മയെ വല്ലാതെ ആഴത്തിൽ മുറിപ്പെടുത്തി. അക്കമ്മയ്ക്കു ടിക്കറ്റ്‌ തന്നാൽ എവിടുന്നു പണം ഉണ്ടാകുമെന്ന ടി.എം . വർഗീസിന്റെ ചോദ്യം അക്കാമ്മയെ പ്രകോപിപ്പി ക്കുകയും ചെയ്തു. എന്നിട്ടും ആദ്യമൊന്നും മത്സരിക്കണമെന്നു വിചാരിച്ചിരുന്നതുമില്ല. പിന്നീട് പി.ടി. പുന്നൂസും മറ്റും നിർബന്ധിച്ചപ്പോൾ മാത്രമാണ്അവർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറായതും. ആന ചിഹ്നത്തിലായി രുന്നു അക്കാമ്മ മത്സരിച്ചത്. നുകം വച്ച കാളകൾ കൊട്ടുകാപ്പള്ളിക്കും. ജയം കൊട്ടുകാപ്പള്ളിക്കായി. അക്കാമ്മ അതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്കു ശേഷം1967ൽ കെ.പി. മാധവൻ നായരുടെ അഭ്യർത്ഥന പ്രകാരം അക്കാമ്മ കോൺഗ്രസ് സ്ഥാനാർഥിയായി കാഞ്ഞിരപ്പള്ളിയിൽ നിന്നും തോൽക്കുമെന്നു അറിഞ്ഞുകൊണ്ട് തന്നെ മത്സരിക്കുകയുണ്ടായി. ത്രികോണ മത്സരത്തിൽ കോൺഗ്രസ്– കേരള കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിച്ചു ഇടതു മുന്നണിക്കായിരുന്നു ജയം. ഒരു പക്ഷെ അക്കാമ്മയെ കോണ്ഗ്രെസ്സിലേക്കു തിരിയെ കൊണ്ടുവരുന്നതിന് വേണ്ടി കെ.പി. മാധവൻ നായർ കണ്ട ഒരു വഴിയു മായിരുന്നിരിക്കാം അക്കാമ്മയുടെ സ്ഥാനാർത്ഥിത്വം. വലിയ സാമ്പത്തിക ബാധ്യതയാണ് 1953 ലെ തെരെഞ്ഞെടുപ്പ് വകയിൽഅക്കമ്മയ്ക്കുണ്ടായത്. ഉണ്ടായിരുന്ന വസ്തു കൂടിവിറ്റാണ് അന്നത്തെ കടങ്ങൾ വീട്ടിയതും. ചിറക്കടവിൽ ചെറിയ ഒരു രണ്ടുമുറിവീട്ടി ലായിരുന്നു പിന്നീട് താമസം. ഭർത്താവിന്റെ മരണവും അവർക്ക് വലിയ ആഘാതമായി. ഏക മകൻ ജോർജിന്റെ വിദ്യാഭ്യാസത്തിനായി പിന്നീട് അവർ തിരുവനന്തപുരത്തിനു താമസവും മാറ്റി. ഏതു രാജവീഥികളിൽക്കൂടിയാണോ താൻ തിരുവിതാംകൂർപട്ടാളത്തെ വെല്ലുവിളിച്ചു ജനലക്ഷങ്ങളുടെ ജാഥ നയിച്ചത് ആ നഗരത്തിലാണവർ ആരാലും തിരിച്ചറിയ പ്പെടാതെ അവരുടെ അവസാന വർഷങ്ങൾ ജീവിച്ചുതീർത്തത്.അക്കാമ്മ കാഞ്ഞിരപ്പള്ളി ചിറക്കടവിൽ താമസിക്കുന്നകാലത്ത് ഒരിക്കൽ അവരെ അവിടെ ചെന്ന് കണ്ട കാര്യം എന്റെ ഓർമ്മയിലുണ്ട്. 