എരുമേലി ചന്ദനക്കുടം ഇന്ന്; പേട്ടതുള്ളൽ നാളെ
എരുമേലി: സാഹോദര്യത്തിന്റെ കാഴ്ചയൊരുക്കി എരുമേലി ചന്ദനക്കുടം ഉത്സവം ഞായറാഴ്ച നടക്കും. ഭക്തിസൗഹൃദങ്ങളുമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ തിങ്കളാഴ്ചയാണ്. മുമ്പുള്ളതുപോലെ ആൾക്കൂട്ടവും ആരവങ്ങളും ഇല്ലാതെ, കോവിഡ് മാനദണ്ഡപ്രകാരമാണ് ഇക്കുറി ചടങ്ങുകൾ.
എരുമേലി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചന്ദനക്കുടം ഉത്സവം. ഞായറാഴ്ച വൈകീട്ട് ഏഴിന് നൈനാർ മസ്ജിദ് അങ്കണത്തിൽനിന്നു ചന്ദനക്കുടം ഘോഷയാത്ര തുടങ്ങും. പേട്ട ധർമശാസ്താ ക്ഷേത്രത്തിലും എട്ടിന് മുമ്പായി ശ്രീധർമശാസ്താ ക്ഷേത്രത്തിലും ആചാരപരമായ സ്വീകരണം. രാത്രി പത്തിന് ജമാഅത്ത് അങ്കണത്തിൽ കൊടിയിറക്കി ആഘോഷം സമാപിക്കും.
ചന്ദനക്കുടം ഘോഷയാത്രയ്ക്ക് മുന്നോടിയായി നാലിന് ജമാഅത്ത് പ്രതിനിധികളും അമ്പലപ്പുഴ സംഘം പ്രതിനിധികളുമായി ജമാഅത്ത് ഓഡിറ്റോറിയത്തിൽ മതസൗഹൃദസദസ്സ് നടക്കും. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എച്ച്. ഷാജഹാൻ, സെക്രട്ടറി നൈസാം പി. അഷറഫ് തുടങ്ങിയവർ ചന്ദനക്കുടം ഉത്സവത്തിന് നേതൃത്വം നൽകും. 20 ആളുകൾ ചന്ദനക്കുടം ഘോഷയാത്രയിൽ പങ്കെടുക്കും.
തിങ്കളാഴ്ച പകൽ 12-ന് ഭഗവദ് സാന്നിധ്യമായി ആകാശത്ത് പരുന്തെത്തുമ്പോൾ പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ തുടങ്ങും. സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ പ്രതിനിധിയായി എൻ. ഗോപാലകൃഷ്ണപിള്ള നേതൃത്വം നൽകും. നൈനാർ മസ്ജിദിൽ ജമാഅത്ത് ഭാരവാഹികൾ അമ്പലപ്പുഴ സംഘത്തെ സ്വീകരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് യോഗം പെരിയോൻ എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുസ്വാമി പോയി എന്ന വിശ്വാസത്തിൽ മസ്ജിദിൽ കയറാതെ വണങ്ങിയ ശേഷമാണ് ആലങ്ങാട് സംഘം ധർമശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്.