മകരവിളക്കുതൊഴാനും 5000 പേരെ അനുവദിക്കും

ശബരിമല: മകരവിളക്കുനാളിൽ സന്നിധാനത്തെത്തുന്ന 5000 തീർത്ഥാടകരെയും ജ്യോതി കാണാൻ അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു അറിയിച്ചു. സാധാരണ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌തെത്തുന്ന തീർത്ഥാടകരെ നിശ്ചിതസമയം കഴിഞ്ഞാൽ തിരിച്ചയയ്ക്കും. എന്നാൽ മകരവിളക്കുദിനത്തിൽ രാവിലെ എത്തുന്ന തീർത്ഥാടകർക്ക് ജ്യോതി തെളിയുംവരെ സന്നിധാനത്ത് തുടരാമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

എന്നാൽ പാഞ്ചാലിമേട്, പുൽമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ജ്യോതിദർശനം അനുവദിക്കില്ല. മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മകരസംക്രമപൂജ 14-ന് രാവിലെ 8.14-ന് നടക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകീട്ട് നടക്കും. 19-നാണ് മാളികപ്പുറത്തെ കുരുതി. 18 വരെ മാത്രമാണ് നെയ്യഭിഷേകമുണ്ടാവുക. 20-ന് നട അടയ്ക്കും.

ബോർഡിന് സാമ്പത്തികപ്രതിസന്ധി

തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടു വർഷത്തെ പ്രളയം, സ്ത്രീപ്രവേശനവിഷയം എന്നിവ കഴിഞ്ഞപ്പോഴാണ് കൂനിൻമേൽ കുരു പോലെ കോവിഡും വന്നത്. ഈ പ്രശ്‌നങ്ങൾ കാരണം ദേവസ്വത്തിനുണ്ടായ നഷ്ടം 500 കോടി രൂപയുടേതാണ്. സർക്കാർ സഹായിക്കുന്നതുകൊണ്ടാണ് കാര്യങ്ങൾ നടക്കുന്നത്. കഴിഞ്ഞ ആറു മാസം സർക്കാർ 70 കോടി രൂപ ദേവസ്വത്തിന് നൽകിയിട്ടുണ്ട്‌. ദേവസ്വത്തിന്റെ നിയന്ത്രണത്തിൽ ആയിരത്തിലധികം ക്ഷേത്രങ്ങളുണ്ട്‌. അയ്യായിരത്തോളം ജീവനക്കാരുണ്ട്. പെൻഷൻപറ്റിയവർ നാലായിരത്തോളവും.

ശമ്പളത്തിനും മറ്റുമായി മാസം 40 കോടി രൂപയും മറ്റിനങ്ങളിലായി പത്തു കോടിയും ചേർത്ത് ദേവസ്വത്തിന് മാസം 50 കോടി രൂപ വേണം. തലേവർഷത്തെ വരുമാനത്തിൽ മിച്ചംവരുന്നതുപയോഗിച്ചാണ് അടുത്തവർഷത്തെ ചെലവ് നടത്തുക. അതെല്ലാം ഇപ്പോൾ സാധ്യമല്ലാതായി. മണ്ഡല, മകരവിളക്കുത്സവത്തിന് നട തുറന്നിട്ട്‌ ഇതുവരെ ലഭിച്ചത് 14 കോടിയോളം രൂപയാണ്. കഴിഞ്ഞ വർഷമിത് 260 കോടിയായിരുന്നു. ഈ വർഷം ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്തെത്തി- പ്രസിഡന്റ് പറഞ്ഞു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

error: Content is protected !!