അതിജീവനത്തിനായി കേഴുന്ന മഴമരത്തിന് ആയുർവേദ ചികിത്സയുമായി വൃക്ഷവൈദ്യനും, പ്രകൃതി സ്നേഹികളും…
September 14, 2020
അതിജീവനത്തിനായി കേഴുന്ന മഴമരത്തിന് ആയുർവേദ ചികിത്സയുമായി വൃക്ഷവൈദ്യനും, പ്രകൃതി സ്നേഹികളും…
റോഡുവികസനത്തിന്റെ പേരിൽ 65 വർഷം പഴക്കമുള്ള വൻ വൃക്ഷത്തെ മുറിച്ചുനീക്കുന്നതിന്റെ ഭാഗമായി മഴമരത്തിന്റെ ശിഖരങ്ങൾ പൂർണമായി മുറിച്ചുനീക്കപ്പെട്ടത്തോടെ, പ്രകൃതി സ്നേഹികൾ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയെടുത്തു. തുടർന്ന് ഗുരുതരമായി മുറിവേറ്റ മരത്തിന് ആയുർവേദ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമം ആരംഭിച്ചു.
തിടനാട് എന്ന ഗ്രാമത്തിന്റെ ഐക്കൺ ആയിരുന്നു തണൽ വിരിച്ചു നിന്നിരുന്ന ആ വലിയ മഴമരം. 65 വർഷങ്ങൾക്ക് മുൻപ്, നാട്ടുകാരനായ നങ്ങാപറമ്പിൽ കുട്ടിച്ചേട്ടനാണ് മഴമരം അവിടെ നട്ടുപിടിപ്പിച്ചത്. ദിവസവും മരത്തിന്റെ ചുവട്ടിൽ കുട്ടിച്ചേട്ടൻ അടുത്ത ചായക്കടകളിൽ നിന്നും പാലുവാങ്ങി ഒഴിച്ചുകൊടുത്ത് ഓമനിച്ചു വളർത്തിയ ആ മരം, പിന്നീട് നാടിന്റെ അഭിമാനമായി മാറുകയായിരുന്നു. കുട്ടിച്ചേട്ടൻ വർഷങ്ങൾക്ക് മുൻപ് ഓർമ്മയായെങ്കിലും, ആദ്ദേഹത്തിന്റെ ഓർമകൾ പേറികൊണ്ട് മഴമരം നാട്ടുകാർക്ക് തണലേകി, നിരവധി പക്ഷികൾക്കും, മറ്റു ജീവികൾക്കും അഭയസ്ഥാനമായി പരിലസിച്ചിരുന്നു.
മരത്തിന്റെ ചുവട്ടിൽ കോടാലി വയ്ക്കുവാൻ പല കാലങ്ങളിലും, പലരും, പലപ്രാവശ്യം ശ്രമിച്ചെങ്കിലും, നാട്ടുകാർ ഇടപെട്ട് മുടക്കുകയായിരുന്നു. എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന പരാതിയിൽ, രണ്ടാഴ്ച മുൻപ് ജില്ലാ ദുരന്തനിവാരണ അഥോറിട്ടിയുടെ ഉത്തരവ് പ്രകാരം മരത്തിന്റെ ശിഖരങ്ങൾ പൂർണമായും മുറിച്ചു മാറ്റുകയായിരുന്നു.
അതോടെ മാരകമായി മുറിവേറ്റ്, നിലനിൽപ്പ് ഭീഷണിയിലായ വന്മരത്തിന്റെ സംരക്ഷണത്തിന് വേണ്ടി നാട്ടുകാരായ, സിപിഐ എം ടൗൺ സെക്രട്ടറിയായ റ്റി. സുഭാഷ്, കർഷകവേദിയുടെ സെക്രട്ടറിയായ റ്റോമിച്ചൻ സ്കറിയാ ഐയ്ക്കര എന്നിവർ കാര്യത്തിന്റെ ഗൗരവം പ്രമുഖ വൃക്ഷ ചികിത്സകനും, ജില്ലാ ട്രീ കമ്മറ്റി അംഗവുമായ കെ. ബിനുവിനെ അറിയിക്കുകയും. അദ്ദഹം ഇടപെട്ടു കോടതിയിൽ നിന്നും തുടർപ്രവർത്തികൾ വിലക്കിക്കൊണ്ടുള്ള സ്റ്റേ ഓർഡർ വാങ്ങുകയും ചെയ്തു.
വൃക്ഷ വൈദ്യൻ കെ. ബിനു സ്ഥലത്തെത്തി മരം പരിശോധിച്ചപ്പോൾ, മരം വളരെ ദയനീയമായ അവസ്ഥയിലാണ് ഉള്ളതെന്നും, അടിയന്തിരമായി മരത്തിനു വിദഗ്ധ ചികിത്സ വേണമെന്നും കണ്ടെത്തി. പതിനയ്യായിരത്തോളം രൂപ ചെലവ് വരുന്ന ചികിത്സയ്ക്കായി, അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രകൃതി സ്നേഹികളോട് സഹായ അഭ്യർത്ഥന നടത്തി. നിരവധി പ്രകൃതി സ്നേഹികൾ ഉദാരമായി സംഭാവനകൾ നൽകിയതോടെ, ചികിത്സയ്ക്കു ആവശ്യമായ പണം സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തുവാൻ സാധിച്ചു. കേരളത്തിൽ ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെ വൃക്ഷ ചികിത്സ നടത്തുന്നത് ആദ്യമായാണെന്ന് കെ. ബിനു സാക്ഷ്യപ്പെടുത്തുന്നു.