1971ൽ ജ്യേഷ്ഠൻ ജോർജ്കുട്ടിയുടെ വിവാഹത്തിന് അവരെക്ഷണിക്കാൻ അമ്മ എന്നെ പറഞ്ഞയച്ചതായിരുന്നു. മിക്കവരെയും കത്തും കാർഡും വഴിയാണ് കല്യാണംവിളിച്ചതെങ്കിലും അക്കാമ്മയെ നേരിൽ ചെന്നു ക്ഷണിക്കണമെന്നു അമ്മ നിർബന്ധം പറഞ്ഞു. ചിറക്കടവിൽ ചെന്നു പലരോട് ചോദിച്ചാണ് വീട് കണ്ടുപിടിച്ചത്.എനിക്ക് വീണ്ടും സംശയമായി. മതിലൊ ഗെയിറ്റോ ഇല്ല. വെട്ടുകല്ലുകൊണ്ടു പണിതു പുറംഭിത്തി വെള്ളപോലും തേക്കാത്ത രണ്ടു മുറിയും വരാന്തയും അടുക്കളയുമായുള്ള ഝാൻസി റാണിയുടെ കൊട്ടാരം!നാലുപാളിയുള്ള തടിയുടെ ഒരു സെക്കന്റ് ഹാൻഡ്കതകാണതെന്നു ഒറ്റ നോട്ടത്തിലറിയാം. ഞാൻ കതകിൽ മുട്ടി. മെലിഞ്ഞു, മുടിയൊക്കെ മിക്കവാറുംവെളുത്തു, അൽപ്പം മുഷിഞ്ഞ ഒരു ഖദർ മുണ്ടും ചട്ടയും ധരിച്ചുഅക്കമ്മ ചെറിയാൻ. സ്നേഹഭാവത്തിലവർചിരിച്ചു. ഞാൻ കൈ കൂപ്പി നമസ്തേ പറഞ്ഞപ്പോൾകയറി ഇരിക്കാൻ പറഞ്ഞു. റാണിയുടെ ദർബാറിൽഒരു ബെഞ്ചും രണ്ടു സ്റ്റൂളും. ഞാൻ ബെഞ്ചിലിരു ന്നപ്പോൾ അതിന്റെ അങ്ങേ തലക്കൽ അവരും ഇരുന്നു.ആന്റി, ഞാൻ പാലായിൽ നിന്നാണ് എന്നു പറഞ്ഞ പ്പോൾ അവർ എന്നെ സൂക്ഷിച്ചു നോക്കി. നീ ആർ.വി.യുടെ മകനാണോ എന്നു ചോദിച്ചു. അതേ എന്നു പറഞ്ഞു കൊണ്ട് കാര്യംപറഞ്ഞു. അമ്മച്ചി ആന്റിയെപ്രത്യേകം ക്ഷണിക്കാൻ എന്നെ വിട്ടതാണെന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. നിന്റെഅമ്മയെങ്കിലും എന്നെ ഓർത്തല്ലോ എന്നു പറഞ്ഞു കൊണ്ട് അമ്മയുടെ ആരോഗ്യ സ്ഥിതി ആരാഞ്ഞു.താനിപ്പോൾ ഒരിടത്തും പോകാറില്ലെന്നും മിസ്സസ്സ് ആർ.വി .യോടതു പ്രത്യേകം പറയണമെന്നും പറഞ്ഞു.ഞാൻ യാത്ര പറഞ്ഞെഴുനേറ്റപ്പോൾ നിൽക്കാൻ പറഞ്ഞുകൊണ്ട് അവർ കതകു പോലുമില്ലാത്ത ഭിത്തിഅലമാരയിൽ ഉള്ള ഒന്നു രണ്ടു ടിന്നുകൾ തുറന്നു നോക്കി. ഒന്നും വേണ്ട ആന്റീ എന്നു പറഞ്ഞപ്പോൾകുഞ്ഞേ, നിനക്കു ഒരു കപ്പ് കാപ്പി തരണമെന്ന് ഉണ്ടായിരുന്നു. ഒരു സ്പൂണ് പഞ്ചസാര പോലുമില്ലല്ലോഎന്നു സങ്കടം പറഞ്ഞപ്പോൾ വീണ്ടും അവരുടെ കണ്ണുകൾ നനഞ്ഞു. പിതൃസ്വത്തായിക്കിട്ടിയ മുഴുവൻറബ്ബർ തോട്ടങ്ങളും മറ്റു പുരയിടങ്ങളുംപറമ്പുകളുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിയിൽ ഹോമിച്ച, തനിക്കു നേരെ വച്ചുനീട്ടപ്പെട്ട മന്ത്രിപദം പോലും സ്വന്തം സഹപ്രവർത്തകയ്ക്കു വേണ്ടി ഉപേക്ഷിച്ച രാഷ്ട്രീയ സംശുദ്ധിയുടെ ആ ആൾരൂപം തന്റെ വീട്ടിൽ വന്ന സ്വാതന്ത്ര്യസമരകാല സഹപ്രവർത്തകന്റെ മകന് ഒരു കപ്പ് കാപ്പി കൊടുക്കുവാൻ ഒരു സ്പൂണ് പഞ്ചസാരയി ല്ലാതെ കണ്ണുനിറഞ്ഞു നിസ്സഹായയായി നിൽക്കുന്ന ചിത്രം ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട്. അഞ്ചുവർഷം മന്ത്രിയായാൽ, മുന്നണി ഭേദമില്ലാതെ, അഞ്ചു തലമുറയ്ക്ക് സമ്പാദിക്കുന്ന നമ്മുടെ സമകാലികനേതാക്കൾക്ക് അക്കാമ്മ ചെറിയാനെപ്പോലുള്ളവരെഒരു അന്യഗ്രഹ ജീവിയായി തോന്നിയില്ലങ്കിലെ അതിൽ അത്ഭുതമുള്ളൂ!!!പിന്നത്തെ വർഷം–1972–ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെരജത ജൂബിലി വർഷമായി. പാലായിലെ ജൂബിലി ആഘോഷങ്ങൾക്കു ആരും തന്നെ കാര്യമായി മുന്നോട്ടുവരാതിരുന്നതുകൊണ്ടു 1969ൽ രൂപീകരിച്ച ഗാന്ധി ജൻമശതാബ്ദി കമ്മറ്റി തന്നെയാണ് അതിനു മുൻകൈ എടുത്തത്. പ്രസിഡന്റ് ആയിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളി അപ്പോഴേക്കും അന്തരിച്ചു കഴിഞ്ഞിരുന്നു. വൈസ് പ്രസിഡന്റ് മറ്റൊരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അഡ്വ.സി. എം. മാത്യു കുരിക്കാട്ട് ആയിരുന്നു. ജനറൽ സെക്രട്ടറിയായി ഞാനും.ഞങ്ങൾ പ്രൊഫ.കെ.എം. ചാണ്ടി സാറുമായി ആലോചിച്ചപ്പോൾ അദ്ദേഹമാണ് സ്വാതന്ത്ര്യ സമരത്തിലേ വനിതകളുടെ ത്യാഗത്തെക്കുറിച്ചുള്ള അനുസ്മരണവും ആദരവുംആകാമെന്ന നിർദ്ദേശം മുന്നോട്ടു വച്ചതു. അക്കാമ്മ ചെറിയാനെ ചീഫ് ഗസ്റ്റ് ആക്കിയലോ എന്നു ഞാൻ ചോദിച്ചപ്പോൾ ചാണ്ടി സാറും അതു സമ്മതിച്ചു. സാർ തന്നെ അധ്യക്ഷനാ വണമെന്നു പറഞ്ഞപ്പോൾ അതു വേണ്ട പാപ്പച്ചൻ ( അഡ്വ. സി.എം.മാത്യു കുരീക്കാട്ടു) തന്നെ അധ്യക്ഷനായൽ മതി എന്നായി ചാണ്ടി സാർ.