മരണശയ്യയില്‍ മണിമലയാര്‍
മണിമല:കിഴക്കന്‍ മലനിരകളില്‍നിന്നുത്ഭവിച്ച് ഔഷധസസ്യങ്ങളുടെ രുചിഭേദങ്ങളോടെ സുഗന്ധവാഹിനിയായി ഒഴുകിയെത്തിയിരുന്ന മണിമലയാറിന്ന് മരണശയ്യയില്‍.
കൂട്ടിക്കല്‍ ചപ്പാത്തിനുസമീപം ആരംഭിക്കുന്ന പുല്ലകയാറും പാഞ്ചാലിമലയില്‍നിന്നു മുണ്ടക്കയം ടി.ആര്‍.ആന്‍ഡ് ടി എസ്‌റ്റേറ്റിലൂടെ ഒഴുകിയെത്തുന്ന കടമാന്തോടും കൂടി യോജിച്ചാണു മണിമലയാര്‍ ഉടലെടുക്കുന്നത്.
വേനല്‍ കനത്തതോടെ ഒഴുക്ക് നിലച്ചു കരിങ്കല്‍കൂട്ടമായി മണിമലയാര്‍ മാറി. ഏതാനും ചില ചെക്ക് ഡാമുകളിലും കയങ്ങളിലും കെട്ടികിടക്കുന്ന മലിലജലം മാത്രമായി മണിമലയാര്‍. പുഴമണല്‍ മുഴുവന്‍ മണല്‍കൊള്ളക്കാര്‍ പണ്ടേ കവര്‍ന്നു.
മണിമലയാറിന്റെ മാറുതുരന്നവര്‍ ഒട്ടേറെ വര്‍ഷങ്ങള്‍ കൊണ്ടു പുഴയിലൂടെ തട്ടിയും മുട്ടിയുമൊഴുകി രൂപഭംഗി വന്ന ഉരുളന്‍കല്ലുകളും കടത്തിയതോടെ മണലിലെ തടഞ്ഞുനിര്‍ത്താന്‍ വര്‍ഷകാലത്തുപോലും പുഴയ്‌ക്കുമാകുന്നില്ല.
വിവിധ ഫാക്‌ടറികളിലെ രാസമാലിന്യങ്ങളും ഹോട്ടല്‍ വെയിസ്‌റ്റും ഉള്‍പ്പെടെ പുഴയിലേയ്‌ക്കു തള്ളുകയാണ്. മനുഷ്യ വിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാലിന്യങ്ങളും തള്ളാനൊരിടമായിയാണു പുഴയേ പലരും കാണുന്നത്. കോളിഫോം ബാക്‌ടീരിയായുടെ അളവ് അനുവദനീയമായതിന്റെ പതിന്‍മടങ്ങായി . വന്‍കിട റബര്‍ ഫാക്‌ടറികളുടെ മാലിന്യകുഴലുകള്‍ പുഴയിലേയ്‌ക്കാണ്. കഴിഞ്ഞ വര്‍ഷാരംഭത്തില്‍ റബര്‍ ഫാക്‌ടറി രാസമാലിന്യം പുഴയിലേയ്‌ക്കു തള്ളിയതിനെത്തുടര്‍ന്ന് ഒരു മാസക്കാലം പച്ചക്കളറായിരുന്നു പുഴയ്‌ക്ക്.
ഈ വെള്ളത്തില്‍ കുളിച്ചവര്‍ക്കു ശരീരം ചൊറിഞ്ഞു തടിച്ചിരുന്നു. റബര്‍ ഫാക്‌ടറികള്‍ക്കെതിരേ കാര്യമായ നടപടികള്‍ ഒന്നുമുണ്ടായില്ല. വരാന്‍പോകുന്ന വര്‍ഷാരംഭത്തിലും ഇതുതന്നെയാവും ഇവര്‍ ചെയ്യുക. മണിമല മൂങ്ങാനിയിലെ ചെക്ക് ഡാം സാമൂഹ്യവിരുദ്ധര്‍ തുറന്നുവിട്ടതിനെത്തുടര്‍ന്നു പുഴയുടെ സമീപത്തുള്ള കിണറുകളും വറ്റി.
മണിമല വലിയ പാലം മുതല്‍ മൂങ്ങാനി വരെ പുഴയുടെ തീരങ്ങളില്‍ കൈയ്യറ്റം വ്യാപകമാണെന്നാണു നാട്ടുകാരുടെ പരാതി. പലയിടത്തും പുഴയിലേയ്‌ക്ക് ഇറക്കി കെട്ടിടങ്ങള്‍ സ്‌ഥാപിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി വലിയപാലത്തിനു സമീപമുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.