ഹിന്ദു രാഷ്ട്ര പരാമര്‍ശം; പിസി ജോര്‍ജിനെതിനെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണെന്ന് പ്രസ്താവന നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെകിരെ നടപടിയെടുക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി. ഇല്ലാത്ത ലവ് ജിഹാദ്, ഇസ്ലാമിക മതരാഷ്ട്ര ആരോപണങ്ങള്‍ ഒരു സമുദായത്തിന് നേരെ ഉന്നയിച്ച് ഭൂരിപക്ഷ പിന്തുണ നേടാനുള്ള ഹീനശ്രമമാണ് പിസി ജോര്‍ജ് നടത്തുന്നതെന്ന് ജമാഅത്ത് കൗണ്‍സില്‍ ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തതുകൊണ്ടാണ് പിസി ജോര്‍ജ് ഹിന്ദുരാഷ്ട്ര വാദം ഉയര്‍ത്തുന്നത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ജമാഅത്ത് ജില്ലാ കൗണ്‍സില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തൊടുപുഴയില്‍ എച്ച്.ആര്‍.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പിസി ജോര്‍ജ് പറഞ്ഞത്: ”സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതാര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തില്‍ കൂടുതലുമാണ്.’സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.