ബാങ്കുകൾ ജപ്തിനടപടി ഉപേക്ഷിക്കണം: പ്രളയ ദുരിതബാധിതരുടെ അതിജീവന കൂട്ടായ്മ
കൂട്ടിക്കൽ: ബാങ്കുകൾ ജപ്തി നടപടികൾ ഉപേക്ഷിക്കണമെന്നും പ്രളയബാധിതമെന്നു നിയമസഭ അംഗീകരിച്ച കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളിലെ ജനങ്ങളുടെ എല്ലാവിധ വായ്പകളും സർക്കാർ ഏറ്റെടുത്ത് ഉടൻ പ്രഖ്യാപനം നടത്തണമെന്നും പ്രളയ ദുരിതബാധിതരുടെ അതിജീവന കൂട്ടായ്മ ആവശ്യപ്പെട്ടു.
ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ച ഇളംകാട് പരുവക്കാട്ടുവീട്ടിൽ ദാമോദരൻ-വിജയമ്മ ദമ്പതികളുടെ വീട്ടിലെ ബോർഡ് ഉടൻ നീക്കം ചെയ്ത് ബാങ്കിലെ വായ്പാ രേഖകളിൽനിന്ന് അവരെ സ്വതന്ത്രമാക്കണം. ജനങ്ങൾക്കു വേണ്ടതു മൊറട്ടോറിയമല്ല. മൊറട്ടോറിയം കാലത്തും പലിശയും കൂട്ടുപലിശയും പിഴപ്പലിശയുമായി കടം പെരുകിക്കൊണ്ടിരിക്കും. ജനങ്ങൾക്ക് തിരിച്ചടവ് തുക വർധിക്കും, ബാങ്കുകൾക്കാകട്ടെ ലാഭം പെരുകും എന്നതാണ് ആത്യന്തികമായി സംഭവിക്കുക. പ്രളയം തകർത്ത കുടുംബങ്ങളുടെ പുനരധിവാസം ഇനിയും എങ്ങും എത്തിയിട്ടില്ല. ജനങ്ങളുടെ സഞ്ചാരമാർഗങ്ങളും വഴിമുട്ടിത്തന്നെ നിൽക്കുന്നു. അധികാരികളാരും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണു നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രദേശം സന്ദർശിക്കുവാൻ തയാറാവണമെന്നും പ്രളയ ദുരിതബാധിതരുടെ അതിജീവന കൂട്ടായ്മ ആവശ്യപ്പെട്ടു.