മുണ്ടക്കയത്തെ പോലീസ് കാന്റീനിന് പൂട്ടുവീണിട്ട് ഒരുമാസം പിന്നിടുന്നു :
മുണ്ടക്കയം: ജനമൈത്രി പോലീസ് സ്റ്റേഷന്റെ കീഴില്‍ പോലീസുകാര്‍ നടത്തി വന്ന കാന്റീന് പൂട്ടിയിട്ട് ഒന്നരമാസത്തിലധികമാവുന്നു. ജീവനക്കാരുടെ കുറവും സാമ്പത്തിക ബാധ്യതയുമാണ് ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ കാന്റീന് അടച്ചുപൂട്ടാന്‍ കാരണമായതെന്നു പറയുന്നു. മുമ്പ് സിഐയായിരുന്ന ഷിബുകുമാറിന്റെ ശ്രമ ഫലമാണ് കാന്റീന് ആരംഭിക്കാനിടയായത്. രണ്ടുമാസം മുമ്പ് കൈക്കൂലികേസില്‍ സിഐ പിടിയിലായതോടെയാണ് കാന്റീനിന്റെ പ്രവര്‍ത്തനം താളം തെറ്റാനിടയായത്.
പോലീസുകാര്‍ പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ വിഹിതമായി നല്‍കിയായിരുന്നു കാന്റീന് എന്ന ആശയം യാഥാർഥമാക്കിയത്. ഇതിനായി മൂന്നോളം പോലീസുകാര്‍ക്കു പ്രത്യേക നടത്തിപ്പ് ചുമതലയുമുണ്ടായിരുന്നു. സിഐയുടെ നേതൃത്വത്തിലായിരുന്നു കാന്റീന്റെ പ്രവര്‍ത്തനം. ചുരുങ്ങിയ കാലം കൊണ്ടു ജന സമ്മിതി ഉണ്ടാക്കിയ കാന്റീന് സിഐയുടെ അറസ്റ്റോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നു കടം വാങ്ങിയാണ് പ്രവര്‍ത്തനം മുന്നോട്ടു നീക്കിയിരുന്നത്. എന്നാല്‍, സിഐയുടെഅഭാവത്തില് ഈ ബാധ്യതകള്പോലും പോലീസുകാരെ ബുദ്ധിമുട്ടിലാക്കി. പലചരക്ക്, പച്ചക്കറി, പാചകവാതകം അടക്കം വിവിധ വ്യാപാര സ്ഥാപനങ്ങളിലാണ് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതെന്നുപറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ചു വ്യക്തതത മുന്‍ സിഐക്കുമാത്രമെ അറിയുവെന്നും പോലീസുകാര്‍ പറയുന്നു. പുതിയതായി ചുമതലയേറ്റ സിഐക്ക് കാന്റീന് നടത്തികൊണ്ടുപോകാന്‍ താത്പര്യവുമില്ലത്രെ.
സംസ്ഥാനത്തിനു തന്നെ മാതൃകയായിരുന്ന കാന്റീന് പ്രവര്‍ത്തനം നിലച്ചതോടെ പോലീസുകാരിലും വ്യത്യസ്ഥ അഭിപ്രായമാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെ അടുത്ത തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്നും സൂചനയുണ്ട്.