ഒരു മൊബൈൽ ടവർ പോലുമില്ല തടസ്സം; കൂട്ടിയിണക്കുന്ന ചെറുവള്ളി
ചെറുവള്ളി എയർപോർട്ട് തുറന്നിടുന്നതു പ്രയോജനങ്ങളുടെ റൺവേയാണ്. തീർഥാടകർക്കു മാത്രമല്ല കൊച്ചിയിലോ തിരുവനന്തപുരത്തോ വന്നിറങ്ങി 10 മണിക്കൂറെടുത്തു വീടണയുന്ന ഈ പ്രദേശത്തെ എൻആർഐ യാത്രക്കാർക്കും സൗകര്യങ്ങളുടെ പുതുവാതിലാകും. പ്രതിവർഷം 5 കോടി തീർഥാടകരെത്തുന്ന ശബരിമലയുടെ നിർദിഷ്ട വിമാനത്താവളം പ്രദേശത്തിന്റെ സാംസ്കാരിക തനിമയ്ക്കുള്ള അംഗീകാരമായി മാറും.
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ദൃശ്യങ്ങളും മതസൗഹാർദത്തിനു രാജ്യത്തു തന്നെ പേരുകേട്ട എരുമേലിയുമായി ബന്ധപ്പെട്ട ചരിത്രവും ഇവിടെ വിമാനനിലയ രൂപകൽപ്പനയിൽ ഇഴചേർക്കാം. രാമായണ തീർഥാടക സർക്യൂട്ട് എന്ന നിലയിൽ അയോധ്യ മുതൽ ലങ്കവരെ നീളുന്ന വ്യോമപാത ഭാവിയിൽ വികസിക്കാനുള്ള സാധ്യത ഏറെയാണ്. ശ്രീനാരായണ ഗുരുവിന്റെ സിലോൺ സന്ദർശനവും ഇതോടു ചേർത്തു വയ്ക്കാം. മാരാമൺ, ആറന്മുള, പന്തളം, പരുമല, മണ്ണാറശാല, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി , കോട്ടയം, ഇടുക്കി, കോന്നി, പുനലൂർ, തെങ്കാശി തുടങ്ങി എവിടെ തിരിഞ്ഞാലും യാത്രാസാധ്യത എന്നതാണ് ചെറുവള്ളിയുടെ പിടിവള്ളി.
തേക്കടി കടുവാ സങ്കേതത്തിനുള്ള ആദരവെന്ന നിലയിൽ പാരിസ്ഥിതിക സുരക്ഷയുടെ പ്രതീകമായ കടുവയെ എരുമേലിയുടെ മുഖമുദ്രയാക്കാം. തേക്കടി തേടി എത്തുന്ന രാജ്യാന്തര സഞ്ചാരികൾക്കായി ഗവിയെയും തെന്മലയെയും അഗസ്ത്യാർകൂടത്തെയും തമിഴ്നാട്ടിലെ കളയ്ക്കാട് മുണ്ടൻതുറ വന്യജീവി സങ്കേതത്തെയും കൂട്ടിയിണക്കി പുതിയ ഇക്കോ ടൂറിസം പാതകൾ വികസിപ്പിക്കാം. തീം പാർക്കുകളും ഭക്ഷ്യപാർക്കുകളും തുറക്കാം. ശുദ്ധജലവും ശുദ്ധവായുവും മാത്രം മതി സഞ്ചാരികളെ ആകർഷിക്കാൻ.
4 ജില്ലകളിലെ 20 ലക്ഷത്തോളം വരുന്ന വിദേശ മലയാളി കുടുംബങ്ങൾ, കോന്നിയിൽ തുറക്കാൻ പോകുന്ന മെഡിക്കൽ കോളജ്… തൊഴിൽ– ബിസിനസ് സാധ്യതകൾ ഏറെയാണ്.
ഒരു മൊബൈൽ ടവർ പോലുമില്ല തടസ്സം
തടസ്സം സൃഷ്ടിക്കാൻ ഒരു മൊബൈൽ ടവർ പോലുമില്ലാത്ത ഭൂപ്രദേശം. പുതിയ വിമാനത്താവള പദ്ധതികൾ രാജ്യമെങ്ങും സ്ഥലമെടുപ്പിൽ തട്ടി തടസ്സപ്പെടുമ്പോഴാണ് ഇതുവരെ ആരും ഒരു വീടുപോലും വയ്ക്കാത്ത ഏകദേശം 2263 ഏക്കർ ഭൂമി വിശാലമായി പരന്നുകിടക്കുന്നത്. അനുമതി ലഭിച്ചാൽ അന്നു തന്നെ ജോലി ആരംഭിക്കാവുന്ന സ്ഥലം ഇന്ത്യയിൽ തന്നെ അപൂർവം.
