KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇവിടെ അപകടങ്ങൾഒഴിയുന്നില്ല

കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി കുരിശുങ്കലിൽ മണിമല റോഡ് സംഗമിക്കുന്നയിടത്തെ അപകടങ്ങളൊഴിവാക്കാൻ നടപടിയൊരുങ്ങുന്നു. കഴിഞ്ഞദിവസം മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മണിമല റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നയിടത്ത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങൾക്കേെറയും കാരണം. 

അപകടം ഒഴിവാക്കാൻ മേഖലയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ അറിയിച്ചു. 

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഡി.മഹേഷിന്റെ നിർദേശാനുസരണം എം.വി.ഐ. ഷാനവാസ് പി.അഹമ്മദ്, അസിസ്റ്റന്റ്‌ എം.വി.ഐ.മാരായ ഹരികൃഷ്ണൻ, ഒ.ഐ.അൻഷാദ്, ഉദ്യോഗസ്ഥനായ റെജി എ. സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് ആർ.ടി.ഒ.യ്ക്ക് സമർപ്പിച്ചു.

അപകടം പതിവ്

കഴിഞ്ഞ വെള്ളിയാഴ്ച മണിമല റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിയ വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി നിയന്ത്രണംവിട്ട് അപകടമുണ്ടായിരുന്നു. ഒരു മാസം മുൻപ് മണിമല റോഡിൽനിന്നെത്തിയ കാർ നിയന്ത്രണംവിട്ട് സുരക്ഷാവേലിയിൽ ഇടിച്ചാണ് നിന്നത്. മണിമല റോഡിൽ പത്ത് അടിയോളം താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെടുകയായിരുന്നു യാത്രക്കാർ. ഞായറാഴ്ച വൈകീട്ട് ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടമുണ്ടായി. അപകടം നിത്യസംഭവമായ ഇവിടെ യാതൊരു സുരക്ഷാ മുൻകരുതലും ഒരുക്കിയിട്ടില്ല. കുരിശുങ്കലിൽ വളവിൽ പഴയ ടാർവീപ്പ ഉപയോഗിച്ചാണ് ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നത്. വീപ്പ വെച്ചിരിക്കുന്ന കല്ലിൽ കയറി വാഹനങ്ങൾ മറിയാൻ തുടങ്ങുന്നതും നിത്യസംഭവമാണ്. രാത്രിയിൽ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി പഞ്ചായത്ത് വളവിലും സുരക്ഷാ മുൻകരുതൽ ബോർഡുകളില്ല.

നിർദേശങ്ങൾ 

• മണിമല റോഡിൽനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് മുകളിൽനിന്ന്‌ വരുന്ന വാഹനങ്ങൾ കാണുന്നതിന് കോൺവെക്‌സ് ലെൻസുകൾ സ്ഥാപിക്കും.

• ട്രിപ്പിൾ ഹമ്പ്, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കും.

• മണിമല റോഡിൽ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിമാറ്റാൻ പഞ്ചായത്തിന് കത്ത്‌ നൽകും.

• അമിതവേഗക്കാരെ പിടികൂടാൻ ക്യാമറ സ്ഥാപിക്കും. 

error: Content is protected !!