കരിക്കും, ഏത്തക്കയും മദ്യവും നേദിക്കുന്ന, വർഷത്തിൽ ഒരിക്കൽ മാത്രം പൂജ നടത്തുന്ന ചിറക്കടവ് ദുശ്ശാസനൻ കാവിലെ വിശേഷങ്ങൾ ..

September 4, 2020 

കരിക്കും, ഏത്തക്കയും മദ്യവും നേദിക്കുന്ന, വർഷത്തിൽ ഒരിക്കൽ മാത്രം പൂജ നടത്തുന്ന ചിറക്കടവ് ദുശ്ശാസനൻ കാവിലെ വിശേഷങ്ങൾ .. 

കരിക്കും, ഏത്തക്കയും മദ്യവും നേദിക്കുന്ന, വർഷത്തിൽ ഒരിക്കൽ മാത്രം പൂജ നടത്തുന്ന ചിറക്കടവ് ദുശ്ശാസനൻ കാവിലെ വിശേഷങ്ങൾ .. 

തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളില്‍ ചിറക്കടവ് മണിമലക്കുന്നിലെ ദുശ്ശാസനൻകാവിൽ ദുശ്ശാസന സ്വാമി പ്രതിഷ്ഠയ്ക്ക് മുമ്പില്‍ തിരിതെളിച്ച് വഴിപാട് നടത്തുന്നു. നാടിനെ രക്ഷിക്കുവാൻ ഭക്തർ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു മൂർത്തിയെ പ്രീതിപ്പെടുത്തുന്നു. 
കൃഷിഭൂമിയെ സംരക്ഷിക്കുന്ന കാവലാളായാണു മഹാഭാരത ഇതിഹാസത്തിലെ പ്രതിനായകനായ ദുശ്ശാസനനെ മണിമലക്കുന്നിൽ ആരാധിക്കുന്നത്. കൃഷിയുടെ അഭിവൃദ്ധിയും, പ്രകൃതിക്ഷോഭങ്ങളിൽനിന്നു നാടിനെ രക്ഷിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്നതും സമ്പൽസമൃദ്ധിയും രോഗമുക്തിയും നൽകുന്നതും ഈ മൂർത്തിയാണെന്നാണു പരമ്പരാഗത വിശ്വാസം..https://youtu.be/AST42Ot35cQ

ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ പ്രതിനായകനായ ദുര്യോധനന്റെ സഹോദരൻ ദുശ്ശാസനൻ ആണിവിടുത്തെ സങ്കൽപ്പ മൂർത്തി. അധർമ്മിയെങ്കിലും ധീരൻ, ക്ഷാത്രകുലീനതയും പൗരുഷവും തികഞ്ഞ, അത്യാപത്തിൽ പോലും സഹോദരനോടൊപ്പം ഉറച്ചു നിന്ന വീരൻ… ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്തതിലൂടെ നീചപരിവേഷം കൈവരുകയും ഭീമസേനന്റെ കൈകളാൽ ദാരുണാന്ത്യം സംഭവിക്കുകയും ചെയ്ത ഈ ഇതിഹാസവീരനായി കേരളത്തിൽ ഒരേയൊരു ദേവസ്ഥാനം. അതാണ് ചിറക്കടവ് മണിമലക്കുന്നിലെ ദുശ്ശാസനൻ കാവ്. 

മഹാഭാരതത്തിൽ ദുഷ്കഥാപാത്രമായി കുപ്രസിദ്ധനായ ദുശ്ശാസനൻ ഇവിടെ നന്മയുടെ മൂർത്തിയാണ്. കൃഷിയുടെ അഭിവൃദ്ധിക്കും വിളകളുടെ സമൃദ്ധിക്കുമായി വിശ്വാസികൾ ഇവിടെ വഴിപാടുകൾ നേരുന്നു. കാണാതെ പോയ മുതലുകൾ ഫലപ്രവചനത്തിലൂടെ തിരികെ ലഭിക്കുമെന്ന് വിശ്വാസം. കാര്യസിദ്ധിക്കായി ദൂരദേശങ്ങളിൽ നിന്നു പോലും പലരും അന്നേ ദിവസം പലരും എത്തിച്ചേരാറുമുണ്ട്.

500 വർഷം പഴക്കമുള്ള കാവിൽ തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളിൽ മാത്രമാണു പൂജാവിളക്കു തെളിക്കുന്നത്. ചിറക്കടവ് കിഴക്കേപേരൂര്‍ കുടുംബവക കാവിലാണ് അവിട്ടം തിരുനാള്‍ ഉത്സവം ആഘോഷിക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ചടങ്ങാണ് അവിട്ടം നാളിൽ കാവിൽ നടക്കുന്നത്. 

ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വാളും ചിലമ്പും ധരിച്ച് പരികർമി, പ്രതിഷ്ഠകളായ ഗണപതി, ഗന്ധർവൻ, യക്ഷി, രക്ഷസ്സ്, സർപ്പം, പിതൃക്കൾ എന്നിവയെ വണങ്ങി കിഴക്കേ പേരൂർ കൊട്ടാരത്തിന് പ്രദക്ഷിണം വച്ച് ദുശ്ശാസനൻ കാവിലേക്കു നടത്തുന്ന എഴുന്നള്ളത്തോടെയാണു ചടങ്ങുകൾ ആരംഭിക്കുന്നത്. തമോഗുണമൂർത്തി ആയതിനാൽ കപ്പയും പച്ച ഏത്തക്കാ ചുട്ടതും മദ്യവും നേദിക്കുന്നു. തുടർന്നു നടക്കുന്ന കരിക്കേറെന്ന വിശേഷ ചടങ്ങിൽ വനാന്തരത്തിലുള്ള ദുര്യോധനൻ മുതൽ ദുശ്ശള വരെയുള്ള കൗരവപരമ്പരയിലെ 101 പേരെയും അനുസ്മരിച്ചു കാർമികൻ വിളിച്ചുചൊല്ലി പ്രണാമം അർപ്പിക്കുന്നു.

ശബരിമല വനാന്തരത്തിലുള്‍പ്പെട്ട 101 മലകളിലായി കൗരവമൂര്‍ത്തികള്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇവിടെ മണിമലക്കുന്നില്‍ ദുശ്ശാസനനെ പൂജിക്കുമ്പോള്‍ മറ്റു മലകളില്‍ കുടികൊള്ളുന്ന നൂറ്റുവരെയും വിളിച്ചുചൊല്ലി പ്രാര്‍ത്ഥിക്കും.

കറുത്ത മുണ്ടുടുത്ത് ചുവന്ന പട്ടു മേൽമുണ്ടു ചുറ്റി അര മണിയും ചിലമ്പും വാളും ധരിച്ച വെളിച്ചപ്പാടാണ് പൂജ ചെയ്യുന്നത്. ഇളങ്ങുളത്ത് താമസിക്കുന്ന ശ്രീധരൻ എന്ന പരികർമ്മിയാണ് കഴിഞ്ഞ നാല്പതു വർഷങ്ങളായി മണിമലക്കുന്നിലെ ദുശ്ശാസനൻ കാവിൽ പൂജ നടത്തുന്നത്. കാവിനുള്ളിൽ വിളക്കുതെളിച്ച് കൗരവർ നൂറ്റവരുടെയും പേരു ചൊല്ലി വിളിച്ച് പൂജ കഴിച്ച ശേഷം കിഴക്കുഭാഗത്തുള്ള തറയിലെത്തി ഉറഞ്ഞു തുള്ളുന്നു. വെളിച്ചപ്പാടിനെ ദുശ്ശാസനൻ ആവേശിച്ചതായാണ് വിശ്വാസം. തുടർന്ന് കരിക്ക് എറിഞ്ഞുടച്ചു തുടങ്ങും. “ചുട്ടുതീറ്റിയും വെള്ളംകുടി”യുമാണ് പ്രധാന വഴിപാട്. കള്ളും ചുട്ടെടുത്ത കപ്പയുമാണ് ഇതിനായി സമർപ്പിക്കുന്നത്.

ദുശ്ശാസനൻ ആവേശിച്ചു കഴിഞ്ഞാൽ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളിയുള്ള പ്രവചനം ആരംഭിക്കും. കഴിഞ്ഞകാലത്തു സംഭവിച്ചതിന്റെയൊക്കെയും കാരണങ്ങളും ഭാവികാലത്തേയ്ക്കുള്ള മുന്നറിയിപ്പുകളും പരിഹാരങ്ങളുമൊക്കെ പ്രവചിക്കും. വ്യക്തികൾക്കും ഗ്രാമത്തിന് തന്നെയും സംരക്ഷണവും അഭിവൃദ്ധി ഉണ്ടാകാനായി അനുഗ്രഹമുണ്ടാകും. 

ദുശ്ശാസനന്റെ സ്വാധീനം വെളിച്ചപ്പാടിൽ നിന്ന് വേർപെട്ട് കുഴഞ്ഞുവീണാൽ ചടങ്ങുകൾ തീരുകയായി. തുടർന്ന് നിവേദിച്ചതൊക്കെയും പ്രസാദമായി വിതരണം ചെയ്യും. പുരോഹിതന് അവകാശമായുള്ള ധനധാന്യാദികൾ ദക്ഷിണയായി നൽകി ഉപചാരപൂർവ്വം ഗ്രാമവാസികൾ മടക്കിയയ്ക്കുന്നത് കിഴക്കേപേരൂര്‍ കാരണവരുടെ നേതൃത്വത്തിലാണ്. 

മഹാഭാരതത്തിൽ ദുഷ്കഥാപാത്രമായി കുപ്രസിദ്ധനായ ദുശ്ശാസനനെ നന്മയുടെ മൂർത്തിയായി ആരാധിക്കുന്നത് കേരളത്തിൽ ചിറക്കടവ് മണിമലക്കുന്നിലെ ദുശ്ശാസനൻകാവിൽ മാത്രമാണ് എന്നതാണ് ഈ കാവിന്റെ പ്രത്യേകത . കാര്യസിദ്ധിക്കായി ദൂരദേശങ്ങളിൽ നിന്നു പോലും പലരും അന്നേ ദിവസം എത്തിച്ചേരാറുമുണ്ട്.

error: Content is protected !!