സ്ഥലമെടുപ്പിൽ കുരുങ്ങി ഗോവയും പുണെയും
ഡെക്കാൻ പീഠഭൂമിയുടെ അതിരിൽ സഹ്യപർവത നിരകളോടു ചേർന്നാണ് പുണെ വിമാനത്താവളം. ഏതാണ്ട് ചെറുവള്ളിക്ക് സമാന ഭൂപ്രകൃതി; ഒരേ സമയം സിവിലിയൻ ,മിലിറ്ററി സേവനങ്ങൾക്കു തുറന്നിട്ടിരിക്കുന്ന വ്യോമകേന്ദ്രം. 2.5 കിമീ റൺവേ. ഇത് 3.5 കിമീയാക്കാൻ ശ്രമം തുടങ്ങിയിട്ടു 4 വർഷത്തിലേറെയായെങ്കിലും നഷ്ടപരിഹാരത്തിൽ തട്ടി വികസനം ചിറകൊടിഞ്ഞ സ്ഥിതിയിലാണ്. ചെറുവള്ളിയിലെ അതിവിശാലമായ റബർ തോട്ടം ആധുനിക വിമാനത്താവളം എന്ന സാധ്യതയയിലേക്കു ചിറകുവിരിച്ചു നിൽക്കുന്നു.
നാവിക സേനയ്ക്കു കൂടി ഉടമസ്ഥതയുള്ളതാണ് ഗോവ ദാബോളിൻ വിമാനത്താവളം. ചെറുവള്ളി പോലെ പശ്ചിമഘട്ടത്തോടു അടുത്ത പ്രദേശം. 1961 ലെ ഗോവവിമോചന കാലത്ത് ഇന്ത്യൻസേന പിടിച്ചെടുത്ത ഈ വിമാനത്താവളം 1700 ഏക്കറാണ്. ഐഎൻഎസ് ഹൻസ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമതാവളവും ഇവിടെയാണ്. ചാർട്ടേഡ് ടൂറിസ്റ്റ് വിമാനങ്ങൾ നിലംതൊട്ടതുമുതലാണ് ഗോവയുടെ വളർച്ച ടേക്ക് ഓഫ് ചെയ്തത്.
ചെറുവള്ളിക്ക് വഴികാട്ടാൻ മോപ്പ
ചെറുവള്ളിക്ക് മാതൃകയാക്കാൻ ഗോവയിൽ പുതിയൊരു മാതൃക ഉയരുന്നുണ്ട്. വടക്കൻ ഗോവയിൽ 2022 ൽ പൂർത്തിയാകുന്ന പുതിയ മോപ്പ വിമാനത്താവളമാണത്. ജിഎംആർ ഗോവ എയർപോർട്ട് ലിമിറ്റഡ് എന്ന സ്പെഷൽ പർപ്പസ് വെഹിക്കിളിലൂടെ 3000 കോടി രൂപ സമാഹരിച്ച് ബിഒടി വ്യവസ്ഥയിലാണ് പണി പുരോഗമിക്കുന്നത്. 3.75 കിലോമീറ്ററാണ് റൺവേ. 20 വർഷം മുമ്പ് അംഗീകാരം കിട്ടിയിട്ടും 14 വർഷത്തോളം പണി പറ്റിച്ചതു സ്ഥലമെടുക്കുന്നതിലെ കാലതാമസം.
മോപ്പ വിമാനത്താവളത്തിന്റെ 5.5 കിലോമീറ്റർ ചുറ്റളവു പ്രദേശം സർക്കാർ വികസന മേഖലയായി പ്രഖ്യാപിച്ചു. വിമാനത്താവള നിർമാണത്തിൽ തദ്ദേശീയർക്കു ജോലി ലഭിക്കാൻ ഏതാനും ഐടിഐകൾ ഏവിയേഷൻ സ്കിൽ ഡവലപ്മെന്റ് കേന്ദ്രങ്ങളാക്കി.. ജിഎംആർ ഗ്രൂപ്പ്, ജിവികെ ഗ്രൂപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എസ്സൽ ഇൻഫ്ര തുടങ്ങിയ കമ്പനികൾ റോമിലെയും സൂറിച്ചിലെയും വിമാനത്താവള അധികൃതരുമായി ചേർന്ന് ഇവിടെ നിർമാണ കരാർ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യയിലെ പല ആധുനിക വിമാനത്താവളങ്ങളും നിർമിച്ച ജിഎംആർ കമ്പനിക്കാണ് നിയോഗം ലഭിച്ചത്.
