മഹാരാഷ്ട്രാ വകഭേദം കോട്ടയത്ത് കൂടുതൽ; പിടിച്ചാൽ കിട്ടാതെ കോവിഡ് നിരക്ക്
April 28, 2021 08:36 AM IST
കോട്ടയം ∙ ജില്ലയിൽ പരിശോധിക്കുന്ന ഓരോ 100 പേരിലും 30 പേർ കോവിഡ് ബാധിതരെന്നു തെളിയുന്നു. ആദ്യമായാണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 കടക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിനു തൊട്ടടുത്തു നിൽക്കുന്നു. കോട്ടയം നഗരസഭയിൽ മാത്രം പ്രതിദിന കോവിഡ് കേസുകൾ 400 കടന്നു. ഇന്നലെ 2970 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ എറ്റവും ഉയർന്ന നിരക്കാണിത്. 30.81 ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 9638 പരിശോധനാഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. 16993 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,12,073 പേർ കോവിഡ് ബാധിതരായി. കോട്ടയം നഗരസഭ- 426, ആർപ്പൂക്കര – 139, മറവന്തുരുത്ത്- 108 എന്നിവയാണ് ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച തദ്ദേശ സ്ഥാപനങ്ങൾ.
മഹാരാഷ്ട്രാ വകഭേദം കോട്ടയത്ത് കൂടുതൽ
ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ മഹാരാഷ്ട്രാ വകഭേദം കോട്ടയത്ത് കൂടുതൽ കണ്ടെത്തിയതായി റിപ്പോർട്ട്. യുകെ, ദക്ഷിണാഫ്രിക്ക വകഭേദങ്ങളേക്കാൾ ഇന്ത്യൻ വകഭേദമാണ് കോട്ടയത്ത് കൂടുതൽ കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനം വർധിക്കുന്നതിന് കാരണം ഈ വകഭേദത്തിന്റെ സാന്നിധ്യമെന്നു കരുതുന്നു.
പരിശോധനകൾ പ്രതിസന്ധിയിലേക്ക്
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന കാണിക്കുന്ന സ്ഥലങ്ങളിൽ കോവിഡ് പരിശോധന പ്രതിസന്ധിയിലേക്ക്. പരിശോധനാക്കിറ്റുകളുടെ അഭാവമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കോവിഡ് കേസുകൾ വർധിച്ച പാമ്പാടി, കൂരോപ്പട പഞ്ചായത്തുകളിൽ പരിശോധന നിലച്ചു. സ്വകാര്യ ലാബുകളിൽ പരിശോധിക്കാനാണ് ഇവിടെ നിർദേശിച്ചിരിക്കുന്നത്.
പൂർണമായും അടച്ച പഞ്ചായത്തിൽ നിന്നു പുറത്തു പോകാൻ ഏറെ ബുദ്ധിമുട്ടായതിനാൽ ഇത്തരത്തിൽ പരിശോധന നടത്താൻ ജനത്തിനു സാധിക്കുന്നില്ല. കോട്ടയം ജനറൽ ആശുപത്രിയിലും കോവിഡ് പരിശോധന കുറഞ്ഞതായി പരാതിയുണ്ട്. സെക്യൂരിറ്റി ഗേറ്റിനു സമീപമുള്ള പെട്ടിയിൽ ഓരോ ദിവസവും നിക്ഷേപിക്കുന്ന 50 കൂപ്പണുകൾ ലഭിക്കുന്ന ആളുകളുടെ പരിശോധന മാത്രമാണ് ഇവിടെ നടത്തുന്നത്. രാവിലെ ആറിനെങ്കിലും എത്തി കൂപ്പണുകൾ എടുക്കുന്നവർക്കു മാത്രമാണു പരിശോധന നടത്താനാകുന്നത്.
പാലാ ജനറൽ ആശുപത്രിയിലും കോവിഡ് പരിശോധന പ്രതിസന്ധിയിലാണ്. പരിശോധനാക്കിറ്റുകളുടെ ലഭ്യതക്കുറവാണ് പ്രതിസസന്ധിക്കു കാരണം. വോട്ടെണ്ണൽ ദിനത്തിനായി പ്രത്യേക ആർടിപിസിആർ പരിശോധന അടുത്ത ദിവസങ്ങളിൽ ആരംഭിക്കാനാണ് സർക്കാർ നിർദേശം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റും രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കുകയോ ആർടിപിസിആർ ടെസ്റ്റ് നടത്തുകയോ വേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
മഹാരാഷ്ട്രാ വകഭേദം ജില്ലയിൽ അധികം കാണുന്നതായി റിപ്പോർട്ടുകൾ കാണുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ പ്രതിരോധ മാർഗങ്ങൾ ജില്ല സ്വീകരിച്ചിട്ടുണ്ട്. രണ്ടു തരത്തിൽ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ജില്ലയിൽ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പൊതു നിയന്ത്രണങ്ങൾ എല്ലാ സ്ഥലത്തും ടിപിആർ കൂടുതലുള്ള സ്ഥലത്ത് അധിക നിയന്ത്രണങ്ങളും. എല്ലാവരും ഇവ പാലിക്കണം. എം.അഞ്ജന, കലക്ടർ, കോട്ടയം