മദ്യലഹരിയിൽ ആക്രമാസക്തരായ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വാഴൂർ: മദ്യലഹരിയിൽ ബഹളം വെക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് ആറരയോടെ വാഴൂർ പഞ്ചായത്ത് 14-ാം വാർഡിൽ പാറാംതോട് ഭാഗത്തായിരുന്നു സംഭവം. ഉച്ചയോടെ പ്രദേശത്തെ ഒരു വീട്ടിലെത്തിയതായിരുന്നു ഇവർ.
വൈകീട്ടോടെ മദ്യപിച്ച് ബഹളം വെക്കുകയും സമീപത്ത് കട നടത്തുന്ന അമ്പഴത്തുംപടവിൽ സന്തോഷി (35) നെ ആക്രമിക്കുകയുമായിരുന്നു. ശേഷം സമീപത്തെ വീടുകളിൽ കയറിയും ആക്രമണം നടത്തി. ജയനിവാസിൽ ബിജുവിന്റെ വീട്ടിലെത്തിയ ഇവർ ബിജുവിനെ മർദ്ദിച്ചു. തടയാനെത്തിയ ഭാര്യ സിന്ധുവിനും പരിക്കേറ്റു.
ബിജുവിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും ഇവർ തല്ലിത്തകർത്തു. വഴി പ്ലാക്കൽ പി.കെ.പ്രകാശ്, ചെറുകാപ്പള്ളിൽ ഹരിക്കുട്ടൻ, വഴിപ്ലാക്കൽ പ്രകാശ് എന്നിവർക്കും പരിക്കേറ്റു. നാല് പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നാട്ടുകാർ ചേർന്ന് ഇവരെ പിടിച്ചു കെട്ടിയ ശേഷം പോലീസിൽ വിവരമറിയിക്കുക യായിരുന്നു.
