അബ്ദുൾ റസാഖ്

അബ്ദുൾ റസാഖ് Abdul Rassakവോളിബോൾ താരങ്ങളും ഏറ്റവും വലിയ വോളിബോൾ പ്രേമികളും നിറഞ്ഞ കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ കുടുംബത്തിൽ ജനിച്ച അബ്ദുൾ റസാഖ് ചെറിയ പ്രായം മുതൽ വോളിബോൾ കണ്ടാണ് വളർന്നത്. കാഞ്ഞിരപ്പള്ളി ASC ക്ലബ്ബിൽ സഹോദരന്മാർക്കൊപ്പം പോയി പുറത്തേക്ക് പോകുന്ന പന്ത് എടുത്തു കൊടുക്കൽ ഹരമാക്കിയപ്പോൾവോളിബോൾ അബ്ദുൾ റസാഖിന്റ ജീവനും ജീവിതവും ആയി മാറുകയായിരുന്നു.. ഓൾ ഇന്ത്യ ടൂർണമെന്റുകൾ ധാരാളമായി നടന്ന കാഞ്ഞിരപ്പള്ളിയിൽ എക്കാലത്തെയും മികച്ച വോളിബോൾ താരങ്ങളായ ബല്ലുവിന്റെയും നിപ്പിയുടെയും,രമണ റാവുവിന്റേയും , വീരവേലുവിന്റെയും, ജിമ്മി ജോർജ്ജിന്റെയും ജോസ് ജോർജ്ജിന്റെയും , സമകാലീനരായ എല്ലാ പ്രമുഖ താരങ്ങളുടെയും കളി കണ്ട് ആവേശം കയറിയ അബ്ദുൾ റസാഖ് കോർട്ടിന് വെളിയിൽ നിന്നും പതിയെ അകത്തേക്ക് കയറാൻ തുടങ്ങി. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ജില്ലാ ചാമ്പ്യൻ ഷിപ്പുകളിലും ഇന്റർ സ്കൂൾ ചാമ്പ്യൻ ഷിപ്പുകളിലും കളത്തിൽ ഇറങ്ങിയ അബ്ദുൾ റസാഖ് എട്ടാം സ്റ്റാൻഡേർഡ് ആയപ്പോൾ വോളിബോളിന് പ്രാധാന്യം കൊടുത്തിരുന്ന കാഞ്ഞിരപ്പള്ളി ഗവ. ഹൈ സ്കൂളിലേക്ക് മാറി എങ്കിലും രണ്ട് മാസം മാത്രം ആണ് അവിടെ പഠിച്ചത്. ജി വി രാജ സ്കൂൾ ആരംഭിച്ച വർഷം ആദ്യ ബാച്ചിൽ അഡ്മിഷൻ ലഭിച്ചതോട് കൂടി പഠനം ജി വി രാജയിൽ ആയി മാറി.ജി വി രാജ സ്കൂളിൽ വോളിബോളിനൊപ്പം ത്രോ ഇനങ്ങളിലും പരിശീലനം നടത്തിയ അബ്ദുൾ റസാഖ് 1978ൽ 10 ൽ പഠിക്കുമ്പോൾ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തുകയും വോളിബോളിൽ ജി വി രാജ സ്കൂളിനെ വിജയികൾ ആക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തുആ വർഷം തന്നെ ദേശീയ സ്കൂൾ ഗെയിംസിനുള്ള കേരള ടീമിൽ ഇടം നേടുകയും ദേശീയ ജൂനിയർ ചാമ്പ്യൻ ഷിപ്പിനുള്ള കേരള ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് പാലാ സെന്റ് തോമസ് കോളേജിൽ പ്രീ ഡിഗ്രിക്ക് ചേർന്നു. രണ്ടു വർഷവും കേരള യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻ ഷിപ്പ് വിജയികൾ ആകുമ്പോൾ ടീമിൽ നിറ സാന്നിധ്യം ആയിരുന്നു അബ്ദുൾ റസാഖ്. . 1980 ൽ ജൂനിയർ ഇന്ത്യൻ ക്യാമ്പിൽ എത്തിയ അബ്ദുൾ റസാഖ് 1986 വരെ ഇന്ത്യൻ ടീമിനായി വളരെ അധികം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വച്ചിരുന്നു. 