വൈദ്യുതിമുടക്കത്തിൽ വലഞ്ഞ് ചിറക്കടവ്
ചിറക്കടവ്: പ്രദേശത്ത് പകൽ മുഴുവൻ വൈദ്യുതി മുടക്കം. രാത്രിയിലും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചില്ല. ചിറക്കടവ് അമ്പലം, എസ്.ആർ.വി., ചേന്നംപള്ളിപ്പടി, മുരുത്തുമല പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾ തിങ്കളാഴ്ച ദുരിതമനുഭവിച്ചു. സാധാരണ മുൻകൂട്ടി അറിയിച്ചാണ് അറ്റകുറ്റപ്പണിക്കായി വിതരണം നിർത്തിവെയ്ക്കുന്നത്. തിങ്കളാഴ്ച അതുണ്ടായില്ല.
കെ.എസ്.ഇ.ബി. ഓഫീസിൽ വിളിച്ചുചോദിച്ചവരോട് അറ്റകുറ്റപ്പണിയെന്ന് വിശദീകരിച്ചെങ്കിലും വൈകുന്നേരമായിട്ടും പുനഃസ്ഥാപിച്ചില്ല. വൈകീട്ട് വിളിച്ചവരോട് മെയിൻലൈൻ തകരാറെന്ന മറുപടിയാണ് നൽകിയത്. വീടുകളിൽ ജലസംഭരണി നിറയ്ക്കനാവാതെ ജനം വലഞ്ഞു. ദിവസങ്ങളായി ഇതാണ് സ്ഥിതിയെന്നാണ് പ്രദേശവാസികളുടെ പരാതി. പകൽ മുഴുവൻ വൈദ്യുതിയുണ്ടാവില്ല. പിന്നീട് വൈകീട്ട് കുറഞ്ഞൊരു സമയം മാത്രമുണ്ടാകും. മഴ തുടങ്ങിയാൽ വീണ്ടും വൈദ്യുതി നിലയ്ക്കും. പിന്നീട് അടുത്തദിവസമാണ് എത്തുന്നത്.