തുടർന്ന് കെ ബിനുവിന്റെ മേൽനോട്ടത്തിൽ, കോട്ടയം നേച്ചർ സൊസൈറ്റി, മീനച്ചിൽ നദീസംരക്ഷണ സമിതി, തിടനാട്ടിലെ കർഷക പരിസ്ഥിതി കൂട്ടായ്മ, കർഷക വേദി എന്നിവയുടെ നേതൃത്വത്തിലായിരുന്നു മരത്തിനു ചികിത്സ ഒരുക്കിയത്. കെ ബിനുവിനോടൊപ്പം, സുനിൽ വാഴൂർ, ഗോപകുമാർ കങ്ങഴ, വിജയകുമാർ ഇത്തിത്താനം, രാജേഷ് കടമാൻചിറ, എബി ഇമ്മാനുവേൽ, എസ് രാമചന്ദ്രൻ, ടി സുഭാഷ്, ടോമിച്ചൻ ഐക്കര തുടങ്ങിയവർ ചികിത്സയിൽ പങ്കാളികളായി.
14 കൂട്ടം മരുന്നുകൾ ചേർത്തുണ്ടാക്കിയ മിശ്രിതമാണ് മരുന്നായി ഉപയോഗിച്ചത്. ചിതൽപ്പുറ്റ്, ചികിത്സ ചെയ്യുന്ന മരത്തിന്റെ ചുവട്ടിലെ മണ്ണ്, പാടത്തെ മണ്ണ്, നാടൻ പശുവിന്റെ പാൽ, നെയ്യ്, ചാണകം, കദളിപ്പഴം, ചെറുതേൻ, എള്ള്, ഇരട്ടിമധുരം, തൊണ്ടോടുകൂടിയ ഉഴുന്ന്, പൊടിച്ച രാമച്ചം, പുഴക്കലരി പൊടിച്ചത്, ചെറുപയർ പൊടിച്ചത് എന്നിവ നിശ്ചിത അനുപാതത്തിൽ കൂട്ടി മിശ്രിതമാക്കി മരത്തിൽ തേച്ചു പിടിപ്പിക്കുകയായിരുന്നു. .
ചികിത്സയുടെ ഭാഗമായി വൃക്ഷ വൈദ്യൻ ബിനുവും സംഘാംഗങ്ങളും ഞായറാഴ്ച രാവിലെ മരച്ചുവട്ടിലെത്തി മരം വൃത്തിയായി കഴുകി. തുടർന്ന് മരത്തിലെ വെള്ളം തുണി ഉപയോഗിച്ച് ഒപ്പിയെടുത്തു. ഇതിനു ശേഷം പുഴുക്കലരി പൊടിയും ചെറുതേനും കൂട്ടിയിളക്കിയ മിശ്രിതം ഒരാൾ പൊക്കത്തിൽ തേച്ചുപിടിപ്പിച്ചു. തുടർന്ന് മറ്റു മരുന്നുകൂട്ടുകൾ പുറമേ തേച്ചു. മരുന്നു തേച്ചതിനു ശേഷം കോറ തുണി ഉപയോഗിച്ച് പൊതിഞ്ഞ് ചണനൂൽ ഉപയോഗിച്ച് കെട്ടിമുറുക്കി സുരക്ഷിതമാക്കി. ആറു മാസത്തിനകം, മരം തളിർത്ത് പൂർവ സ്ഥിതിയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വൃക്ഷ വൈദ്യൻ കെ. ബിനു പറഞ്ഞു.
.
വൃക്ഷവൈദ്യൻ കെ. ബിനുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി 43 മരങ്ങൾക്ക് ഇപ്രകാരം ചികിത്സ നടത്തി പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. പൊത്തു വീണ് അപകടസ്ഥിതിയിലായ തൊടുപുഴ ധന്വന്തരി ആയുർവേദ ഫാർമസിയിലെ 125 വർഷം പഴക്കമുള്ള നെല്ലിമരം, ഇടിമിന്നലിൽ പരിക്കേറ്റ പൊൻകുന്നം പുതിയ കാവ് ക്ഷേത്രത്തിനു സമീപമുള്ള പ്ലാവ് എന്നിവ ബിനുവിന്റെ ചികിത്സയിലൂടെ പൂർവ സ്ഥിതിയിലായിട്ടുണ്ട്.
അതിജീവനത്തിനായി കേഴുന്ന മഴമരത്തിനു പിന്തുണയുമായി എത്തിയ പ്രകൃതി സ്നേഹികളുടെ കാരുണ്യത്താൽ മഴമരം തിടനാട് ഗ്രാമത്തിന്റെ അഭിമാന ചിഹ്നമായി, നാട്ടുകാർക്ക് തണലേകി, നിരവധി പക്ഷികൾക്കും, മറ്റു ജീവികൾക്കും അഭയസ്ഥാനമായി ഏറെനാൾ അവിടെ ഉണ്ടായിരിക്കും എന്നു തന്നെയാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.