KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോറിയുടെ പിന്നിൽ നിന്നു ദ്രാവകം ഇരുവശങ്ങളിലേക്കും, എന്താ സംഭവം ..?; ചെറുചിരിയോടെ നജീബിന്റെ മറുപടി…

കാഞ്ഞിരപ്പള്ളി ∙ റോഡിലൂടെ മെല്ലെ നീങ്ങുന്ന   മിനി ലോറിയുടെ പിന്നിൽ നിന്നു ദ്രാവകം ഇരുവശങ്ങളിലേക്കും ചീറ്റുന്നു.  ലോറിയിൽ ചൂരൽ ക്കസേരയിൽ വട്ടത്തൊപ്പിയും ധരിച്ച് ഇരിക്കുന്ന ആളാണ്  സ്പ്രേ ചെയ്യുന്നത്. എന്താ സംഭവം ..? ചോദ്യം ചോദിച്ച ആളോട് ചെറുചിരിയോടെ തൊപ്പിക്കാരൻ മറുപടി നൽകി: ‘കൊറോണയെ ഓടിക്കാം, നാടിനെ രക്ഷിക്കാം, ഇത് അണുനശീകരണമാണ്’ കോവിഡിനെതിരെ നജീബിന്റെ ഒറ്റയാൾ പോരാട്ടമാണിത്.

കോവിൽക്കടവിലെ വീട്ടിൽ നിന്നു മിനി ലോറിയിൽ അണുനശീകരണത്തിനായി രാവിലെ ഇറങ്ങിയതാണ് അമ്പഴത്തിനാൽ എ.എം നജീബ് (53). താമസം കാഞ്ഞിരപ്പള്ളിയിൽ ആണെങ്കിലും ചാലക്കുടിയിൽ നിന്നെത്തിയതാണ്. ചാലക്കുടി നജീബ് എന്ന് പറഞ്ഞാലേ അറിയൂ. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് അണുവിമുക്തമാക്കുകയാണ് ദൗത്യം. ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ, വാഹനങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇന്നലെ അണുനശീകരണം നടത്തി.  

അയ്യായിരത്തോളം രൂപ ചെലവ് വരും ഒരു ദിവസം. പണം സ്വന്തം പോക്കറ്റിൽ നിന്നു തന്നെ. മീൻ മൊത്തവ്യാപാരിയാണ് നജീബ്. കോവിഡിന്റെ ആദ്യ വരവിലും അണുനശീകരണവുമായി നജീബ് രംഗത്തെത്തിയിരുന്നു.  ഭാര്യ ബീനയും, മക്കളായ മുഹമ്മദ് നാസിക്, മുഹമ്മദ് ബിലാലും എല്ലാ സഹായങ്ങളും നൽകി പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്.

error: Content is protected !!