KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തെരുവുനായ ശല്യം രൂക്ഷം ; തുമരംപാറയിൽ തെരുവുനായകൾ കോഴികളെ കൊന്നു.

എരുമേലി : തുമരംപാറയിലെ തെരുവുനായ ശല്യം മൂലം നാട്ടുകാരൻ നന്ദികാട്ടിൽ ശശിയ്ക്ക് നഷ്ടപ്പെട്ടത് എട്ട് മുട്ടക്കോഴികളെ. ഗവ. എൽ പി സ്കൂളിന്റെ വരാന്തയിലും മുറ്റത്തും തെരുവുനായകളുടെ താവളം. റോഡിലും ഇടവഴിയിലുമെല്ലാം നായകൾ കൂട്ടത്തോടെ അലഞ്ഞു തിരിയുന്നു. അടിയന്തിര നടപടി പഞ്ചായത്ത്‌ സ്വീകരിക്കണമെന്ന് നാട്ടുകാർ.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ശശിയുടെ കോഴിക്കൂട്ടിൽ നായകൾ എത്തി കോഴികളെ പിടിച്ചത്. ശബ്ദം കേട്ട് ശശി എത്തിയപ്പോൾ അഞ്ച് നായകൾ കോഴികളെ ഓടിച്ചിട്ട് പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. നായകളെ ഭയന്ന് ശശി വീടിന് പുറത്തിറങ്ങാതെ നിന്ന് ബഹളം വെച്ചു. നായകൾ പോയ ശേഷം ചെന്ന് നോക്കുമ്പോൾ അഞ്ച് കോഴികളെ ചത്ത നിലയിൽ കണ്ടു.

മൂന്നു ദിവസം മുമ്പ് രാവിലെ കൂട് തുറക്കാൻ ചെന്നപ്പോൾ മൂന്ന് കോഴികൾ ചത്തുകിടക്കുന്നത് കണ്ടിരുന്നു. ഒരു കോഴിയുടെ കാലും മറ്റൊരു കോഴിയുടെ തലയും നഷ്ടപ്പെട്ട നിലയിലായിരുന്നു. കീരിയോ മറ്റോ ആക്രമിച്ചതാവാം എന്നാണ് കരുതിയത്. എന്നാൽ അത് നായകൾ തന്നെയാണെന്ന് ഇപ്പോൾ വ്യക്തമായെന്ന് ശശി പറഞ്ഞു.

തെരുവ് നായകളെ പിടികൂടാനും വന്ധ്യം കരണം നടത്താനും പഞ്ചായത്ത്‌ തലത്തിൽ പദ്ധതി ഇല്ല. നായകൾ മൂലം സംഭവിക്കുന്ന ആക്രമണങ്ങളിൽ പരിക്ക് ഏറ്റാൽ ചികിത്സയ്ക്കും നഷ്‌ടപരിഹാരത്തിനും നേരത്തെ കമ്മീഷൻ വഴി സഹായം ലഭിക്കുമായിരുന്നത് കമ്മീഷന്റെ പ്രവർത്തനം നിലച്ചതോടെ നിന്നു. സ്കൂളിൽ നടന്നുപോയി മടങ്ങുന്ന കുട്ടികൾ ഏറെയുള്ള ഗ്രാമ മേഖലയായ തുമരംപാറ, ഇരുമ്പൂന്നിക്കര, എലിവാലിക്കര പ്രദേശങ്ങളിൽ തെരുവുനായകളുടെ എണ്ണം പെരുകിയതോടെ കുട്ടികളും സ്ത്രീകളും ഭീതിയോടെ ആണ് യാത്ര ചെയ്യുന്നത്.

error: Content is protected !!