സ്കൂൾ തുറക്കൽ ആശങ്ക: വിപണിയിൽ അനിശ്ചിതത്വം
: കോവിഡ് വ്യാപനം രണ്ടാംഘട്ടത്തിലെത്തുന്പോൾ രണ്ടു വർഷമായി വിൽപന മാന്ദ്യത്തിന്റെ പിടിയിലാണ് സ്കൂൾ വിപണി. കഴിഞ്ഞ വർഷം ജനുവരിയിൽ സ്റ്റോക്കെടുത്ത ബാഗ്, ബുക്ക്, കുട, പേപ്പർ തുടങ്ങിയ സാമഗ്രികൾ ഒരു വർഷം പിന്നിടുന്പോഴും കടകളിൽ വിൽക്കാനായിട്ടില്ല.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂണ്‍ വരെ ലോക്ക്ഡൗണ്‍ വന്നതോടെ അടഞ്ഞുകിടന്ന കടകളിൽ ഏറെ സാധനങ്ങളുടെ സ്റ്റോക്ക് വിൽക്കാനാവാത്തവിധം കേടുപാട് സംഭവിച്ചു നഷ്ടമുണ്ടായി.
വലിയ തുക കടമെടുത്താണ് വ്യാപാരസ്ഥാപനങ്ങൾ സ്കൂൾ തുറക്കൽ പ്രമാണിച്ച് കന്പനികളിൽനിന്ന് സ്റ്റോക്കെടുക്കുന്നത്. ഷൂ, കുട, ബാഗ് തുടങ്ങിയ സാമഗ്രികൾ അതാത് വർഷം വിറ്റുപോയില്ലെങ്കിൽ ഈടും നിറവും നഷ്ടപ്പെടും. പൊടിപിടിക്കാതെയും എലി ഉൾപ്പെടെ ക്ഷുദ്രജീവികളുടെ ശല്യമില്ലാതെയും ഗോഡൗണുകളിൽ സൂക്ഷിച്ചുവയ്ക്കുകയെന്നതും ദുഷ്കരമാണ്. ബാഗ് തുടങ്ങിയ സാധനങ്ങളുടെ ഫാഷൻ മാറിവരുന്നതും വിൽപനയെ ബാധിക്കും.
കൊല്ലം, കുന്നംകുളം, ആലപ്പുഴ കേന്ദ്രങ്ങളിൽനിന്നാണ് നോട്ട് ബുക്കുകളും കുടകളും പ്രധാനമായി എത്തുന്നത്. ഇതിനു പുറമെ ഡൽഹി, മുംബൈ, ശിവകാശി, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന വിവിധ സാധനങ്ങളുമുണ്ട്. ബാഗുകൾ ഉൾപ്പെടെ കുടിൽവ്യവസായമായി ഉപജീവനം തേടുന്നവർക്കും ജീവിതമാർഗം നഷ്ടപ്പെടും. വിറ്റുപോകാത്ത സാധനങ്ങൾ ഏറെയും കന്പനികൾ തിരിച്ചെടുക്കാതെ വരുന്നതോടെ ഏജൻസികൾക്കും വ്യാപാരികൾക്കും വലിയ സാന്പത്തിക നഷ്ടമാണുണ്ടാകുക.
സ്കൂളുകളും വസ്ത്രാലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന യൂണിഫോം വിതരണം കഴിഞ്ഞ വർഷം മുടങ്ങി. നിരവധി സ്കൂളുകൾക്ക് വലിയ നഷ്ടമാണ് ഇത്തരത്തിലുണ്ടായത്. അടുത്ത അധ്യയനവർഷവും സ്കൂളുകൾ അടഞ്ഞുകിടക്കുമെന്ന ആശങ്ക വന്നതോടെ സ്കൂൾ-കോളജ് വിപണിയിൽ വീണ്ടും വിൽപനമാന്ദ്യം തുടങ്ങി.