200 വർഷം മുമ്പ് വാർഡ് മുൻപേ കണ്ട ഭൂമി
കേരളത്തിന്റെ ഭൂപ്രകൃതിയെപ്പറ്റി ബ്രിട്ടീഷ് സർവേയറായ ലഫ്. വാർഡ് നടത്തിയ ആദ്യ പഠനത്തിൽ തന്നെ ചെറുവള്ളി ഉൾപ്പെടുന്ന വിശാല സമതലം റബർകൃഷിക്ക് അനുയോജ്യമെന്നു കണ്ടെത്തിയിരുന്നു. ഏകദേശം 200 വർഷം മുമ്പ് 1818–20 കാലഘട്ടത്തിലായിരുന്നു ഇത്. വഞ്ഞിപ്പുഴ മഠവും ഹാരിസൺ കമ്പനിയും പിന്നീട് ആർപി ഗോയങ്ക ഗ്രൂപ്പും തുടർന്നു ബിലീവേഴ്സ് ചർച്ചിനും കൈമാറിയ തോട്ടഭൂമി വിമാനത്താവളത്തിന് അനുയോജ്യമെന്നു കണ്ടെത്തിയത് പി.എച്ച്. കുര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ്.
കോ–ഓർഡിനേറ്റ്സ് പറയും എങ്ങോട്ട് പോകണം
ആകാശത്ത് വഴി കാട്ടാൻ ബോർഡുകളൊന്നുമില്ല. അവിടെ ദിശാസൂചകം അക്ഷാംശ രേഖാംശങ്ങളാണ്.. കൊച്ചിക്ക് പോകുന്നു എന്നുപറയുന്നതിൽ ഉപരി കോ–ഓർഡിനേറ്റ്സ് എന്നറിയപ്പെടുന്ന രേഖീയ രീതിയിലാണ് സഞ്ചാരത്തിനായി വിമാനത്തിലെ ദിശാസൂചികൾ വൈമാനികർ ക്രമീകരിക്കുന്നത്. നിർദിഷ്ട വിമാനത്താവളത്തിന്റെ സ്ഥാനം: 9 ഡിഗ്രി 28’37” വടക്ക് അക്ഷാംശം. 76 ഡിഗ്രി 48’25’ ‘കിഴക്ക് രേഖാംശം.
പറന്നിറങ്ങാൻ താവളങ്ങൾ 134
ഇന്ത്യയിലെ ആകെ 134 വിമാനത്താവളങ്ങളാണുള്ളത്. ഇതിൽ 34 എണ്ണം രാജ്യാന്തര നിലവാരമുള്ളതാണ്. ചെറിയ എയർ സ്ട്രിപ്പുകളും സൈനിക താവളങ്ങളും അടക്കം ഏകദേശം 490 വ്യോമകേന്ദ്രങ്ങൾ. ഉഡാൻ യോജന (വിമാന പദ്ധതി) പ്രകാരം രാജ്യത്ത് മുപ്പതോളം പുതിയ വിമാനത്താവളങ്ങളാണ് നിർമാണത്തിനായി ശുപാർശ ചെയ്ത് അനുമതി കാത്തുകിടക്കുന്നത്. സോഹപുരം, നെല്ലൂർ, കുപ്പം (ആന്ധ്ര), ഇറ്റാനഗർ (അരുണാചൽ പ്രദേശ്), മോപ്പ (ഗോവ), ദൊലേര, രാജ്കോട്ട് (ഗുജറാത്ത്), മാണ്ഡി (ഹിമാചൽ), ദിയോഗർ, ജംഷഡ്പൂര് (ജാർഖണ്ഡ്), ബിജാപ്പൂർ, ഹാസൻ, കാർവാർ, ഷിമോഗ (കർണാടക), എരുമേലി (കേരളം), പുണെ–2, ചന്ദ്രപ്പൂർ (മഹാരാഷ്ട്ര), കൊഹിമ (നാഗാലാൻഡ്), കാരയ്ക്കൽ, മാഹി, യാനം, (കേന്ദ്രഭരണം), വാറങ്കൽ, രാമഗുണ്ടം, നിസാമബാദ്, കോതഗുഡം (തെലങ്കാന), അയോധ്യ,അലിഗഡ്, അന്ധഗഡ്, ബെറെയ്‌ലി (യുപി), ചുകുതിയ, ഗുചാർ (ഉത്തരാഖണ്ഡ്).
തിരുപ്പതി മാതൃക ശബരിമലയ്ക്കും
തിരുപ്പതിയിലെ റെനിഗുണ്ട വിമാനത്താവളത്തിൽ ബാലാജി ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികൾക്കായി കേന്ദ്ര സർക്കാർ 16,500 ചതുരശ്ര മീറ്റർ വിസ്തൃതമായ ലൗഞ്ചാണ് നിർമിക്കുന്നത്. ഒരേ സമയം 500 യാത്രക്കാർക്ക് വിശാലമായ സൗകര്യം ഒരുക്കുന്ന പുതിയ ടെർമിനൽ. ശബരിമലയ്ക്കായി ഈ സൗകര്യം ചെറുവള്ളിയിൽ ഉറപ്പാക്കാനാവും.