വണ്ടിയുടെ മേക്കപ്പ് എത്രയാകാം…; വടിയെടുത്ത് മോട്ടോർവാഹന വകുപ്പ്
വാഹനങ്ങള്‍ക്ക് രൂപമാറ്റങ്ങള്‍ വരുത്താന്‍ അനുവാദമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഷോറൂമില്‍നിന്ന് വാഹനം എങ്ങനെ നിരത്തില്‍ ഇറക്കുന്നുവോ അങ്ങനെതന്നെ പരിപാലിക്കണമെന്നാണ് നിയമം. എന്നാല്‍ വാഹനങ്ങള്‍ രൂപമാറ്റത്തിനായി ഉപയോഗിക്കാവുന്ന എല്ലാ പാര്‍ട്സുകളും നാട്ടില്‍ സുലഭമായി വാങ്ങാന്‍ കിട്ടും. വില്‍ക്കുന്നതിലോ ജി.എസ്.ടി. അടക്കമുള്ള ടാക്‌സ് അടച്ച് വാങ്ങുന്നതിലോ പ്രശ്‌നമില്ല. ഉപയോഗിക്കുന്നത് മാത്രമാണ് നിയമവിരുദ്ധം. വിഷയം ഇപ്പോള്‍സാമൂഹികമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാണ്….
അനുവദിക്കാത്തവ
റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങളും പാടില്ല. ബൈക്കുകളില്‍ പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരിഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ് എന്നിവ ഒഴിവാക്കാനും അനുവദിക്കില്ല.
അനുവദനീയമായ രൂപമാറ്റങ്ങള്‍
സൗന്ദര്യം കൂട്ടാനെന്ന പേരില്‍ അവശ്യ വാഹനഭാഗങ്ങള്‍ ഒഴിവാക്കാനാവില്ല. മോട്ടോര്‍വാഹന നിയമത്തിലെ 52-ാം വകുപ്പ് അനുസരിച്ച് വാഹനം മോടിപിടിപ്പിക്കല്‍ നിരോധിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകള്‍ ശിഷാര്‍ഹമാണ്. ഇതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ വരെ ആര്‍.ടി.ഒ.ക്ക് സാധിക്കും.
കച്ചവടക്കാര്‍ പറയുന്നത്
വാഹനം രൂപമാറ്റം വരുത്താന്‍ ഉപയോഗിക്കുന്ന എല്ലാ സ്‌പെയര്‍ പാര്‍ട്സുകളും നിര്‍മാതാക്കള്‍ നിലവാരത്തില്‍ നിര്‍മിക്കുന്നതും വിപണിയില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ അത് വാങ്ങി വാഹനത്തില്‍ വയ്ക്കുമ്പോള്‍ കുറ്റകരമാകുന്നു.
വില്‍ക്കാന്‍ അനുവദിക്കുന്നത് എന്തിന്
പുതിയ അലോയ് വീലോ വലുപ്പം കൂടിയ ടയറോ വാഹനത്തില്‍ ഘടിപ്പിക്കുന്നത് കുറ്റകരമാണ്. കമ്പനി വാഹനനിര്‍മ്മാണവേളയില്‍ പിടിപ്പിച്ച അലോയ് വീല്‍ അനുവദിക്കുകയും ചെയ്യുന്നു. ഗ്ലാസില്‍ സണ്‍ ഫിലിം ഒട്ടിക്കാന്‍ പാടില്ല. പക്ഷേ, വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന ടിന്‍ഡഡ് ഗ്ലാസാണെങ്കില്‍ അതു നിയമവിധേയം. മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണ് എന്ന സുപ്രീംകോടതി വിധിയെ ചുവടുപിടിച്ചാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധനകള്‍ നടത്തുന്നത്. ഇതോടെ നിയമവിധേയമായി വില്‍ക്കുന്ന ഘടകങ്ങള്‍ വാങ്ങി ഘടിപ്പിച്ചാല്‍ നിയമവിരുദ്ധമാകും. വാഹനത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കുഴപ്പം വരാത്ത വാഹന മോഡിഫിക്കേഷന് എന്തു കുഴപ്പമെന്നാണ് വാഹനപ്രേമികള്‍ ചോദിക്കുന്നത്.
പോലീസിനും അധികാരം
രൂപം മാറ്റിയ വാഹനങ്ങള്‍ പിടികൂടാന്‍ പോലീസിനും അധികാരമുണ്ട്. ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവരെയാണ് കൂടുതലായി പോലീസ് പിടിക്കുന്നത്.