1980ൽ ജൂനിയർ ഏഷ്യൻ വോളിബോൾ ചാമ്പ്യൻ ഷിപ്പിലും 1981 ൽ കോമൺവെൽത്ത് വോളിബോൾ ചാമ്പ്യൻ ഷിപ്പിലും ഇന്ത്യ വെങ്കലം നേടുമ്പോൾ ടീമിലെ പ്രധാന ശ്രദ്ധാ കേന്ദ്രം ആയിരുന്ന അബ്ദുൾ റസാഖ് ജൂനിയർ ഏഷ്യൻ ചാമ്പ്യൻ ഷിപ്പിലെ ബെസ്റ്റ് അറ്റാക്കർ ആയിരുന്നു. പതിനാല് ഇന്റർ നാഷണൽ ഇവെന്റുകളിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞ അബ്ദുൾ റസാഖ് 1983 ലെ വേൾഡ് റെയിൽവേ ചാമ്പ്യൻ ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. കേരളത്തിനായും റെയിൽവേസിനായും രണ്ട് വീതം സീനിയർ ദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ പങ്കെടുത്തപ്പോൾ റെയിൽവേ വിജയികൾ ആയ 1983 ലെ ഗുണ്ടൂർ നാഷണൽസിലെ ബെസ്റ്റ് പ്ലയെർ അബ്ദുൾ റസാഖ് ആയിരുന്നു. ചരിത്രത്തിൽ ഒരേ ഒരു തവണ കേരളം നാഷണൽ ഗെയിംസ് വോളിബോൾ വിജയികൾ ആയപ്പോൾ നിർണ്ണായക പ്രകടനം അബ്ദുൾ റസാഖിന്റെ വകയായിരുന്നു.കേരള പൊലീസിന്റെ ഒരു ഫെഡറേഷൻ കപ്പ് വിജയത്തിലും റെയിൽവേസിന്റെ രണ്ട് ഫെഡറേഷൻ കപ്പ് വിജയങ്ങളിലും അബ്ദുൾ റസാഖിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ബല്ലുവിന്റെയും നിപ്പിയുടെയും അടക്കം കളി കണ്ട് വോളിബോൾ ജീവിത ചര്യയാക്കി മാറ്റിയപ്പോൾ പിൽക്കാലത്ത് അവർക്കെല്ലാം ഒപ്പം നിരവധി മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചത് അഭിമാന നിമിഷങ്ങളായി അബ്ദുൾ റസാഖ് കാത്ത് സൂക്ഷിക്കുന്നു.രണ്ട് ദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ കേരള സീനിയർ ടീം കോച്ച് ആയും 2011 മുതൽ 2014 വരെ കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആയും പ്രവർത്തി പരിചയം ഉണ്ട്. കേരളത്തിലെ ഗ്രാമങ്ങൾ വോളിബോളിനെ മാത്രം പ്രണയിച്ച 1970 കളിലും 80 കളിലും വോളിബോളിന്റെ സൗന്ദര്യം ആയിരുന്ന, ഏറ്റവും പവർഫുൾ അറ്റാക്ക്കളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ അബ്ദുൾ റസാഖ് 1991 ൽ കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് കളിക്കളം വിടുകയായിരുന്നു. 1980 ൽ ടൈറ്റാനിയത്തിലും തുടർന്ന് 1982 ൽ റെയിൽവേയിലേക്കും 1985 ൽ കേരള പോലീസിലും ജോയിൻ ചെയ്തു. 2017 ൽ കമാൻഡൻറ് ആയി കേരള പോലീസിൽ നിന്നും വിരമിച്ചു എങ്കിലും വിശ്രമമില്ലാതെ ഈ പ്രായത്തിലും, പരിക്കിനെ വകവെക്കാതെ വോളിബോളിന് പിന്നാലെ പായുന്ന അബ്ദുൾ റസാഖ് ഇന്നും വോളി പ്രേമികളുടെ ആവേശം ആണ്.

error: Content is protected !!