അക്കാമ്മ ഉദ്ഘാടനം ചെയ്യട്ടെ എന്നും ചേടത്തി(മിസ്സസ്ആർ. വി.)യും വേണമെന്നും പറഞ്ഞു. മാമിക്കുട്ടി ചേടത്തിയെ( മിസ്സസ് പി.ടി. ചാക്കോ)കൂടി വിളിച്ചാലോ എന്നു ഞാൻ ചോദിച്ചു തീരും മുൻപ് വളരെ നല്ലത് എന്ന്ചാണ്ടി സാറിന്റെ മറുപടി. എം.എൽ.എ യെ കൂടി (കെ.എം. മാണി)വിളിക്കാനും ചാണ്ടി സാർ നിർദ്ദേശിച്ചു.കെ.എം.ചാണ്ടി സാറിന്റെ മനസ്സിന്റെ വലുപ്പമെന്നുഞാൻ മനസ്സിൽ കണ്ടു. ജൂബിലി സന്ദേശം പറയാമെന്നു ചാണ്ടി സാറും സമ്മതിച്ചു. പക്ഷെ എം.എൽ.എ.യെ വിളിച്ച പ്പോൾ ചേടത്തിയെ( മിസ്സസ് ആർ.വി )വിളിച്ചത് ശരി മിസ്സസ് പി.ടി. ചാക്കോയെഇപ്പോൾ ഇവിടെ വിളിച്ചതിന്റെ പൊളിറ്റിക്കൽ കെമിസ്ട്രി –രാഷ്ട്രീയ രസതന്ത്രം– എന്താണെ ന്നായിരുന്നു എന്നോടുള്ള ചോദ്യം. പി. ടി. ചാക്കോ ആദ്യം രാഷ്ട്രീയം തുടങ്ങിയത് പാലായിൽ ആയിരുന്നതുകൊണ്ടാണെന്ന എന്റെ മറുപടി അദ്ദേഹത്തിന് അത്ര തൃപ്തി നൽകിയതായി എനിക്ക് തോന്നിയില്ല. പി.സി. തോമസ് രാഷ്ട്രീയത്തി ലേക്ക് സജീവമാകുന്ന കാലമായിരുന്നു അത്. പാലായിലെ സമ്മേളനത്തിന് അന്ന് ചാണ്ടി സാറിനു പുറമെ അക്കാമ്മയും മിസ്സസ് പി.ടി. ചാക്കോയും പങ്കെടുത്തു. അമ്മയും കെ. എം. മാണിയും അന്ന് മുനിസിപ്പൽ ചെയർമാൻ ആയിരുന്ന തോമസ് ജോസഫ് കൊട്ടുകാപ്പള്ളിയും( ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകൻ) പ്രസംഗിക്കുകയും ചെയ്തു.എന്നാൽ എന്നെ അദ്‌ഭുതപ്പെടുത്തിയത് യോഗം കഴിഞ്ഞപ്പോൾ അക്കാമ്മ എന്നോട് നമുക്ക് കൊട്ടുകാ പ്പള്ളി വരെ ഒന്നു പോകാമോ എന്നു ചോദിച്ചപ്പോഴാണ്.ചേച്ചമ്മയെ ( മിസ്സസ് ജോർജ് തോമസ് കൊട്ടുകാപ്പള്ളി)ഒന്നു കാണാതെ എങ്ങിനെയാണ് പോകുന്നതെന്നുംചോദിച്ചപ്പോൾ പഴയകാല നേതാക്കളുടെ വ്യക്തി ബന്ധങ്ങളുടെ ആഴമാണ് എന്നെ സ്തബ്ധനാക്കിയത്.എത്ര സ്വാഭാവികമായ സൗഹൃദത്തോടെയാണ് ചേച്ചമ്മചേടത്തി തന്റെ ഭർത്താവിന്റെ എതിർ സ്ഥാനാർഥി യായിരുന്ന അക്കാമ്മയെ കൊട്ടുകാപ്പള്ളിയിലേക്ക് സ്വീകരിച്ചതും സ്നേഹത്തോടെ കെട്ടിപ്പിടിച്ചു സ്വാഗതം ചെയ്തതും പിന്നെകാപ്പിപലഹാരങ്ങൾ കൊണ്ടു സൽക്കരിച്ചതുമൊക്കെ എന്നതു എനിക്ക് മധുരമായ ഓർമകൾ മാത്രമല്ല ഹൃദ്യമായ വലിയ രാഷ്ട്രീയ പാഠങ്ങളുമായിരുന്നു.