ജനലിലൂടെ മാലപൊട്ടിച്ചു
ചെറുവള്ളി: തുറന്നുകിടന്ന ജനൽപാളിയിലൂടെ കൈയിട്ട് കള്ളൻ കട്ടിലിൽക്കിടന്ന കുട്ടിയുടെ സ്വർണമാല പൊട്ടിച്ചെടുത്തു. ചെറുവള്ളി പുറയ്ക്കാട്ട് അനീഷിന്റെ ഒരുവയസ്സുള്ള ആൺകുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കട്ടിലിനുസമീപം കിടന്ന ബാഗ് തുറന്ന് പരിശോധിച്ചിരുന്നു. ഇതിനുള്ളിൽനിന്ന് തിരിച്ചറിയൽ രേഖയുൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു. സമീപം നടുവിലേത്തറയിൽ ജോർജിന്റെ വീട്ടിൽ മോഷണശ്രമവും നടന്നു. ഇവിടെ ജനലഴിയിൽ പിടിച്ച് മോഷ്ടാവ് മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ വീട്ടുകാർ ബഹളംവെച്ചതിനാൽ ഓടി രക്ഷപെട്ടു. രണ്ടുവീട്ടുകാരും മണിമല പോലീസിൽ പരാതി നൽകി.
ജനൽ തുറന്നിടരുത്, മോഷ്ടാക്കൾക്ക് സൗകര്യമാവും
രാത്രി ജനൽ തുറന്നിട്ട് ഉറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ജനലിനുള്ളിലൂടെ മാല പൊട്ടിച്ചെടുക്കാൻ സാധ്യതയേറെ. ജനലഴി അറുത്തുമാറ്റി കള്ളന്മാർക്ക് വീടിനുള്ളിൽ കയറാനും സൗകര്യം ലഭിക്കും. തുറന്നുകിടന്ന ജനലിലൂടെ കൈയിട്ട് മാല പൊട്ടിക്കാൻശ്രമം മുൻപും ചിറക്കടവ് മേഖലയിൽ നടന്നിട്ടുണ്ട്. മുറിക്കുള്ളിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിലെ പണം കവർന്ന സംഭവവുമുണ്ടായി. ജനലഴിക്കിടയിലൂടെ കമ്പ് കടത്തി ഷർട്ട് പുറത്തേക്കെടുത്താണ് പോക്കറ്റിൽനിന്ന് പണം കവർന്നിട്ടുള്ളത്.
ചെറുവള്ളിയിൽ രാത്രി വൈദ്യുതി മുടക്കം പതിവ്
പ്രദേശത്ത് രാത്രിയിൽ വൈദ്യുതി വിതരണം മുടങ്ങുന്നത് പതിവാണ്. മഴപെയ്താൽ രാത്രി വൈദ്യുതിയുണ്ടാവില്ല. ദിവസങ്ങളായി ഇതാണ് സ്ഥിതിയെന്ന് പ്രദേശവാസികൾ പറയുന്നു.
