125ല്‍ 116-ലും ജയം; എം.ജി.യിലെ കോളേജ് യൂണിയനുകള്‍ തൂത്തുവാരി എസ്.എഫ്.ഐ.
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ക്ക് വന്‍വിജയം. ആകെ തിരഞ്ഞെടുപ്പ് നടന്ന 125 കോളേജുകളില്‍ 116-ലും എസ്.എഫ്.ഐ. മേല്‍ക്കൈ നേടി. കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 39 കോളേജുകളില്‍ 38 ഇടത്തും എസ്.എഫ്.ഐ. വിജയിച്ചു.
ഇടുക്കി ജില്ലയില്‍ 27-ല്‍ 24 ഇടത്തും പത്തനംതിട്ട ജില്ലയില്‍ 18-ല്‍ 17 ഇടത്തും എറണാകുളം ജില്ലയില്‍ 41.ല്‍ 37 ഇടത്തും എസ്.എഫ്.ഐ. വിജയം നേടി. മുമ്പ് കെ.എസ്.യു.വിന് മുന്‍തൂക്കമുണ്ടായിരുന്ന ചില കോളേജുകളും എസ്.എഫ്.ഐ. പിടിച്ചെടുത്തു.
കോട്ടയത്ത് 39 കോളജുകളിലും എസ്.എഫ്.ഐ. ആധിപത്യം
കോട്ടയം ജില്ലയില്‍ കോളേജ് യൂണിയനുകളില്‍ സമഗ്രാധിപത്യവുമായി എസ്.എഫ്.ഐ. തിരഞ്ഞെടുപ്പ് നടന്ന 39 കോളേജുകളില്‍ 38 ഇടത്തും എസ്.എഫ്.ഐ. വിജയിച്ചു.
നാട്ടകം ഗവ. കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, സി.എം.എസ്. കോളേജ്, കുമരകം എസ്.എന്‍. കോളേജ്, മണര്‍കാട് സെന്റ് മേരീസ് കോളേജ്, എം.ഇ.എസ്. പുതുപ്പള്ളി, ഐ.എച്ച്.ആര്‍.ഡി.പുതുപ്പള്ളി, കെ.ജി.കോളേജ് പാമ്പാടി, എസ്.എന്‍. കോളേജ് ചാന്നാനിക്കാട്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ്, അമാന്‍ കോളേജ്, മീഡിയ വില്ലേജ്, പി.ആര്‍.ഡി.എസ്. കോളേജ്, വാഴൂര്‍ എസ്.വി.ആര്‍. എന്‍.എസ്.എസ്. കോളേജ്, പി.ജി.എം. കോളേജ് കങ്ങഴ, എം.ഇ.എസ്. എരുമേലി, കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആര്‍.ഡി., ഷെയര്‍ മൗണ്ട്, ശ്രീശബരീശ, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍, പുതുവേലി മാര്‍ കുര്യാക്കോസ് കോളേജ്, മാര്‍ അഗസ്ത്യനോസ് കോളേജ് രാമപുരം, ഏറ്റുമാനൂരപ്പന്‍ കോളേജ്, കെ.ഇ.കോളേജ്, സ്റ്റാസ് പുല്ലരിക്കുന്ന്, ഐ.സി.എച്ച്. പുല്ലരിക്കുന്ന്, സി.എസ്.ഐ. ലോ കോളേജ് കാണക്കാരി,
ഐ.എച്ച്.ആര്‍.ഡി. കോളേജ് ഞീഴൂര്‍, വിശ്വഭാരതി കോളേജ്, ദേവമാതാ കോളേജ്, കീഴൂര്‍ ഡി.ബി. കോളേജ്, തലയോലപ്പറമ്പ് ഡി.ബി. കോളേജ്, സെന്റ് സേവിയേഴ്‌സ് വൈക്കം, മഹാദേവ കോളേജ് വൈക്കം, ഹെന്റി ബേക്കര്‍ കോളേജ് മേലുകാവ്, സെന്റ് ജോര്‍ജ് കോളേജ് അരുവിത്തുറ, എം.ഇ.എസ്. ഈരാറ്റുപേട്ട എന്നീ കോളേജുകളിലാണ് എസ്.എഫ്.ഐ. വിജയിച്ചത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ കെ.എസ്.യു. വിജയിച്ചു.
ഇടുക്കിയില്‍24 ഇടത്ത് എസ്.എഫ്.ഐ.
തൊടുപുഴ: ജില്ലയിലെ 27 കോളേജ് കാമ്പസുകളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നു. 24 ഇടത്ത് വിജയിച്ചതായി എസ്.എഫ്.ഐ. അവകാശപ്പെട്ടു. മൂന്നിടത്താണ് കെ.എസ്.യു. യൂണിയന്‍ ഭരണം നേടിയത്.
കഴിഞ്ഞ വര്‍ഷം ഭരണം നഷ്ടപ്പെട്ട ന്യൂമാന്‍, കോ-ഓപ്പറേറ്റീവ് കോളേജ് ഉള്‍െപ്പടെ അഞ്ചോളം കോളേജുകളില്‍ യൂണിയന്‍ ഭരണം നേടാന്‍ ഇത്തവണ എസ്.എഫ്.ഐ.ക്ക് കഴിഞ്ഞു. അഞ്ചുനാട്ടിലെ അഞ്ചുകോളേജുകളില്‍ എല്ലാ സീറ്റും എസ്.എഫ്.ഐ. നേടി. ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായെന്ന് കെ.എസ്.യു. അവകാശപ്പെട്ടു.
വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; എസ്.ഐ.യ്ക്ക് പരിക്ക്
കട്ടപ്പന: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കട്ടപ്പന ഗവ.കോളേജിനും ലബ്ബക്കട ജെ.പി.എം.കോളേജിനും സമീപം കെ.എസ്.യു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ലബ്ബക്കടയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വിരട്ടിയോടിക്കുന്നതിനിടെ കട്ടപ്പന എസ്.ഐ. കെ.ദിലീപ്കുമാറിന് പരിക്കേറ്റു. വടികൊണ്ടുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നിരവധി വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു.
പത്തനംതിട്ടയില്‍ 18 ല്‍ 17 ഉം നേടിയെന്ന് എസ്.എഫ്.ഐ
പത്തനംതിട്ട: എം.ജി. സര്‍വകലാശാലയ്ക്ക് കീഴിലുള്ള ജില്ലയിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി എസ്.എഫ്.ഐ. 18 കോളേജുകളില്‍ 17 ഇടത്തും വിജയിച്ചതായാണ് അവകാശവാദം.
വിവിധ കോളേജുകളിലായി 30 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം. കോളേജ്, എസ്.എ.എസ്. കോളേജ് കോന്നി, എസ്.എന്‍.ഡി.പി. കോളേജ് കോന്നി, സെന്റ് തോമസ് കോളേജ് കോന്നി, മുസ്ലിയാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വി.എന്‍.എസ്. കോന്നി, ബി.എ.എം. തുരുത്തിക്കാട്, ഐ.എച്ച്.ആര്‍.ഡി. തണ്ണിത്തോട്, എസ്.എന്‍. കോളേജ് ചിറ്റാര്‍, സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, സെന്റ് തോമസ് കോളേജ് റാന്നി, സെന്റ് തോമസ് കോളേജ് ഇടമുറി, തിരുവല്ല മാര്‍ത്തോമ്മ കോളേജ്, ഡി.ബി.പമ്പ, സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളിലെ യൂണിയന്‍ സംഘടന നിലനിര്‍ത്തിയതായി പറയുന്നു.
ഇലന്തൂര്‍ ഗവ. കോളേജില്‍ വിജയിച്ചതായി കെ.എസ്.യു. അറിയിച്ചു.
എറണാകുളം ജില്ലയില്‍ 37 ഇടത്ത് എസ്.എഫ്.ഐ
കൊച്ചി: എം.ജി. സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും എസ്.എഫ്.ഐ.ക്ക് വിജയം. ജില്ലയില്‍ 41 കോളേജുകളില്‍ 37 എണ്ണത്തിലും എസ്.എഫ്.ഐ. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 16 കോളേജുകളില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ. കരസ്ഥമാക്കി.
കോവിഡ് കാലത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. 16 കോളേജുകളില്‍ എസ്.എഫ്.ഐ. എതിരില്ലാതെ വിജയിച്ചിരുന്നു. വാഴക്കുളം സെയ്ന്റ് ജോര്‍ജ്, തൃക്കാക്കര കെ.എം.എം. എന്നീ കോളേജ് യൂണിയന്‍ കെ.എസ്.യു.വില്‍നിന്ന് എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ എസ്.എഫ്.ഐ. വിജയത്തിനു പിന്നില്‍ പെണ്‍ കരുത്തായിരുന്നു.
ഏഴ് ജനറല്‍ സീറ്റിലും പെണ്‍കുട്ടികളെയാണ് എസ്.എഫ്.ഐ. മത്സരിപ്പിച്ചത്. മുഴുവന്‍ സീറ്റും പെണ്‍പട പിടിച്ചെടുത്തു. എതിര്‍ ചേരിയില്‍ കെ.എസ്.യു. മൂന്ന് സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ രണ്ട് ആണ്‍കുട്ടികളടക്കം പരാജയപ്പെട്ടു. ജില്ലയില്‍ പെണ്‍കുട്ടികള്‍ മുഴുവന്‍ സീറ്റിലും മത്സരിച്ചു ജയിച്ച ഏക കോളേജുമാണ്.
ലോ കോളേജില്‍ പ്രധാന സീറ്റുകള്‍ കെ.എസ്.യു. വിന്
എറണാകുളം ലോ കോളേജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍പേഴ്‌സണ്‍, മാഗസിന്‍ എഡിറ്റര്‍ ഉള്‍പ്പെടെ നാല് ജനറല്‍ സീറ്റുകളില്‍ കെ.എസ്.യു.വിന് വിജയം. മറ്റ് സീറ്റുകള്‍ എസ്.എഫ്.ഐ. യൂണിയന്‍ നിലനിര്‍ത്തി.