പിന്നീടും രണ്ടു മൂന്നു തവണ ഞാൻ അക്കാമ്മയെ കണ്ടത് കോട്ടയത്തു സ്വാതന്ത്ര്യ സമരക്കാർക്ക് പെൻഷന് ശുപാർശ ചെയ്യാനുള്ള ഉപദേശക സമിതിയിലേക്കു അമ്മയും അക്കാമ്മയും അംഗങ്ങ ളായി വന്നപ്പോഴാണ്. രണ്ടുപേരും ബസിലാണ് മീറ്റിംഗിന് കലക്റ്ററേറ്റിലേക്ക് എത്തുക. തിരിച്ചുപോരുമ്പോൾ തിരുനക്കര ബസ് സ്റ്റാൻഡിലേക്കു വർത്തമാനമൊക്കെ പറഞ്ഞു കൊണ്ട് അവർ വഴിയൊരം ചേർന്നു നടക്കും. എന്നിട്ടു തിരുനക്കര എത്തുമ്പോൾ അന്നത്തെ റോസാരിയോ ഹോട്ടലിൽ കയറി രണ്ടു പേരും കൂടി കോഫിയും പിന്നെ രണ്ടു പേരുടെയും ഇഷ്ട പലഹാരമായിരുന്ന ബനാന ഫ്രൈയും കഴിച്ചു ഒരാൾ കാഞ്ഞിരപ്പള്ളിക്കും മറ്റേ ആൾ പാലായ്ക്കും മടങ്ങും. റോസാരിയോയിലെ മാനേജെരായിരുന്ന സായിപ്പ് എത്ര വലിയ ആദരവോടെയാണ് അവരെ രണ്ടുപേരെയും അവിടെ സ്വീകരിച്ചിരുന്നതെന്നും ഞാൻ ഓർമ്മിക്കുന്നു . തിരുവനന്തപുരത്തേക്ക് അവർ താമസം മാറ്റിയതിനു ശേഷംഅക്കാമ്മയെ കാണാൻ സാധിച്ചിരുന്നില്ല. 1982 മേയ് 5നു അവർ അന്തരിച്ചു. എവിടെയാണോ താൻ ഒരു ലക്ഷം സന്നദ്ധ ഭടന്മാരുമായി രാജകൊട്ടാരം വളഞ്ഞു  തടവിലാക്കപ്പെട്ട തിരുവിതാംകൂർസ്റ്റേറ്റ് കോൺഗ്രസ് നേതാക്കളെ ജയിൽ മോചിതരാക്കിയത് അതേ നഗരത്തിലാണ് അവർ എഞ്ചിനീറിങ് വിദ്യാർത്ഥി ആയിരുന്ന ഏക മകൻ ജോർജു മൊത്തു അവരുടെ അവസാന കാലം കഴിച്ചു കൂട്ടിയത്. പിൽക്കാലത്ത് ശ്രീ ഡി.സി. കിഴക്കേമുറിയുടെനിരന്തരപരിശ്രമഫലമായിട്ടാണ് രാജ്ഭവനു നേരെ എതിർ വശത്തായി അക്കാമ്മ ചെറിയാന്റെ പ്രതിമയും സ്മൃതി മണ്ഡപവും സ്ഥാപിക്കപ്പെട്ടതു. ഇപ്പോൾ ആദ്യംആ പ്രതിമ കാണാതെ ആർക്കും ഒരിക്കലും രാജ്‌ഭവനിൽ താമസിക്കുന്ന ഒരു ഗവർണ്ണരേയും ചെന്നു കാണാനും സാധിക്കുകയില്ല. ഡി. സി.യ്ക്ക് നന്ദി. തിരുവിതാംകൂറിന്റെ ഝാൻസി റാണിക്കു സ്നേഹ പ്രണാമം.ഡോ. സിറിയക് തോമസ്.

error: Content is protected !!