എരുമേലിലെ സുകൃതക്കാഴ്ച ..
ഇന്ത്യയിലെ ഹൈന്ദവ മുസ്ലിം മതസൗഹാർദത്തിന്റെ നേർക്കാഴ്ചയാണ് ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ ജുമാ മസ്ജിദ് അഥവാ വാവരു പള്ളിയിൽ ദർശിക്കുവാൻ സാധിക്കുന്നത് . ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ ഒരു അനിവാര്യതയെന്നോണം അയ്യപ്പന്‍റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ പള്ളിയിലെത്തി ദര്‍ശനം നടത്തിയതിനു ശേഷമേ മലചവിട്ടാറുള്ളൂ. ദുഷ്കരമായ കാനനയാത്രയിൽ, തന്റെ ഭക്തരെ, ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ സംരക്ഷിക്കുവാൻ അയ്യപ്പന്‍ വാവരെ ചുമതലപ്പെടുത്തിയിരുന്നയി വിശ്വസിക്കപ്പെടുന്നു.
പന്തളം രാജ്യം ആക്രമിക്കാൻ വരുകയും, ഭഗവാൻ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവര്‍ എന്നാണ് ഐതിഹ്യം. പല യുദ്ധങ്ങളിലും വാവർ അയ്യപ്പനെ സഹായിച്ചിരുന്നുവത്രേ. കാലങ്ങൾ പോകവേ വാവർ അയ്യപ്പൻറെ കടുത്ത ആരാധകനായിത്തീരുകയും വാവർ സ്വാമി എന്നറിയപ്പെടുകയും ചെയ്തു. വാവർ സ്വാമിയ്ക്കായി ഒരു പള്ളി എരുമേലിയിൽ പടുത്തുയർത്തുവാൻ അയ്യപ്പൻ പന്തളദേശത്തെ രാജാവിനോട് നിർദ്ദേശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.
പേട്ടകെട്ട് ദിവസം, പേട്ടതുള്ളലിന് മുന്നോടിയായി പെരിയോരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം അയ്യപ്പന്റെ സ്വർണതിടമ്പിനു മുന്നിൽ പേട്ടപണം സമർപ്പിച്ച് പ്രാർത്ഥിച്ച ശേഷം, കൊച്ചമ്പലത്തിൽ നിന്നിറങ്ങി വാവരുപള്ളിയിൽ കയറി വലംവച്ചു നമസ്കരിച്ച ശേഷം പേട്ടതുള്ളി വലിയമ്പലത്തിലേക്കു പോകുന്നു . തുടർന്നാണ് സംഘം ശബരിമലയിലേക്ക് പോകുന്നത് .
ശബരിമലയാ യാത്രയ്ക്ക് മുന്നോടിയായി, എരുമേലി വാവരുപള്ളിയിലെത്തി അമ്പലപ്പുഴ പെരിയോനും സംഘവും അനുഗ്രഹം വാങ്ങുന്ന കാഴ്ച, ഹൈന്ദവ മുസ്ലിം മതസൗഹാർദത്തിന്റെ നേർക്കാഴ്ചയാണ്. ഇന്ത്യയിൽ മതമൈത്രി ഊട്ടിയുറപ്പിക്കുന്ന ഇത്തരം ഒരു കാഴ്ച എരുമേലിയിൽ മാത്രം… എരുമേലിയുടെ പുണ്യമാണത്.. ഇന്ത്യയുടെ സുകൃതവും..