പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വർണാഭങ്ങളില്ലാതെ സമാപിച്ചു
എരുമേലി : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മിതമായ ആഘോഷങ്ങളോടെ പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം മഹോത്സവം സമാപിച്ചു.
ഞായറാഴ്ച വൈകിട്ട് ഏഴിനാണ് നൈനാർ മസ്ജിദിൽ നിന്നും ചന്ദനക്കുട ഘോഷയാത്ര പുറപ്പെട്ടത്. അതിന് മുമ്പ് ജമാഅത്ത് കമ്മറ്റി ഓഫിസിൽ വെച്ച് അമ്പലപ്പുഴ സംഘവുമായി സൗഹൃദ സമ്മേളനം നടന്നു. കോവിഡ് പ്രതിരോധ നിർദേശപ്രകാരം ഒരു ആനയുടെ അകമ്പടിയോടെ ജമാഅത്ത് ഭാരവാഹികൾ ഉൾപ്പെടെ 20 പേരാണ് ചന്ദനക്കുട ഘോഷയാത്രയിൽ അണിനിരന്നത്. പേട്ടക്കവല, കൊച്ചമ്പലം, വലിയമ്പലം എന്നിവിടങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം രാത്രി പത്ത് മണിയോടെ ആഘോഷം കൊടിയിറങ്ങി.
ജില്ലാ ഭരണകൂടം, പോലിസ്, റവന്യൂ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാരി സംഘടനകളുടെ ഭാരവാഹികൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ സ്വീകരിച്ചു. വലിയമ്പലത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ ഘോഷയാത്രയെ സ്വീകരിച്ചു. ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാന്റെ നേതൃത്വത്തിൽ ഭാരവാഹികളും കമ്മറ്റി അംഗങ്ങളുമായ നൈസാം, നാസർ പനച്ചി, നൗഷാദ് കുറുങ്കാട്ടിൽ, അബ്ദുൽ കരീം, സലീം കണ്ണങ്കര, നിസാർ പ്ലാമൂട്ടിൽ തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി. കോവിഡ് പ്രതിരോധ നിയമങ്ങൾ മുൻനിർത്തി ഘോഷയാത്രയിൽ കലാവിസ്മയ പരിപാടികൾ പൂർണമായി ഒഴിവാക്കിയിരുന്നു.