ഇടിമിന്നല്‍: മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിക്കരുതേ
കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒപ്പമെത്തുന്ന മിന്നലിനെ സൂക്ഷിക്കണം. ഇന്നലെ, പൊന്‍കുന്നം ചിറക്കടവില്‍ പെണ്‍കുട്ടി മിന്നലേറ്റു മരിച്ചതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്.
ഉച്ചക്ക് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നു വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്‌ടം സൃഷ്‌ടിക്കുന്നുണ്ട്. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ:
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്
ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്‌ഥലത്തും, ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
പൊതുനിര്‍ദ്ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്‌തുക്കളുടെ സ്‌പര്‍ശനമോ സാമീപ്യ മോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ ഇരിക്കുക.
ടെറസിലോ മറ്റ് ഉയരമുള്ള സ്‌ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്‌ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കാതെ ഇരിക്കണം.
മിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
തുറസായ സ്‌ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്‌ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്‌ഥലത്തേക്ക് പോകരുത്.
