അഴിയാക്കുരുക്കായി ഇവിടം
കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി പട്ടണം ഗതാഗതക്കുരുക്കിൽ കുടുങ്ങിയത് മണിക്കൂറുകൾ. വിഷു, റമസാൻ നോമ്പ് ആരംഭം എന്നിവയ്ക്ക് മുന്നോടിയായിട്ടാണ് പട്ടണം കുരുക്കിലായത്. തിങ്കളാഴ്ച രാവിലെ മുതൽ ദേശീയപാത 183-ൽ പഞ്ചായത്തുപടിമുതൽ പൂതക്കുഴിവരെയും ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവരെയും ഗതാഗതക്കുരുക്ക് നീണ്ടു. ഉച്ചസമയത്ത് തിരക്ക് കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും പട്ടണം കുരുക്കിലായി. രാത്രിയിലും തിരക്ക് തുടർന്നു.
പട്ടണത്തിലൂടെ 500 മീറ്റർ ദൂരം കടക്കാൻ 15 മിനിറ്റുവരെ വേണ്ടിവന്നു. പേട്ടക്കവലയിലും ബസ് സ്റ്റാൻഡ് പരിസരത്തും ഹോം ഗാർഡുകൾ വാഹനനിയന്ത്രണത്തിന് ഉണ്ടായിരുന്നെങ്കിലും കുരുക്ക് നിയന്ത്രിക്കാനായില്ല. ബസ് സ്റ്റാൻഡിന് മുൻവശത്താണ് കുരുക്ക് ഏറെയുണ്ടായത്. ബസ് കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തത് വാഹനങ്ങൾ കുരുക്കിലാക്കി.
അനധികൃത വഴിയോര പാർക്കിങ്ങും കാരണമാണ്. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അനധികൃത പാർക്കിങ് ഒഴിവാക്കാനും പട്ടണത്തിൽ പ്രവേശിക്കാതെ ചെറുവാഹനങ്ങൾ കടന്നുപോകാനും നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.